
കൊച്ചി: ഇന്ത്യൻ ഓഹരി സൂചികകൾ ഇന്നലെ ആഗസ്‌റ്റ് 27ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ ക്ലോസിംഗ് പോയിന്റിലേക്ക് ഇന്നലെ കൂപ്പുകുത്തി. ഒമിക്രോൺ വ്യാപനവും റിസർവ് ബാങ്ക് ധനനയം സംബന്ധിച്ച ആശങ്കയുമാണ് തിരിച്ചടിയായത്. ഇന്നലെ ഒരുവേള 57,778വരെ ഉയരുകയും 56,668 വരെ തകരുകയും ചെയ്‌ത സെൻസെക്‌സ് 949 പോയിന്റ് നഷ്‌ടത്തോടെ 56,747ലാണ് വ്യാപാരാന്ത്യമുള്ളത്. 4.29 ലക്ഷം കോടി രൂപ ഇന്നലെ സെൻസെക്‌സിന്റെ മൂല്യത്തിൽ നിന്ന് കൊഴിഞ്ഞു.
16,892 വരെ ഇടിഞ്ഞ ശേഷമാണ് നിഫ്‌റ്റി 284 പോയിന്റിലേക്ക് നഷ്‌ടം കുറച്ച് 16,912ൽ ക്ളോസ് ചെയ്‌തത്. ഇൻഡസ്ഇൻഡ് ബാങ്ക്, ബജാജ് ഫിൻസെർവ്, ടി.സി.എസ്., ഭാരതി എയർടെൽ, എച്ച്.സി.എൽ ടെക്, ടെക് മഹീന്ദ്ര എന്നിവയാണ് നഷ്‌ടം നേരിട്ട പ്രമുഖർ. രൂപ ഡോളറിനെതിരെ 28 പൈസ ഇടിഞ്ഞ് എട്ടാഴ്‌ചത്തെ താഴ്ചയായ 75.40ലാണുള്ളത്.