ci

ആലുവ: മൊഫിയ കേസിൽ ആരോപണവിധേയനായി സസ്‌പെൻഷനിലായ സി.ഐ സുധീറിനെതിരെ പരാതിപ്രവാഹം. സി.ഐ ആയ സുധീർ എസ്.ഐ ആയിരുന്ന കാലത്ത് ഇടപെട്ട കേസുകളിൽ പ്രതിയാക്കപ്പെട്ടവരാണ് ഇപ്പോൾ പരാതിയുമായി മുന്നോട്ടുവന്നിരിക്കുന്നത്.

സുധീർ കിളികൊല്ലൂർ എസ്.ഐ ആയിരുന്ന കാലത്ത് അതിർത്തി തർക്കത്തിൽ ഇടപെടുകയും കൈക്കൂലി ചോദിച്ചിട്ട് നൽകാത്തതിന് കള‌ളക്കേസിൽ പെടുത്തുകയും ചെയ്‌തെന്ന പരാതിയുമായാണ് ഓട്ടോ ഡ്രൈവർ പ്രസാദ് രംഗത്തെത്തിയത്. 2007ലാണ് സംഭവം. തർക്കം പരിഹരിക്കാനെത്തിയ എസ്.ഐ സുധീർ കൈക്കൂലി ആവശ്യപ്പെട്ടു. നൽകാതെ വന്നതോടെ കള‌ളക്കേസിൽ പെടുത്തി ലോക്കപ്പിലിട്ട് മർദ്ദിച്ചു. ഇതിനെതിരെ അന്ന് ജില്ലാ പൊലീസ് കംപ്ളയിൻറ് അതോറി‌റ്റിക്ക് പരാതി നൽകി. സുധീറിനെതിരെ നടപടി ശുപാർശ ചെയ്‌തെങ്കിലും അതുണ്ടായില്ലെന്നും പ്രസാദ് പറയുന്നു.

കുളത്തൂപുഴയിൽ സുധീർ എസ്.എച്ച്.ഒ ആയ കാലത്ത് 2015ൽ എട്ട് വയസുകാരിയെ പീഡിപ്പിച്ചെന്ന കേസിൽ ലാൽകുമാർ എന്ന യുവാവിനെതി അറസ്‌റ്റ് ചെയ്‌തു. ലാലിനും സഹോദരിക്കും അന്ന് സുധീറിൽ നിന്നും വളരെ മോശം അനുഭവമുണ്ടായെന്നും പരാതിയുണ്ട്.

മൊഫിയയുടെ ആത്മഹത്യാ കുറിപ്പിൽ ആലുവ സി.ഐയായിരുന്ന സുധീറിനെതിരെ പരാമർശമുണ്ടായതിനെ തുടർന്ന് ഇയാളെ ആദ്യം സ്ഥലംമാ‌റ്റുകയും തുടർന്ന് സസ്‌പെൻഡ് ചെയ്യുകയുമായിരുന്നു.