
മുംബയ്: രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ന്യൂസിലാൻഡിന് വേണ്ടി പത്ത് വിക്കറ്റ് വീഴ്ത്തിയ അജാസ് പട്ടേലിന് ഇന്ത്യൻ ടീമിന്റെ ആദരം. എല്ലാ ഇന്ത്യൻ താരങ്ങളും ഒപ്പിട്ട ഇന്ത്യൻ ടീമിന്റെ ജേഴ്സിയാണ് അജാസ് പട്ടേലിന് കൊഹ്‌ലിയും കൂട്ടരും സമ്മാനമായി നൽകിയത്. ഇന്ത്യൻ സ്പിന്നറായ രവിചന്ദ്രൻ അശ്വിനാണ് അജാസ് പട്ടേലിന് സമ്മാനം നൽകുന്നതിന് മുൻകൈ എടുത്തത്. ജിം ലേക്കറിനും അനിൽ കുംബ്ലെയ്ക്കും ശേഷം ടെസ്റ്റ് ക്രിക്കറ്റിൽ ഒരു ഇന്നിംഗ്സിൽ പത്ത് വിക്കറ്റ് നേടുന്ന ബൗളറാണ് അജാസ് പട്ടേൽ.
ക്രിക്കറ്റിലെ മഹാരഥന്മാരായ രണ്ട് താരങ്ങൾ അംഗങ്ങളായ ക്ലബിലാണ് അജാസും ചേർന്നിരിക്കുന്നതെന്നും അതിനുള്ള ഒരു പ്രോത്സാഹനമെന്ന നിലയ്ക്ക് തന്റെ ജേഴ്സി മറ്റെല്ലാ ഇന്ത്യൻ താരങ്ങളെ കൊണ്ടും ഒപ്പിടുവിച്ചു വാങ്ങിയെന്നും അശ്വിൻ പറഞ്ഞു. ജേഴ്സി സ്വീകരിച്ച അജാസ് പട്ടേൽ ഈ അവസരത്തിൽ എന്ത് പറയണമെന്ന് തനിക്ക് അറിയില്ലെന്നും പക്ഷേ താൻ ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരു ക്രിക്കറ്ററിൽ നിന്നും ഇത്തരം ഒരു സമ്മാനം ലഭിക്കുന്നത് വളരെ സന്തോഷമുള്ള കാര്യമാണെന്നും പറഞ്ഞു.
Special Mumbai connect 👍
— BCCI (@BCCI) December 6, 2021
Secret behind 10-wicket haul 😎
A memorable #TeamIndia souvenir ☺️
🎤 @ashwinravi99 interviews Mr Perfect 10 @AjazP at the Wankhede 🎤 #INDvNZ @Paytm
Watch this special by @28anand 🎥 🔽https://t.co/8fBpJ27xqj pic.twitter.com/gyrLLBcCBM
മുംബയ് ടെസ്റ്റിൽ രണ്ട് ഇന്നിംഗ്സിലുമായി 14 വിക്കറ്റ് അജാസ് വീഴ്‌ത്തിയിരുന്നു. ടെസ്റ്റ് ക്രിക്കറ്റിൽ ഒരു ന്യൂസിലാൻഡ് ബൗളറിന്റെ ഏറ്റവും മികച്ച രണ്ടാമത്തെ ബൗളിംഗ് പ്രകടനം കൂടിയാണിത്. 1985ൽ ഓസ്ട്രേലിയയ്ക്കെതിരെ 123 റൺ വിട്ടുകൊടുത്ത് 15 വിക്കറ്റ് വീഴത്തിയ സർ റിച്ചാർഡ് ഹാഡ്ലിയുടേതാണ് ന്യൂസിലാൻഡ് ക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനം.