
ആലുവ: അവസാനനാളിൽ ഭിക്ഷാടകയായി ജീവിച്ച വയോധികയുടെ ആസ്തി അഞ്ച് ലക്ഷത്തോളം രൂപ. എടത്തല കുഴുവേലിപ്പടി മുസ്ലിം ജമാഅത്ത് പള്ളി കെട്ടിടത്തിൽ വാടകയ്ക്ക് താമസിച്ചിരുന്ന മട്ടാഞ്ചേരി സ്വദേശിനി ഐഷാബിയാണ് (73) ലക്ഷങ്ങൾ സമ്പാദ്യമവശേഷിപ്പിച്ച് മരിച്ചത്. മരിച്ചനിലയിൽ കണ്ടെത്തിയ ഇവരുടെ ഇൻക്വസ്റ്റ് നടപടികൾക്കിടെ മുറിയിലെ അലമാര ജനപ്രതിനിധികൾ പരിശോധിച്ചപ്പോഴാണ് പണം കണ്ടെത്തിയത്.
1,67,620 രൂപയാണ് അലമാരയിൽ ഉണ്ടായിരുന്നത്. മൂന്നുലക്ഷം രൂപയുടെ പണയത്തിലാണ് വാടകവീട്ടിൽ താമസിച്ചിരുന്നത്. ഈ തുകകൂടി ചേരുമ്പോൾ അഞ്ചുലക്ഷം രൂപയോളമാണ് ഐഷാബിയുടെ സമ്പാദ്യം.
അലമാരയിൽ 10, 20,100 നോട്ടുകൾ ചുരുട്ടിക്കൂട്ടിയ നിലയിലായിരുന്നു. പൊലീസും വാഴക്കുളം ബ്ലോക്ക്പഞ്ചായത്ത് സ്ഥിരംസമിതി ചെയർമാൻ അസീസ് മൂലയിൽ, എടത്തല പഞ്ചായത്ത് അംഗം എ.എസ്.കെ സലീം തുടങ്ങിയവർ ചേർന്നാണ് പണം എണ്ണിത്തിട്ടപ്പെടുത്തിയത്.
വെള്ളിയാഴ്ച രാത്രിയാണ് ഐഷാബി മരിച്ചത്. അന്ന് രാവിലെയും ഭക്ഷണം കഴിച്ചതായി അയൽക്കാരോട് പറഞ്ഞിരുന്നു. പിന്നീട് പുറത്തുകാണാതായതോടെ അന്വേഷിച്ചു ചെന്നവരാണ് മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
പള്ളികളിലൂടെയായിരുന്നു ഇവർ ഭിക്ഷാടനം ഏറെയും നടത്തിയിരുന്നത്. ഐഷാബി അഞ്ചുവർഷമായി കുഴുവേലിപ്പടിയിലാണ് താമസിച്ചിരുന്നത്. ഭർത്താവ് 35വർഷംമുമ്പ് മരിച്ചിരുന്നു. മക്കളില്ല. ഇന്ന് ഐഷാബിയുടെ അനിയത്തിക്ക് തുക കൈമാറാനാണ് തീരുമാനം. കുഴിവേലിപ്പടി ജുമാ മസ്ജിദ് കബർസ്ഥാനിൽ കബറടക്കി.