
വാഷിംഗ്ടൺ: കാലിഫോർണിയ, ഹവായി തീരങ്ങൾക്കിടയിൽ സ്ഥിതി ചെയ്യുന്ന ശാന്തസമുദ്രത്തിന്റെ കുപ്പത്തൊട്ടിയെന്നറിയപ്പെടുന്ന ഗ്രേറ്റ് പസിഫിക് ഗാർബേജ് പാച്ചിലെ പ്ലാസ്റ്റിക് കൂമ്പാരങ്ങൾ കടൽജീവികൾ ആവാസവ്യവസ്ഥയാക്കുന്നുവെന്ന റിപ്പോർട്ടുമായി നേച്ചർ കമ്മ്യൂണിക്കേഷൻ ജേണൽ. ഏകദേശം ടെക്‌സാസിന്റെ രണ്ടിരട്ടിയോളം വലുപ്പത്തിലാണ് ഇവിടെ മാലിന്യം അടിഞ്ഞുകിടക്കുന്നത്.
സ്വാഭാവിക ആവാസവ്യവസ്ഥയിൽ നിന്ന് മൈലുകൾ അകലെയുള്ള മാലിന്യക്കൂമ്പാരത്തിൽ വസിക്കാൻ പല ജീവികളും എത്തിയിട്ടുണ്ട്. കടൽ സസ്യങ്ങളും മാലിന്യത്തിൽ പറ്റിപ്പിടിച്ചിരിപ്പുണ്ട്. ഒഴുകുന്ന പ്ലാസ്റ്റിക് മാലിന്യം അധിനിവേശസ്വഭാവമുള്ള കടൽജീവികളെ ഒരിടത്തുനിന്ന് മറ്റിടങ്ങളിലേക്ക് വ്യാപിപ്പിക്കുമോയെന്ന ആശങ്ക ഇവ പരിശോധിച്ച ഗവേഷക സംഘം പങ്കുവയ്ക്കുന്നു. കണ്ടെത്തിയ മാലിന്യങ്ങളിൽ ഭൂരിഭാഗത്തിലും സമുദ്രജീവികൾ നിലയുറപ്പിച്ചുണ്ട്.
പ്ലാസ്റ്റിക്കിൽ തന്നെ ഇവ വംശവർദ്ധനയും നടത്തുന്നു. ഇത്തരത്തിലുള്ള 40 ജീവിവർഗ്ഗങ്ങളെ സംഘം വിശദമായി പരിശോധിച്ചു. കടലിൽ കാണപ്പെടുന്ന പ്രകൃതിദത്തമായ അവശിഷ്ടങ്ങളെക്കാൾ പ്ലാസ്റ്റിക് മാലിന്യങ്ങൾ നശിക്കാതെ നിലനിൽക്കുന്നു. അതുകൊണ്ടുതന്നെ കടൽജീവികൾ പ്ലാസ്റ്റിക്കിൽ കൂടുതൽ സുസ്ഥിരമായ ആവാസവ്യവസ്ഥയുണ്ടാക്കുകയാണെന്ന് ഗവേഷണത്തിന് നേതൃത്വം നൽകുന്ന ഡോ.ലിൻസി ഹാറം പറഞ്ഞു.
കണ്ടെത്തിയ പ്ലാസ്റ്റിക്കുകളിൽ ഭൂരിഭാഗവും നഗ്നനേത്രങ്ങളാൽ കാണാൻ കഴിയാത്ത മൈക്രോ പ്ലാസ്റ്റിക്കുകളായിരുന്നു. ഉപേക്ഷിച്ച മീൻ വലകളടക്കം പല സാധനങ്ങളും 2011 ൽ ജപ്പാനിലുണ്ടായ സുനാമിക്ക് ശേഷം പ്രദേശത്ത് അടിഞ്ഞവയാണ്. സമുദ്രങ്ങളിൽ 2050 ഓടെ 25,000 ദശക്ഷം ടൺ പ്ലാസ്റ്റിക് മാലിന്യങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന് മുമ്പ് നടത്തിയ പഠനങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു.
 പ്ലാസ്റ്റിക്കിൽ വസിക്കുന്ന പ്രധാന ജീവികൾ
 അനിമോൺ
 ചെറിയ കടൽക്കീടങ്ങൾ
 ബർണാക്കിൾ
 കക്ക
 ഞണ്ട്
 കാരണമെന്ത്?
ഇവിടെ പ്ലാസ്റ്റിക് മാലിന്യം അടിഞ്ഞുകൂടാനുള്ള പ്രധാന കാരണം സമുദ്രപ്രവാഹമാണ്. 2011ൽ ജപ്പാനിലുണ്ടായ സുനാമിയാണ് മറ്റൊരു കാരണം. സുനാമിയുടെ പരിണിത ഫലമായി നൂറുക്കണക്കിന് ജാപ്പനീസ് സമുദ്രജീവികളാണ് വടക്കൻ അമേരിക്കൻ പസഫിക്കിലും ഹവായിയൻ ദ്വീപിലും എത്തപ്പെട്ടത്.
 ലോകത്താകെ പ്ലാസ്റ്റിക് കുന്നുകൂടുന്ന അഞ്ചുസമുദ്രപ്രദേശങ്ങൾ
 അതിലൊന്ന് ഗ്രേറ്റ് പസിഫിക് ഗാർബേജ് പാച്ച്
 ഏകദേശം 6,10,000 സ്‌ക്വയർ മൈൽ വിസ്തൃതിയിൽ 79,000 ടൺ പ്ലാസ്റ്റിക് മാലിന്യങ്ങൾ പ്രദേശത്ത് ഒഴുകി നടക്കുന്നു