dr-prabhudas

പാലക്കാട്: ആരോഗ്യമന്ത്രി വീണാജോർജിന്റെ അട്ടപ്പാടി സന്ദർശനത്തിൽ വിയോജിപ്പ് പ്രകടിപ്പിച്ചതിന് പിന്നാലെ സർക്കാരിനെതിരെ വീണ്ടും രൂക്ഷവിമർശനവുമായി അട്ടപ്പാടി ട്രൈബൽ നോഡൽ ഓഫീസറും കോട്ടത്തറ ആശുപത്രി സൂപ്രണ്ടുമായ ഡോ.പ്രഭുദാസ് രംഗത്ത്. ബില്ലുകൾ മാറുന്നതിനായി ആശുപത്രി മാനേജ്മെന്റിലെ പല അംഗങ്ങളും കൈക്കൂലി ആവശ്യപ്പെടാറുണ്ടെന്നും ഇത് തടയാൻ ശ്രമിച്ചതിന്റെ പേരിലാണ് തനിക്കെതിരെയുള്ള നീക്കങ്ങളെന്നും പ്രഭുദാസ് മാദ്ധ്യമങ്ങളോട് പറഞ്ഞു. അട്ടപ്പാടിയിലെ ആദിവാസി ഗ‌ർഭിണികളിൽ 191 പേർ ഹൈറിസ്ക് വിഭാഗത്തിലാണെന്ന ആരോഗ്യവകുപ്പ് റിപ്പോർട്ടിന് പിന്നാലെയായിരുന്നു മന്ത്രി അട്ടപ്പാടിയിലെത്തിയത്. സന്ദർശനത്തിന് പിന്നാലെ തന്നെ ബോധപൂർവ്വം മാറ്റിനിർത്തിയെന്ന് പ്രഭുദാസ് ആരോപിച്ചിരുന്നു.

ആശുപത്രി മാനേജ്മെന്റിലെ പല അംഗങ്ങളും കൈക്കൂലി ആവശ്യപ്പെട്ടതായി പരാതി ലഭിച്ചിട്ടുണ്ട്. കൈക്കൂലി നൽകിയാലേ ഒപ്പിട്ട് നൽകൂവെന്ന് പറഞ്ഞവർ തന്നെയാണ് മന്ത്രിയ്ക്ക് ഒപ്പമുണ്ടായിരുന്നവർ എന്നും പ്രഭുദാസ് ആരോപിക്കുന്നു. കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിലെ മാതൃശിശു വാർഡ് പ്രവർത്തനസജ്ജമാക്കണമെന്നും ലിഫ്റ്റ് നിർമിക്കാൻ ഫണ്ട് നൽകണമെന്നും ആവശ്യപ്പെട്ട് പല തവണ കത്തയച്ചിട്ടുണ്ട്. എന്നാൽ ഇത് സർക്കാർ പരിണിച്ചില്ല. ഇക്കാര്യങ്ങളിലുൾപ്പടെ മന്ത്രിയെ തെറ്റിദ്ധരിപ്പിക്കുകയാണ് ആശുപത്രി മാനേജ്മെന്റിലെ പല അംഗങ്ങൾ ചെയ്തത്. സർക്കാർ താൻ അടക്കമുള്ളവരുടെ അഭിപ്രായം അന്വേഷിച്ചില്ല. ചെയ്യാത്ത കുറ്റത്തിന് തനിക്കെതിരെ എന്ത് നടപടിയുണ്ടായാലും പ്രശ്നമില്ലെന്ന് പ്രഭുദാസ് പറഞ്ഞു. മന്ത്രി അട്ടപ്പാടി സന്ദർശിച്ചപ്പോൾ ഇല്ലാത്ത മീറ്റിംഗിന്റെ പേരിലാണ് തന്നെ തിരുവനന്തപുരത്തേയ്ക്ക് വിളിപ്പിച്ചതെന്നും ആരോഗ്യ വകുപ്പിലെ ചില ഉദ്യോഗസ്ഥരാണ് ഇതിന് പിന്നിലെന്നും അദ്ദേഹം കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.

എന്നാൽ ആശുപത്രി സൂപ്രണ്ട് പറയുന്ന കാര്യങ്ങൾക്ക് മറുപടി പറയാനാകില്ലെന്ന് ആരോപണങ്ങൾക്ക് മറുപടിയായി മന്ത്രി വീണാജോർജ് പ്രതികരിച്ചു. തലേ ദിവസം തീരുമാനിച്ചായിരുന്നു തന്റെ സന്ദർശനമെന്നും, ചെയ്യുന്നത് തന്റെ ഉത്തരവാദിത്തമാണെന്നും മന്ത്രി പറഞ്ഞു. ഇനിയും സന്ദർശനം ഉണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.