
ശൈത്യകാലം നമ്മുടെ പടിവാതിലിൽ എത്തി നിൽക്കുകയാണ്. ഇതിനോടൊപ്പം തന്നെ നിരവധി ആരോഗ്യ പ്രശ്നങ്ങളും നമ്മൾ പ്രതീക്ഷിക്കണം. ചെറിയ പ്രശ്നങ്ങൾ മുതൽ മാരകമായ പ്രശ്നങ്ങൾ വരെ ഈ സമയത്ത് ഉണ്ടാകാനിടയുണ്ട്. എന്നാൽ ശൈത്യത്തിന്റെ ആരംഭത്തിൽ തന്നെ ചില കാര്യങ്ങൾ പിന്തുടർന്നാൽ ഈ പ്രശ്നങ്ങൾ ഒരു പരിധിവരെ പ്രതിരോധിക്കാനാവും. ചില മാർഗങ്ങൾ നമുക്ക് നോക്കാം.
ഭക്ഷണം ക്രമീകരിക്കാം?
പയർവർഗ്ഗങ്ങൾ, പരിപ്പ്, ഔഷധസസ്യങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയുൾപ്പെടുന്ന സമീകൃതാഹാരം കഴിക്കുന്നത് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിന് അത്യന്താപേക്ഷിതമാണ്. വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ നമുക്ക് പരമാവധി കഴിക്കാം. കാരണം ഇവ ശൈത്യക്കാലത്ത് നമ്മുടെ പ്രതിരോധ ശേഷിയെ ശക്തിപ്പെടുത്താനും നമ്മുടെ ശരീരത്തെ ആരോഗ്യകരമായി നിലനിർത്താനും സഹായിക്കുന്നു.
വ്യായാമം
ശൈത്യകാലത്ത് യോഗയാണ് ഏറ്റവും ഉത്തമമായ വ്യായാമം. യോഗ ശീലമില്ലാത്തവർക്ക് മറ്റ് വ്യായാമങ്ങളും ചെയ്യാം. ഇത് ശരീരത്തെ കൂടുതൽ ഊർജ്ജസ്വലമായി നില നിർത്തും. പനി, ജലദോഷം പോലുള്ള ചെറിയ രോഗങ്ങളെ ഇതിലൂടെ നമുക്ക് മാറ്റി നിർത്താം.
ആവശ്യത്തിന് വെള്ളം കുടിക്കാം
ശൈത്യകാലത്ത് ആവശ്യത്തിന് ശുദ്ധ ജലം കുടിക്കുന്നത് ശരീരത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കുന്നു. പോഷക ഘടകങ്ങൾ ആഗിരണം ചെയ്യാനും ഇത് ശരീരത്തെ സഹായിക്കും
ഇളം വെയിൽ ഏൽക്കാം
മഞ്ഞ് കാലത്ത് രാവിലെ സൂര്യ പ്രകാശം ഏൽക്കുന്നത് നല്ലതാണ്. വിറ്റാമിൽ ഡി യുടെ പ്രകൃതിദത്ത ഉറവിടമാണ് സൂര്യ പ്രകാശം. ശരീരത്തിന്റെ പ്രതിരോധ ശേഷി നിലനിർത്താനും ആരോഗ്യ സംരക്ഷണത്തിനും വിറ്റാമിൻ ഡി അത്യാവശ്യമാണ്. കൂടാതെ മനുഷ്യന്റെ മാനസിക നില മെച്ചപ്പെടുത്താനും ഇത് സഹായിക്കുന്നു.
ചർമ്മം സംരക്ഷിക്കാൻ
വരണ്ട ചർമ്മം, ചുണ്ടുകൾ വിണ്ട് കീറുക തുടങ്ങിയവയൊക്കെ ശൈത്യക്കാലത്ത് ഉണ്ടാകുന്ന പ്രശ്നങ്ങളിൽ പ്രധാനപ്പെട്ടതാണ്. ഇതിനുള്ള പരിഹാരം ശരീരത്തിൽ ഈർപ്പം നിലനിർത്തുക എന്നതാണ്. കൂടാതെ സൺ പ്രൊട്ടക്ഷൻ ക്രീമുകളും ഉപയോഗിക്കാം