
മുംബയ്: മൂന്നാം ദിനം മുൻനിര ബാറ്റ്സ്‌മാൻമാരെയെല്ലാം നഷ്‌ടമായ കിവീസിന് നാലാം ദിനം ഇന്ത്യൻ സ്‌പിന്നർമാർക്ക് മുന്നിൽ പിടിച്ചുനിൽക്കാനേ കഴിഞ്ഞില്ല. മത്സരം ആരംഭിച്ച് ഒരുമണിക്കൂറിനകം തന്നെ എല്ലാം കഴിഞ്ഞു. 540 റൺസ് കൂറ്റൻ ലക്ഷ്യം മുന്നിൽകണ്ടിറങ്ങിയ കിവീസിന് 27 റൺസ് നേടുന്നതിനിടെ അവശേഷിക്കുന്ന അഞ്ച് വിക്കറ്റുകളും നഷ്ടമായി.
തുടക്കക്കാരൻ ജയന്ത് യാദവാണ് ഇന്ന് കിവീസിന് നഷ്ടമായ അഞ്ച് വിക്കറ്റുകളിൽ നാലും നേടിയത്. മത്സരം ആരംഭിച്ച ആദ്യ ഓവറിൽ തുടരെ രണ്ട് ഫോർ നേടി ആത്മവിശ്വാസത്തോടെ മുന്നേറാൻ ശ്രമിച്ച ഇന്ത്യൻ വംശജൻ രചിൻ രവീന്ദ്രയെ(18) പുറത്താക്കിയാണ് ജയന്ത് വിക്കറ്റ് വേട്ട തുടങ്ങിയത്. തുടർന്ന് വന്ന കൈൽ ജമിസൺ റണ്ണൊന്നും നേടും മുൻപ് വിക്കറ്റിന് മുന്നിൽ കുരുങ്ങി. പിന്നാലെ ടിം സൗത്തിയെയും (0) ജയന്ത് ക്ളീൻ ബൗൾടാക്കി. തുടർന്ന് വിൽ സോമർവില്ലിനെയും (1) ജയന്ത് പുറത്താക്കി.
പിന്നീട് പ്രതിരോധത്തിന് ശ്രമിച്ച ഹെൻറി നിക്കോൾസിനെ(44) പുറത്താക്കി അശ്വിനും നാലാം വിക്കറ്റ് നേടിയതോടെ കിവീസ് 167ന് എല്ലാവരും പുറത്തായി. 60 റൺസ് നേടിയ ഡാരിൽ മിച്ചലും നിക്കോൾസും മാത്രമേ കിവീസ് ബാറ്റിംഗ് നിരയിൽ പിടിച്ചുനിന്നുളളു.
ഇന്ത്യയ്‌ക്ക് വേണ്ടി അശ്വിൻ 22 ഓവറുകളിൽ 39 റൺസ് വഴങ്ങി നാല് വിക്കറ്റുകൾ വീഴ്‌ത്തി. ജയന്ത് യാദവ് 14 ഓവറുകളിൽ 49 റൺസ് വഴങ്ങി നാല് വിക്കറ്റുകൾ വീഴ്‌ത്തി. മറ്റൊരു സ്‌പിന്നർ അക്‌സർ പട്ടേൽ പത്തോവറിൽ 42 റൺസ് വഴങ്ങി ഒരു വിക്കറ്റ് നേടി. ഇന്നത്തെ വിജയത്തോടെ രണ്ട് ടെസ്‌റ്റ് പരമ്പര ഇന്ത്യ 1-0ന് നേടി. ആദ്യ ടെസ്‌റ്റ് കിവീസ് പൊരുതി സമനില നേടിയിരുന്നു.
ആദ്യ ഇന്നിംഗ്സിൽ 325 റൺസിന് പുറത്തായ ഇന്ത്യ കിവീസിനെ വെറും 62 റൺസിന് പുറത്താക്കിയിരുന്നു. രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യ 7 വിക്കറ്റ് നഷ്‌ടത്തിൽ 276 എന്ന നിലയിൽ ഡിക്ളയർ ചെയ്‌തു. തുടർന്ന് കൂറ്റൻ വിജയലക്ഷ്യമായ 540 മറികടക്കാൻ കഴിയാതെ കിവീസ് 167ന് എല്ലാവരും പുറത്താകുകയായിരുന്നു.