minister

കോഴിക്കോട്: കേരളത്തിലാകെ ഒന്നര ലക്ഷം കിലോമീറ്ററിന് മുകളിൽ റോഡുകളുണ്ട്. എന്നാൽ ഇതിൽ 32000 കിലോമീറ്റർ റോഡ് മാത്രമാണ് പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ളതെന്ന് മന്ത്രി മുഹമ്മദ് റിയാസ്. പക്ഷെ അത് ജനങ്ങൾ അറിയേണ്ട കാര്യമല്ല. പൊതു ജനങ്ങളെ സംബന്ധിച്ച് എല്ലാ റോഡുകളും സഞ്ചാരയോഗ്യമാകണം. അതിന് വേണ്ടിയുള്ള കാര്യങ്ങളാണ് സർക്കാർ ശ്രദ്ധയോടെ ചെയ്യുന്നതെന്നും മന്ത്രി വ്യക്തമാക്കി.

പൊതുമരാമത്ത് വകുപ്പിന്റെ റോഡുണ്ട്, തദ്ദേശസ്വയംഭരണ വകുപ്പിന്റെ റോഡുണ്ട്, മറ്റ് വകുപ്പുകൾക്കും റോഡുകളുണ്ട്. പൊതുജനങ്ങൾക്ക് ഇന്ന റോഡ് എന്നില്ല എല്ലാ റോഡുകളും നന്നാവണം. ഇക്കാര്യത്തിൽ കോഴിക്കോട് കോർപ്പറേഷൻ മാതൃകപരമായ പ്രവർത്തനങ്ങളാണ് നടത്തിയത് എന്നും അദ്ദേഹം പറഞ്ഞു.

വടകര റസ്റ്റ് ഹൗസിലെ താൽക്കാലിക ജീവനക്കാരിക്ക് എതിരായ നടപ്പടിയെകുറിച്ചും അദ്ദേഹം പ്രതികരിച്ചു. പൊതുമരാമത്ത് വകുപ്പിന്റെ റസ്റ്റ് ഹൗസുകൾ നവീകരിക്കാനും ഓൺലൈൻ ബുക്കിംഗ് നടത്താനും ശുചിത്വം ഉറപ്പാക്കാനുമുള്ള തീരുമാനമെടുത്ത് മുന്നോട്ട് പോകുകയാണ് സർക്കാർ. എന്നാൽ ചിലർ കാര്യങ്ങൾ ഇങ്ങനെയൊക്കെയെ പോകൂവെന്ന തരത്തിലുള്ള തീരുമാനത്തിലാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നല്ല രീതിയിൽ പ്രവർത്തനങ്ങൾ നടത്തി മുന്നോട്ട് പോകുന്ന റസ്റ്റ് ഹൗസുകളുമുണ്ട്. കോഴിക്കോടിലെയും എറണാകുളത്തെയും റസ്റ്റ് ഹൗസുകൾ ഇതിന് ഉദാഹരണമാണ്. ഇവ അഭിനന്ദനം അർഹിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.