
ആന്ധ്രയിൽ ഒരു ഔദ്യോഗിക യാത്ര കഴിഞ്ഞെത്തിയപ്പോഴാണ് രവി ആ ചെടി കൊണ്ടുവന്നത്. സ്കൂൾ ക്ലാസിൽ സഹപാഠിയായിരുന്ന റഷീദിന്റെ വീട്ടിൽ നിന്ന് കിട്ടിയതാണ്. ഹൈദരാബാദിൽ പഴക്കട നടത്തുന്ന റഷീദിന്റെ കുടുംബത്തിന്റെ സ്നേഹസത്ക്കാരങ്ങൾ എത്ര പറഞ്ഞിട്ടും രവിയ്ക്ക് മതിയാവുന്നുണ്ടായിരുന്നില്ല. പഠനത്തിൽ ഒന്നാമനായിരുന്നെങ്കിലും സർക്കാർ ജോലി കിട്ടിയില്ല. നല്ല സമയത്ത് റഷീദ് തുടങ്ങിയ പഴക്കടയിൽ ഇപ്പോൾ നല്ല ബിസിനസ്. മിതഭാഷിയായ രവി ഇടയ്ക്കിടെ വാചാലനായി.
അച്ഛന്റെ സുഹൃത് വർണന മകൻ ഷിജുവിന് അത്ര ഇഷ്ടമായില്ല. കൂടെ പഠിച്ചവർ വളരെക്കാലത്തിനുശേഷം എവിടെയെങ്കിലും വച്ച് വീണ്ടും കണ്ടുമുട്ടുമ്പോൾ പരിചയം പുതുക്കും. അതൊക്കെ സർവസാധാരണമല്ലേ. അതിലെന്ത് വർണിക്കാനിരിക്കുന്നു? മകന്റെ നീരസം അമ്മയ്ക്ക് ഇഷ്ടമായില്ല. സ്നേഹിക്കാനും സ്നേഹം തിരിച്ചറിയാനും ഓർമ്മിക്കാനുമൊക്കെ നല്ല മനസ് വേണം. ബയോളജി പഠിച്ചത് വച്ചുനോക്കിയാൽ എല്ലാവർക്കും ഹൃദയമുണ്ട്. നാലറയും കാണും. രക്തക്കുഴലുകൾ കാണും. രക്തചംക്രമണം നടക്കുകയും ചെയ്യും. എന്നാൽ സ്നേഹം ഹൃദയത്തിൽ നിന്ന് പ്രവഹിക്കുന്നതും എത്തിച്ചേരുന്നതും എല്ലാവർക്കും അനുഭവിക്കാൻ കഴിഞ്ഞെന്ന് വരില്ല. മകനോട് വിയോജിച്ചുകൊണ്ട് ഭാര്യ പുഞ്ചിരിയോടെ പറയുന്നത് കേട്ടപ്പോൾ രവിക്ക് സന്തോഷമായി. ഷിജുവിന്റെ മുഖം കറുത്തു.
ആന്ധ്രയിൽ നിന്ന് കൊണ്ടുവന്ന ചെടിയുടെ വളർച്ച പെട്ടെന്നായിരുന്നു. യൗവനം വന്നത് വേഗത്തിൽ. ഭംഗിയുള്ള ഓറഞ്ച് നിറമുള്ള പൂക്കൾ. ഇടയ്ക്കിടെ തവിട്ടുനിറമുള്ള മുള്ളുകൾ. റഷീദിന്റെ സ്നേഹമാണ് വളരുന്നതെന്ന് രവി പറയുമ്പോൾ മൊബൈലിൽ ഒരു ചിത്രമെടുത്ത് അയക്കണമെന്ന് ഭാര്യയുടെ നിർദ്ദേശം. മുള്ളുള്ള ഈ ചെടി നെഗറ്റീവ് എനർജി പകരുമെന്ന് മകന്റെ കമന്റ്. സുഖവും ദുഃഖവും ഓർമ്മപ്പെടുത്താനാണ് പ്രകൃതി മുള്ളും പൂവും സൃഷ്ടിച്ചിരിക്കുന്നതെന്ന അച്ഛന്റെ വേദാന്തം കേട്ട് ഷിജു നേർത്ത പരിഹാസത്തോടെ ചിരിച്ചു. അടുത്തയാഴ്ച കൊടൈക്കനാലിൽ പോയ ഷിജു കാറിൽ കുറേ പനിനീർ റോസാച്ചെടികളുമായാണ് വന്നത്. രവിക്കും ഭാര്യയ്ക്കും അതിശയമായി. എന്തായാലും ആന്ധ്രയിൽ നിന്നു കൊണ്ടുവന്ന ചെടിക്ക് നല്ല കമ്പനിയായെന്ന് രവി. പനിനീർറോസയ്ക്കും പ്രകൃതി കൊടുത്തു മുള്ളുകൾ. അതു സെക്യൂരിറ്റി ഗാർഡുകളായിരിക്കുമെന്ന് രവിയുടെ തമാശ.
റോസകൾക്കും റഷീദ് സമ്മാനിച്ച ചെടികൾക്കും വെള്ളം നനച്ചുകൊണ്ടിരിക്കെയാണ് രവിക്ക് ഒരു ക്ഷീണം തോന്നിയത്. പിന്നെ രണ്ടാഴ്ച ആശുപത്രിവാസം. മകനെത്തുമ്പോൾ ആകാംക്ഷയോടെ രവി തിരക്കും. കൊടൈക്കനാലുകാർ എന്തു പറയുന്നു. ആന്ധ്രാക്കാരന് സുഖമാണോ? ആശുപത്രിയിൽ കിടക്കുമ്പോൾ ഉറ്റവരുടെ കാര്യമല്ല ചെടികളുടെ കാര്യത്തിലാണ് ഉത്കണ്ഠ - ഭാര്യയുടെ സ്നേഹപൂർവമായ ശാസന. അവർ മിണ്ടാപ്രാണികളല്ലേ. വളർത്തുമൃഗങ്ങളേയും വളർത്തുചെടികളേയും പരിപാലിക്കേണ്ടത് വാമൊഴിയും വരമൊഴിയും കൈവശമുള്ള മനുഷ്യരുടെ കടമയല്ലേ - രവിയുടെ ചോദ്യം കേട്ട് ഷിജുവും അമ്മയും പരസ്പരം നോക്കി.
കണ്ണുകളും ചുണ്ടുകളും ചലിക്കുവോളം രവി പൂക്കളെപ്പറ്റി പറഞ്ഞുകൊണ്ടിരുന്നു. റഷീദിനെപ്പറ്റി പറഞ്ഞുകൊണ്ടിരുന്നു. രാത്രി വളരെ വൈകി ആശുപത്രിയിൽ നിന്നെത്തിയ ഷിജു മൊബൈലിലെ ടോർച്ച് തെളിച്ച് ആ ചെടികളെ നോക്കി. എന്തോ പറയാൻ വെമ്പുന്ന ചുണ്ടുകൾ പോലെ ആ പൂക്കൾ.
മുറ്റം നിറയെ പൂക്കൾ വിടർന്നു തുടങ്ങിയപ്പോഴായിരുന്നു രവിയുടെ മരണം. ആ ദുഃഖമടക്കാൻ ഷിജു ഇടയ്ക്കിടെ ആ ചെടികളെ നോക്കിനിൽക്കും. മരണാനന്തര ചടങ്ങിന് പുരകെട്ടാൻ സമയത്ത് ആ മുൾച്ചെടി വെട്ടിക്കളയാം എന്നുപറഞ്ഞ പണിക്കാരനെ ഷിജു തടഞ്ഞു. ''വേണ്ട... ആ മുള്ളുകളും പൂക്കളാണ്. ആ മുള്ളുകളിലൂടെയാവും ഇനി ഇവിടേക്ക് വസന്തം വരുന്നത്." പണിക്കാരൻ ഒന്നും മനസിലാകാതെ നിന്നു.
(ഫോൺ: 9946108220)