
കോട്ടയം: മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ 'മരക്കാർ അറബിക്കടലിലെ സിംഹം' എന്ന ചിത്രം റിലീസ് ദിനത്തിൽ തന്നെ ടെലഗ്രാമിലൂടെ പ്രചരിപ്പിച്ചയാൾ പിടിയിൽ. കാഞ്ഞിരപ്പളളി സ്വദേശി നസീഫാണ് അറസ്‌റ്റിലായത്. സിനിമ കമ്പനി എന്ന ആപ്പ് ഉപയോഗിച്ച് ഇയാൾ ചിത്രത്തിന്റെ ഭാഗങ്ങൾ പ്രചരിപ്പിച്ചെന്നാണ് വിവരം.
സംഭവത്തിൽ കൂടുതൽ പേരെ നിരീക്ഷിക്കുന്നുണ്ട്. ചിത്രത്തിന്റെ ക്ളൈമാക്‌സ് രംഗം ഉൾപ്പടെ യൂട്യൂബിലൂടെയും ചോർന്നിരുന്നു.ഇത് നീക്കം ചെയ്‌തിട്ടുണ്ട്. ചിത്രത്തിന്റെ രംഗങ്ങൾ മൊബൈലിൽ പകർത്തിയതാണ് പ്രചരിക്കുന്നത്.
മോഹൻലാൽ, പ്രഭു, അർജുൻ, സുനിൽ ഷെട്ടി, മഞ്ജുവാര്യർ, കീർത്തി സുരേഷ്, പ്രണവ് മോഹൻലാൽ, മുകേഷ്, ഇന്നസെന്റ് തുടങ്ങി വൻ താരനിര അണിനിരന്ന മരക്കാർ 100 കോടിയ്‌ക്കടുത്ത് ബഡ്‌ജറ്റിലാണ് നിർമ്മിച്ചത്. കേന്ദ്ര ചലച്ചിത്ര പുരസ്‌കാരങ്ങളും ചിത്രം നേടിയിരുന്നു.