
രാഷ്ട്രീയനൈർമല്യത്തിന്റെ  ആൾരൂപമായി  തലയുയർത്തിപ്പിടിച്ച്  ജീവിച്ച പി. വിശ്വംഭരന്റെ  വിയോഗത്തിന്  അഞ്ചാണ്ട്...
അനുദിനം അന്യംനിന്നുപോകുന്ന ആദർശരാഷ്ട്രീയത്തിന്റെ ഗതകാലകണ്ണികളിലൊന്നായിരുന്നു പി.വിശ്വംഭരൻ എന്ന ഗാന്ധിയൻ സോഷ്യലിസ്റ്റ്. വിദ്യാർത്ഥിയായിരിക്കെ സ്വാതന്ത്ര്യസമരത്തിലേയ്ക്കെടുത്തുചാടിയ പി. വിശ്വംഭരൻ ഗാന്ധിയൻ മൂല്യങ്ങൾ ജീവിതത്തിലുടനീളം മുറുകെപ്പിടിച്ചു. ജാതിവിവേചനം ശക്തമായിരുന്ന കാലഘട്ടത്തിൽ കോവളത്തിനുസമീപം വെള്ളാർ ഗ്രാമത്തിൽ 1925 ജൂൺ 25ന് ജനിച്ച പി.വിശ്വംഭരൻ ബാല്യത്തിൽ ജാതിപ്പിശാചിന്റെ വികൃതികൾ കണ്ടും അനുഭവിച്ചുമാണ് വളർന്നത്. എന്നാൽ വൈകുണ്ഠസ്വാമിയും ശ്രീനാരായണഗുരുവും അയ്യൻകാളിയും ഉഴുതുമറിച്ച ആ പ്രദേശത്ത്ഉൽപ്പതിഷ്ണുവായിരുന്ന അച്ഛൻ പത്മനാഭൻ വ്യാപാരി വിശ്വംഭരനിൽ ബാല്യ, യൗവനങ്ങളിൽതന്നെ നവോത്ഥാനമൂല്യങ്ങൾ വളർത്തിയെടുത്തു. പിൽക്കാല പൊതുജീവിതത്തിന് അതു വഴികാട്ടിയായി. അനാചാരങ്ങൾക്കും അനീതിക്കുമെതിരായ പോരാട്ടം നയിച്ചുകൊണ്ടാണ് അദ്ദേഹം ജന്മനാട്ടിൽ പൊതുപ്രവർത്തനത്തിനിറങ്ങിയത്.
രാഷ്ട്രീയപ്രവേശം 
ക്വിറ്റ്ഇന്ത്യ സമരത്തിലൂടെ
ക്വിറ്റ് ഇന്ത്യ സമരത്തിലൂടെ സ്റ്റേറ്റ്കോൺഗ്രസ്സിലും അവിടെനിന്ന് സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിലൂടെ സംസ്ഥാന, ദേശീയ രാഷ്ട്രീയത്തിലെ സമുന്നതപദവികളിലേക്കും വളർന്നുപടർന്ന വിശ്വംഭരന്റെ പൊതുജീവിതം അക്ഷരാർഥത്തിൽ സംഭവബഹുലമാണ്. സ്റ്റേറ്റ് കോൺഗ്രസിൽ പ്രവർത്തിക്കുമ്പോൾ പി.വിശ്വംഭരൻ സോഷ്യലിസ്റ്റ് പക്ഷക്കാരനായിരുന്നു. ഗാന്ധിയൻ ദർശനങ്ങളുടെ സ്വാധീനം അദ്ദേഹത്തെ കൂടുതൽ കരുത്തുള്ള ഗാന്ധിയൻ സോഷ്യലിസ്റ്റാക്കി മാറ്റി. കോളജ് വിദ്യാഭ്യാസകാലത്തുതന്നെ പട്ടംതാണുപിള്ളയുടെ പ്രിയ ശിഷ്യനായിത്തീർന്ന വിശ്വംഭരന്റെ റോൾ മോഡൽ, രാഷ്ട്രത്തിനും രാഷ്ട്രീയത്തിനും വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച പൊന്നറ ശ്രീധറായിരുന്നു; ആദർശപുരുഷൻമാർ മഹാത്മാഗാന്ധിയും ജയപ്രകാശ് നാരായണനും റാം മനോഹർ ലോഹിയയും ആചാര്യ നരേന്ദ്രദേവും. യൂണിവേഴ്സിറ്റി  കോളേജിൽ ബിരുദവിദ്യാർത്ഥിയായിരിക്കെ സർസി.പി.ഭരണത്തിനെതിരായ സമരങ്ങളിലൂടെ അദ്ദേഹം അധികാരികളുടെ നോട്ടപ്പുള്ളിയായി. ഒളിവുജീവിതവും ജയിൽവാസവും വരിച്ചു.

സോഷ്യലിസ്റ്റ്പാർട്ടിയിൽ
സോഷ്യലിസ്റ്റുകൾ ജെ.പി യുടെ നേതൃത്വത്തിൽ കോൺഗ്രസ്സിൽ നിന്ന് പുറത്തുപോയി 1948 ൽ സോഷ്യലിസ്റ്റ് പാർട്ടി രൂപീകരിച്ചപ്പോൾ വിശ്വംഭരൻ തിരുവനന്തപുരം ജില്ലയിൽ മുഖ്യസംഘാടകനായി. അസംഘടിതമേഖലകളിൽ ടി.എസ്.രാമസ്വാമി, പി.പി.വിൽസൻ, ജൂബാ രാമകൃഷ്ണപിള്ള തുടങ്ങിയവരുടെ നേതൃത്വത്തിൽ രൂപീകരിക്കപ്പെട്ട തൊഴിലാളിസംഘടനകളായിരുന്നു ആദ്യം സോഷ്യലിസ്റ്റ് പാർട്ടിയുടെ സാമൂഹിക അടിത്തറ. എന്നാൽ മൂന്നുകൊല്ലത്തിനിടയിൽ, 1951 ൽ, പട്ടംതാണുപിള്ള കോൺഗ്രസ് വിട്ട് സോഷ്യലിസ്റ്റ് പാർട്ടിയിൽ ചേർന്നതോടെ ആ പാർട്ടിയുടെ ബഹുജനാടിത്തറ സത്വരം വളർന്നു. രണ്ടു തലമുറകൾ തമ്മിലുള്ള അഭിമുഖം പോലെയായിരുന്നു പട്ടംതാണുപിള്ളയും വിശ്വംഭരനും തമ്മിലുള്ള ബന്ധം. ധീരനും നിർമലനുമായ പട്ടവും ആദർശശാലിയായ വിശ്വംഭരനും തമ്മിൽ കളങ്കമില്ലാത്ത ഒരു അച്ചുതണ്ട് രൂപപ്പെട്ടിരുന്നു.
ആദർശനിഷ്ഠമായ രാഷ്ട്രീയപോരാട്ടങ്ങളിലൂടെ വിശ്വംഭരൻ തിരു-കൊച്ചി, (1957) കേരള (1960) നിയസഭകളിലും പാർലമെന്റിലും (1967) അംഗമായി. എന്നാൽ അധികാരരാഷ്ട്രീയത്തിന്റെ ആകർഷണവലയത്തിൽ ഒരിക്കലും പെട്ടില്ല. 1954 ലെ തിരഞ്ഞെടുപ്പിൽ നേമത്തു നിന്ന് പി.എസ്.പി സ്ഥാനാർത്ഥിയായി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വിശ്വംഭരൻ പട്ടംതാണുപിള്ളയുടെ നാലംഗമന്ത്രിസഭയിൽ മൂന്നാമനാകുമെന്ന് എല്ലാവരും പ്രതീക്ഷിച്ചു, പത്രങ്ങളും പ്രവചിച്ചു. പട്ടത്തിന്റെ വിശ്വസ്തനും നിയമസഭാകക്ഷിനേതാവുമായിരുന്ന വിശ്വംഭരൻ പക്ഷേ, മന്ത്രിയായില്ല. 1960 ൽ വീണ്ടും തിരഞ്ഞെടുപ്പിൽ വിജയിച്ചെങ്കിലും പട്ടംതാണുപിള്ള മുഖ്യമന്ത്രിയും ആർ.ശങ്കർ ഉപമുഖ്യമന്ത്രിയുമായുള്ള മന്ത്രിസഭ രൂപവൽക്കൃതമായപ്പോഴും അതുതന്നെ സംഭവിച്ചു. മന്ത്രിസ്ഥാനം ആവശ്യപ്പെടുകയോ പിന്നാലെപോവുകയോ ചെയ്യാത്തതുതന്നെയായിരുന്നു കാരണം. സോഷ്യലിസ്റ്റ് പാർട്ടി പിളർന്ന കാലഘട്ടത്തിൽ, ഇന്ദിരാഗാന്ധി വച്ചുനീട്ടിയ കേന്ദ്രമന്ത്രിപദം (പനമ്പിള്ളി ഗോവിന്ദമേനോൻ അന്തരിച്ചപ്പോൾ) പുറംകൈകൊണ്ട് തട്ടിമാറ്റിയതും അധികമാർക്കുമറിയില്ല. ''സ്വന്തം ജീവിതത്തിലുടനീളം പാലിച്ച ആദർശനിഷ്ഠയിൽനിന്ന് അൽപം വ്യതിചലിച്ചിരുന്നുവെങ്കിൽ 'മുൻകേന്ദ്രമന്ത്രി" എന്ന വിശേഷണം കൂടി അദ്ദേഹത്തിന് ലഭിക്കുമായിരുന്നു"" എന്ന് കേരളകൗമുദി എക്സിക്യുട്ടീവ് എഡിറ്ററായിരുന്ന എ.പി.വിശ്വനാഥൻ ഒരു ലേഖനത്തിൽ അനുസ്മരിച്ചത് ആ പശ്ചാത്തലത്തിലാണ്.

ഇടതുപക്ഷമുന്നണിയുടെ 
പ്രഥമകൺവീനർ
കേരളത്തിൽ  ഇടതുപക്ഷജനാധിപത്യമുന്നണിയുടെ ആദ്യകൺവീനറായിരുന്നു വിശ്വംഭരൻ. 1973 ൽ ദേശീയതലത്തിൽ സോഷ്യലിസ്റ്റുപാർട്ടിയും കമ്യൂണിസ്റ്റ്പാർട്ടിയും യോജിച്ചു പ്രവർത്തിക്കാൻ ഇരുപർട്ടികളുടേയും ദേശീയനേതൃത്വം തീരുമാനിച്ചപ്പോൾ ആ സമ്മേളനത്തിൽ വിശ്വംഭരനും പങ്കാളിയായിരുന്നു. രാജ്യവ്യാപകമായി പ്രതിപക്ഷമുന്നണിയും കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യമുന്നണിയും രൂപീകരിക്കാൻ ഇടയാക്കിയത് ആ സമ്മേളനമാണ്. എന്നാൽ തൊട്ടടുത്ത കൊല്ലം, സോഷ്യലിസ്റ്റ്പാർട്ടിയുടെ സംസ്ഥാന പ്രസിഡന്റായിരുന്ന വിശ്വംഭരൻ കോഴിക്കോട്ട് നടന്ന പാർട്ടി ദേശീയസമ്മേളനത്തിൽ നിർവാഹകസമിതിതിരഞ്ഞെടുപ്പിൽ അപ്രതീക്ഷിതമായ ചരടുവലികളിലൂടെ പരാജയപ്പെട്ടതോടെ സംസ്ഥാന പ്രസിഡന്റ് പദവും എൽ.ഡി.എഫ്. കൺവീനർ സ്ഥാനവും രാജിവച്ചു; സജീവരാഷ്ട്രീയത്തിൽനിന്ന് അകലുകയും ചെയ്തു. അടിയന്തരാവസ്ഥാപ്രഖ്യാപനത്തോടെ വിശ്വംഭരൻ പൂർവാധികം ശക്തിയോടെ വീണ്ടും പടക്കളത്തിലിറങ്ങി. ജെ.പി. രൂപം നൽകിയ ദേശീയപൗരാവകാശസംഘടന (പി.യു.സി.എൽ)യുടെ കേരളഘടകത്തെ ഊർജസ്വലമാക്കി വിപുലമായ ഒരു പൗരാവകാശപ്രസ്ഥാനത്തിന് അദ്ദേഹം രൂപംകൊടുത്തു.
സോഷ്യലിസ്റ്റുകളുടെ
പുനരേകീരണത്തിന്
അടിയന്തരാവസ്ഥ പിൻവലിച്ചശേഷം ജനതാപാർട്ടിയുടെ കേരളഘടകം രൂപീകരണത്തിലും പിന്നീട് ഒരു ദശാബ്ദത്തിനുശേഷം ജനതാദൾ രൂപീകരിച്ചപ്പോഴും വിശ്വംഭരനായിരുന്നു പാർട്ടിയിൽ അവസാന വാക്ക്. എന്നാൽ തികഞ്ഞ ജനാധിപത്യപ്രക്രിയയിലൂടെയായിരുന്നു അദ്ദേഹം തീരുമാനങ്ങൾ രൂപീകരിച്ചിരുന്നത്.സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിലെ പിളർപ്പുകളും വിലപേശലുകളും കണ്ട് മനംനൊന്ത വിശ്വംഭരൻ ക്രമേണ സജീവരാഷ്ട്രീയത്തിൽനിന്ന് പിൻവാങ്ങി. എന്നാൽ അന്ത്യംവരെ തന്റെ രാഷ്ട്രീയകാഴ്ചപ്പാടുകളിലും നിലപാടുകളിലും നിന്ന് അദ്ദേഹം അണുവിട വ്യതിചലിച്ചില്ല. നിരന്തരം എഴുതുകയും പ്രസംഗിക്കുകയും സമാനചിന്താഗതിയുള്ള പ്രസ്ഥാനങ്ങളുടെ പരിപാടികളിൽ പങ്കെടുക്കുകയും ചെയ്തു. സോഷ്യലിസ്റ്റ് ഏകീകരണം എന്ന സ്വപ്നം എന്നും അദ്ദേഹം ഹൃദയത്തിൽ താലോലിച്ചു.

പത്രപ്രവർത്തനകാലം
പത്രപ്രവർത്തനം സാമൂഹികപ്രവർത്തനത്തിന്റെ  ഭാഗമായിരുന്ന കാലത്ത്, 1946 മുതൽ 1958 വരെ ഒരു വ്യാഴവട്ടക്കാലം വിവിധ പത്രങ്ങളിലും പ്രശസ്ത വാർത്താ ഏജൻസിയായ യു.പി.ഐയിലും തലസ്ഥാനലേഖകനായി പ്രവർത്തിച്ച വിശ്വംഭരൻ അറിയപ്പെടുന്ന പത്രപ്രവർത്തകനായിരുന്നു. പത്രധർമ്മം പാലിക്കുന്നതിൽ പിടിവാശി കാട്ടിയതിനാൽ പലവട്ടം ജോലി രാജിവയ്ക്കേണ്ടിവന്നു. തിരു-കൊച്ചി വർക്കിംഗ് ജേർണലിസ്റ്റ് യൂണിയന്റെ സ്ഥാപക ജനറൽ സെക്രട്ടറിയും ഇന്ത്യൻ വർക്കിംഗ് ജേർണലിസ്റ്റ് യൂണിയൻ ദേശീയ കൗൺസിൽ അംഗവുമായിരുന്നു. അന്ത്യനാൾവരെ അക്ഷരസപര്യ തുടർന്ന വിശ്വംഭരൻ ഇംഗ്ലീഷ്, മലയാളം ഭാഷകളിൽ നിരവധി ലേഖനങ്ങളും 'മറക്കാത്ത അനുയാത്രകൾ", 'അനുസ്മരണങ്ങൾ അഭിപ്രായങ്ങൾ" എന്നീ പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. മുഴുവൻസമയ രാഷ്ട്രീയപ്രവർത്തനത്തിനിടയിലും കയർ, കരിങ്കൽ, ടെക്സ്റ്റൈൽസ്, മോട്ടോർതൊഴിലാളികളുടെ അവകാശസമരങ്ങൾക്ക് നേതൃത്വം കൊടുക്കുകയും വാഴമുട്ടം കയർ സഹകരണസംഘം പ്രസിഡന്റായി 47 വർഷം പ്രവർത്തിക്കുകയും ചെയ്തു. ജനപ്രതിനിധിയായിരിക്കുമ്പോഴും ഒരധികാരസ്ഥാനവുമില്ലാതിരുന്നപ്പോഴും നാടിന്റെ വികസനകാര്യങ്ങളിൽ യാതൊരു സ്വാർഥതാത്പര്യങ്ങളും അവകാശവാദങ്ങളുമില്ലാതെ അദ്ദേഹം സജീവമായി ഇടപെട്ടു. നേമം ഗവ.ആശുപത്രി, വെള്ളായണി കാർഷികകോളേജ്, വിഴിഞ്ഞം ഫിഷിംഗ് ഹാർബർ, കോവളം അന്താരാഷ്ട്രവിനോദസഞ്ചാരകേന്ദ്രം, തിരുവനന്തപുരം റെയിൽവേ ഡിവിഷൻ, തിരുവനന്തപുരത്തെ അന്താരാഷ്ട്ര വിമാനത്താവളം, റീജീയണൽ റിസർച്ച് ലാബ്, വാഴമുട്ടം ഗവ.സ്കൂൾ എന്നിവ സ്ഥാപിക്കുന്നതിന് അദ്ദേഹം മുൻകൈയെടുത്തു.
ഗാന്ധിയൻ സോഷ്യലിസ്റ്റ്
1951 ൽ ആചാര്യ വിനോഭാെവയുടെ നേതൃത്വത്തിൽ ആരംഭിച്ച ഭൂദാനപ്രസ്ഥാനത്തിന്റെ പദയാത്രാപരിപാടിയുടെ  സംഘാടകനായി പൊന്നറ ശ്രീധരനോടൊപ്പം പ്രവർത്തിച്ചു. ഗാന്ധിസ്മാരകനിധി, മിത്രനികേതൻ, വിനോബനികേതൻ, ജനതാഫോറം തുടങ്ങിയ ജനകീയപ്രസ്ഥാനങ്ങളുടെയും സംഘടനകളുടെയും വഴികാട്ടിയായിരുന്നു അദ്ദേഹം അന്ത്യംവരെ. ആദർശരാഷ്ട്രീയം അപ്രായോഗികമാണെന്ന് വിശ്വസിക്കുന്ന പുതിയതലമുറ രാഷ്ട്രീയപ്രവർത്തകർക്കും ചരിത്രവിദ്യാർത്ഥികൾക്കും അമൂല്യമായ പാഠപുസ്തകമാണ് പി. വിശ്വംഭരന്റെ ജീവിതം. സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന് മനസും ഗാന്ധിയൻ ആദർശത്തിന് ഹൃദയവും പങ്കിട്ടു നൽകിയ, അവിവാഹിതനായിരുന്ന ആ ചാന്ദ്രപ്രകാശം 2016 ഡിസംബർ 9 ന് തൊണ്ണൂറ്റിയൊന്നാം വയസിൽ അസ്തമിച്ചു. ആയിരം പൗർണമി കണ്ട അദ്ദേഹത്തിന് സംശുദ്ധരാഷ്ട്രീയത്തിന്റെയും സോഷ്യലിസത്തിന്റെയും പൗർണമി കാണാൻ കഴിഞ്ഞില്ല.
(കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്  പ്രസിദ്ധീകരിച്ച  'പി.വിശ്വംഭരൻ: ഗാന്ധിയൻ  സോഷ്യലിസ്റ്റ്" 
എന്ന  ജീവചരിത്രത്തിന്റെ രചയിതാവാണ്, ലേഖകൻ. 9895603170)