varun

ലക്‌നൗ: കർഷക സമരത്തിൽ ബിജെപിയെയും യോഗി ആദിത്യനാഥ് സ‌ർക്കാരിനെയും പ്രതിരോധത്തിലാക്കിയ പ്രതികരണത്തിന് പിന്നാലെ മറ്റൊരു സംഭവത്തിലും യുപി സർക്കാരിനെ വിമർശിച്ച് വരുൺ ഗാന്ധി. യോഗി സർക്കാരിനെതിരെ യു.പിയിൽ തൊഴിൽരഹിതർ നടത്തിയ സമരത്തിൽ കഴിഞ്ഞ ദിവസം രാത്രിയുണ്ടായ പൊലീസ് നടപടിയുടെ വീഡിയോ ഷെയർ ചെയ്‌താണ് ബിജെപി എം.പി കൂടിയായ വരുൺ വിമർശനം ഉന്നയിച്ചിരിക്കുന്നത്.

ഈ കുട്ടികളും ഭാരതമാതാവിന്റെ മക്കളാണ്. ഇവർ പറയുന്ന പരാതി കേൾക്കുന്നതിന് തയ്യാറാകാതെ ഇവരെ ക്രൂരമായി ലാത്തിച്ചാർജ് ചെയ്യുന്നു. അധികൃതരുടെ മക്കൾ ആരെങ്കിലും പ്രതിഷേധത്തിലുണ്ടായിരുന്നെങ്കിൽ ഇങ്ങനെ തല്ലിച്ചതയ്‌ക്കുമായിരുന്നോ? വരുൺ ട്വി‌റ്ററിലൂടെ ചോദിക്കുന്നു. ആവശ്യത്തിന് ഒഴിവുകളും അതിന് തക്ക യോഗ്യരായ ആളുകളുമുണ്ടെങ്കിൽ എന്തുകൊണ്ട് തസ്‌തികകളിൽ നിയമനം നടത്തുന്നില്ലെന്നും വരുൺ ചോദ്യമുന്നയിക്കുന്നു.

ये बच्चे भी मां भारती के लाल हैं, इनकी बात मानना तो दूर, कोई सुनने को तैयार नहीं है। इस पर भी इनके ऊपर ये बर्बर लाठीचार्ज।

अपने दिल पर हाथ रखकर सोचिए क्या ये आपके बच्चे होते तो इनके साथ यही व्यवहार होता??

आपके पास रिक्तियां भी हैं और योग्य अभ्यर्थी भी, तो भर्तियां क्यों नहीं?? pic.twitter.com/6F67ZDJgzW

— Varun Gandhi (@varungandhi80) December 5, 2021

69,000 അദ്ധ്യാപകരെ നിയമിക്കാൻ യു.പിയിൽ 2019ൽ നടത്തിയ പരീക്ഷയിൽ ക്രമക്കേട് ആരോപിച്ചായിരുന്നു തൊഴിൽ രഹിതരായ ഉദ്യോഗാർത്ഥികൾ സമരം നടത്തിയത്. മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് നടത്തിയ മാർച്ചിന് നേരെ പൊലീസ് ലാത്തിച്ചാർജ് നടത്തി. സംഭവത്തിൽ കോൺഗ്രസും സമാജ്‌വാദി പാർട്ടിയും ശക്തമായി പ്രതികരിച്ചിരുന്നു. ബിജെപി വോട്ട് തേടി വരുമ്പോൾ ഈ സംഭവം ഓർക്കണമെന്നാണ് രാഹുൽ ഗാന്ധി പ്രതികരിച്ചത്.