
പെരിന്തൽമണ്ണ: സാമ്പത്തിക തർക്കത്തെ തുടർന്ന് സഹോദരീഭർത്താവിന്റെ കുത്തേറ്റ് യുവാവ് മരിച്ചു. മക്കരപ്പറമ്പ് തൊടുവത്ത് കുഞ്ഞീൻകുട്ടിയുടെ മകൻ ജാഫർ (36) ആണ് മരിച്ചത്. സംഘർഷത്തിനിടെ പരിക്കേറ്റ പ്രതി വെസ്റ്റ് കോഡൂർ തോരപ്പ വീട്ടിൽ അബ്ദുൾ റൗഫ്(41) ഗുരുതരമായ പരിക്കുകളോടെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
മക്കരപ്പറമ്പ് ആറങ്ങോട്ട് പാലത്തിൽ വച്ച് ഇന്നലെ രാവിലെ ആറോടെയാണ് സംഭവം. മലപ്പുറം ഭാഗത്തേക്ക് പോവുകയായിരുന്ന ജാഫറിനെ ഇന്നോവ കാറിലെത്തിയ അബ്ദുൾ റൗഫ് തടഞ്ഞുനിറുത്തി. തുടർന്നുണ്ടായ വാക്കേറ്റത്തിനിടെ പ്രതി കൈയിൽ കരുതിയ കത്തി ഉപയോഗിച്ച് ജാഫറിനെ കുത്തുകയായിരുന്നു. സാമ്പത്തിക ഇടപാടുകളെ കുറിച്ച് ഇരുവരും തമ്മിലുണ്ടായിരുന്ന തർക്കമാണ് കൊലയിൽ കലാശിച്ചതെന്നാണ് പൊലീസ് നിഗമനം. ജാഫറിന്റെ സഹോദരപുത്രന്റെ പരാതിയിൽ കൊലക്കുറ്റത്തിന് കേസെടുത്തു.
മാതാവ്: ആയിഷ കറുത്തേടൻ (കട്ടുപാറ). ഭാര്യ: തോരപ്പ സബാന ജാസ്മീൻ (വെസ്റ്റ് കോഡൂർ). മക്കൾ: മുഹമ്മദ് ജാസിൽ, നിദ ഫെബിൻ, മുഹമ്മദ് ജാസിൻ, സഹോദരങ്ങൾ: ഷബീർ (യു.എ.ഇ), നജ്മുന്നീസ (വറ്റലൂർ).