vaccination

ന്യൂഡൽഹി: ഒമിക്രോൺ ഭീഷണി വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ കൊവിഡ് വാക്‌സിനേഷൻ വർദ്ധിപ്പിച്ച് കേന്ദ്ര സർക്കാർ. രാജ്യത്തെ എല്ലാവീടുകളിലും വാക്‌സിനേഷൻ നൽകുന്ന കേന്ദ്ര സർക്കാർ ക്യാമ്പെയിന്റെ ഭാഗമായാണ് ഇന്ന് ഒരു കോടി ഡോസ് വാക്‌സിൻ നൽകിയതെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ പറഞ്ഞു.

വിവരം മന്ത്രി ട്വി‌റ്ററിലൂടെ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്താലാണ് ഇത് സാദ്ധ്യമായതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇതുവരെ രാജ്യത്ത് 127 കോടി ഡോസ് വാക്‌സിനാണ് നൽകിയത്. 79.86 കോടി പേർക്ക് ആദ്യ ഡോസ് വാക്‌സിൻ നൽകി. 47 കോടി ആളുകൾക്കാണ് രണ്ട് ഡോസ് വാക്‌സിനും ലഭിച്ചത്.

ഇതുവരെ രാജ്യത്ത് നാല് തരത്തിലുള‌ള ജനിതക വ്യതിയാനം വന്ന കൊവിഡ് വൈറസുകളാണ് സ്ഥിരീകരിച്ചത്. ഇതിൽ ഒമിക്രോൺ വകഭേദം മൂന്ന് സംസ്ഥാനങ്ങളിലായി നാലുപേരിൽ സ്ഥിരീകരിച്ചു. കർണാടക, മഹാരാഷ്‌ട്ര, ഗുജറാത്ത് എന്നിവിടങ്ങളിലാണിത്.