kodiery

തിരുവല്ല: പെരിങ്ങരയിലെ സി പി എം ലോക്കൽ സെക്രട്ടറി പി ബി സന്ദീപ് കുമാറിന്റെ കൊലപാതകത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ബി ജെ പി നേതൃത്വം ആസൂത്രണം ചെയ്ത് നടത്തിയ കൊലപാതകമാണിതെന്ന് അദ്ദേഹം ആവർത്തിച്ചു.


ആർ എസ് എസ് നടത്തുന്ന കൊലപാതകങ്ങൾ അവർ ഏറ്റെടുക്കാറില്ല.സന്ദീപിന്റെ കാര്യത്തിലും ഇതാണ് നടന്നത്. സി പി എമ്മുകാർ മരിച്ചാൽ വ്യാജ പ്രചരണം നടത്തുകയെന്നതാണ് ഇവരുടെ പതിവ് പരിപാടി. സമാധാനത്തിനായിട്ടാണ് സി പി എം നിലകൊള്ളുന്നത്. സി പി എമ്മിനെ ഇല്ലാതാക്കാമെന്ന് കരുതണ്ട. അക്രമപാതയിൽ നിന്ന് ആർ എസ് എസ് പിന്തിരിയണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

സന്ദീപിന്റെ കുടുംബത്തെ സംരക്ഷിക്കാനുള്ള എല്ലാ ഉത്തരവാദിത്തവും സിപിഎം ഏറ്റെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. സന്ദീപിന്റെ ഭാര്യയ്ക്ക് സുരക്ഷിതമായ ജോലി ഏര്‍പ്പെടുത്താനുള്ള ചുമതല പത്തനംതിട്ട ജില്ലാ കമ്മിറ്റി ഏറ്റെടുക്കും. സന്ദീപിന്റെ വീട് സന്ദർശിച്ച ശേഷമായിരുന്നു കോടിയേരിയുടെ പ്രതികരണം. ഭാര്യ വിനോദിനി, മന്ത്രി സജി ചെറിയാന്‍, ജില്ലാ നേതാക്കള്‍ എന്നിവര്‍ക്കൊപ്പമാണ് കോടിയേരി എത്തിയത്. സന്ദീപിന്റെ ഭാര്യ, അച്ഛന്‍, അമ്മ എന്നിവരുമായി സംസാരിച്ച കോടിയേരിപാര്‍ട്ടിയുടെ പിന്തുണ ഉറപ്പ് നല്‍കി.