nagaland-firing

ന്യൂഡൽഹി: നാഗാലാൻഡിലെ മോൺ ജില്ലയിൽ സുരക്ഷാ സേനയുടെ വെടിയേറ്റ് ഗ്രാമീണർ മരണപ്പെട്ടതിനെ തുടർന്ന് ‘21– പാരാസ്പെഷല്‍’ ഫോഴ്‌സിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്തു. നാഗാലാന്‍ഡ് പൊലീസാണ് കേസെടുത്തത്. ഒരു തരത്തിലുള്ള പ്രകോപനവുമില്ലാതെ സൈന്യം വെടിവയ്ക്കുകയായിരുന്നുവെന്ന് എഫ്ഐആറിൽ പറയുന്നു. വിഘടനവാദികൾ എന്ന് തെറ്റിദ്ധരിച്ചാണ് കഴിഞ്ഞ ദിവസം ഖനി തൊഴിലാളികൾക്ക് നേരെ സുരക്ഷാ സേന വെടിയുതിർത്തത്. സംഭവത്തിലും അതിന് ശേഷമുണ്ടായ പ്രതിഷേധങ്ങളിലുമായി 16 പേർ കൊല്ലപ്പെട്ടിരുന്നു.

പ്രദേശത്ത് സംഘർഷാവസ്ഥ രൂക്ഷമാകുന്ന സാഹചര്യത്തിൽ അതീവ സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. അസം റൈഫിൾസ് ക്യാമ്പിന് നേരെയും നിരവധി സർക്കാർ സ്ഥാപനങ്ങൾക്ക് നേരെയും ഗ്രാമീണരുടെ ആക്രമണം ഉണ്ടായി. ഇതിനെ തുടർന്ന് പ്രദേശത്ത് നിരോധനാ‌‌‌ഞ്ജ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്റർനെറ്റ് സേവനങ്ങളും അവസാനിപ്പിച്ചിട്ടുണ്ട്. സുരക്ഷാ പ്രശ്നങ്ങൾ കണക്കിലെടുത്ത് കൊഹിമയിലെ ഹോൺബിൽ ഫെസ്റ്റിവലടക്കം റദ്ദാക്കി.

കൊല്ലപ്പെട്ട ഗ്രാമീണരുടെ സംസ്കാര ചടങ്ങുകൾ ഇന്ന് നടക്കും. മുഖ്യമന്ത്രി നെഫ്യൂ റിയോ അടക്കമുള്ള പ്രമുഖർ അതീവ സുരക്ഷയോടെ ചടങ്ങിൽ പങ്കെടുക്കും. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ കൊണ്ടുവന്ന പള്ളിയിലും സംഘർഷം ഉണ്ടായതിനെ തുടർന്നാണ് മൃതദേഹങ്ങൾ സംസ്കരിക്കുന്നത് ഇന്നത്തേക്ക് മാറ്റിവച്ചത്. സംഭവത്തെ സംബന്ധിച്ച് അന്വേഷിക്കാൻ സംസ്ഥാന സർക്കാർ അഞ്ചംഗ സംഘത്തെ നിയോഗിച്ചു.

സംഭവത്തിൽ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് വിവരങ്ങൾ തേടിയിട്ടുണ്ട്. സാഹചര്യം മന്ത്രിയെ ധരിപ്പിച്ചു.സ്ഥിതി വിലയിരുത്താൻ കൊഹിമയിൽ ഇന്ന് ഉന്നതതല യോഗം ചേരും. നിലവിൽ സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് അസം റൈഫിൾസ് അറിയിച്ചു.