thodupuzha

തൊടുപുഴ: ബാറിലെ സെക്യൂരി‌റ്റി ജീവനക്കാരനെ മർദ്ദിച്ച കേസിൽ പൊലീസ് കസ്‌റ്റഡിയിലുണ്ടായിരുന്നയാൾ മുങ്ങിമരിച്ച സംഭവത്തിൽ എസ്.ഐ ഉൾപ്പടെ രണ്ട് പൊലീസുകാർക്ക് സസ്‌പെൻഷൻ. വെള‌ളിയാഴ്‌ചയുണ്ടായ അടിപിടി കേസിൽ ശനിയാഴ്‌ച കസ്‌റ്റഡിയിലെടുത്തതിനെ തുടർന്ന് പൊലീസ് ജീപ്പിൽ കോലാനി പാറക്കടവ് കുളങ്ങാട്ട് ഷാഫി(29)യെ പൊലീസ്‌ സ്‌റ്റേഷനിലെത്തിച്ചു. എന്നാൽ ജീപ്പിൽ നിന്നും ഇറങ്ങുന്നതിനിടെ ഉദ്യോഗസ്ഥരെ തട്ടിമാ‌റ്റി ഇയാൾ ഇരുപത് മീ‌റ്റർ മാത്രം അകലെയുള‌ള തൊടുപുഴയാറിലേക്ക് ചാടി.

സംഭവത്തിൽ പ്രതിയുടെ സുരക്ഷാ ചുമതലയുള‌ള എസ്.ഐ ഷാഹുൽ ഹമീദ്, ജി.ഡി ചാർജുള‌ള സിപിഒ നിഷാദ് എന്നിവരെ സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്‌പി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എറണാകുളം റേഞ്ച് ഐജി സസ്പെൻഡ് ചെയ്‌തു.

പ്രതി ചാടിയതിനെ തുടർന്ന് പൊലീസും ഫയർഫോഴ്‌സും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് സ്‌കൂബാ ഡൈവിംഗ് ടീമെത്തി അന്വേഷിച്ചാണ് ചാടിയ ഇടത്തുനിന്നുതന്നെ മൃതദേഹം കണ്ടെത്തിയത്.