sandeep-murder-case

തിരുവല്ല: പെരിങ്ങരയിൽ സി പി എം ലോക്കൽ സെക്രട്ടറിയായ പി ബി സന്ദീപ് കുമാറിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളായ ജിഷ്ണു, പ്രമോദ്, നന്ദു എന്നിവർക്ക് ക്വട്ടേഷൻ ബന്ധവുമുണ്ടെന്ന് പൊലീസ്. ഡിസംബർ ഒന്നിന് ഹരിപ്പാട് നിന്ന് അരുൺ എന്ന യുവാവിനെ തട്ടിക്കൊണ്ടുപോയതിന് ഹരിപ്പാട് പൊലീസ് ഇവർക്കെതരിരെ കേസ് രജിസ്റ്റർ ചെയ്തു. അരുണിനെ മർദ്ദനമേറ്റ നിലയിൽ ലോഡ്ജിൽ നിന്നും പൊലീസ് കണ്ടെത്തുകയായിരുന്നു. സന്ദീപ് വധക്കേസിലെ മറ്റൊരു പ്രതിയായ രതീഷിന് വേണ്ടിയായിരുന്നു അരുണിനെ പ്രതികൾ തട്ടിക്കൊണ്ടുപോയത്.

കരുവാറ്റ സ്വദേശിയായ അരുണിനെ മൂന്ന് പേരും ചേർന്ന് തട്ടിക്കൊണ്ടുപോയി ഇവർ താമസിച്ചിരുന്ന ലോഡ്ജിൽ പൂട്ടിയിടുകയായിരുന്നു. ഇതിന് ശേഷം സന്ദീപിനെ കൊലപ്പെടുത്താൻ അരുണിന്റെ വാഹനം ഇവർ ഉപയോഗിച്ചതായാണ് വിവരം. സന്ദീപ് കേസിലെ പ്രതികളിലൊരാളായ മൻസൂറിനെ അന്വേഷിച്ച് തിരുവല്ല പൊലീസ് പ്രതികൾ താമസിച്ചിരുന്ന ലോഡ്ജിൽ എത്തിയപ്പോഴാണ് കെട്ടിയിട്ട നിലയിൽ അരുണിനെ കണ്ടെത്തിയത്.

രതീഷും അരുണും തമ്മിലുണ്ടായ ചില പ്രശ്നങ്ങളെ തുടർന്ന് ഒക്ടോബർ പതിനൊന്നിന് അരുണും സുഹൃത്തുക്കളും ചേർന്ന് രതീഷിന്റെ ബൈക്ക് കത്തിച്ചിരുന്നു. ഇതിന് പരിഹാരമായി ഒന്നുകിൽ പുതിയ ബൈക്ക് അല്ലെങ്കിൽ ബൈക്കിന്റെ വില നൽകണമെന്ന് രതീഷ് ആവശ്യപ്പെട്ടിരുന്നു. ഇത് പാലിക്കാതെ വന്നതോടെയാണ് അരുണിനെ തട്ടിക്കൊണ്ടുപോകാൻ പ്രതികൾക്ക് രതീഷ് ക്വട്ടേഷൻ നൽകിയത്.

മർദ്ദനമേറ്റ അരുൺ ആലപ്പുഴയിൽ ചികിത്സയിലാണ്. ക്വട്ടേഷൻ നൽകിയ രതീഷിനെയും പൊലീസ് അറസ്റ്റ് ചെയ്തു.