maharastra

ശേഷം അമ്മയും മകനും ചേർന്ന് സെൽഫിയെടുത്തു

മുംബയ്: പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരിൽ ഗർഭിണിയായ സഹോദരിയുടെ തല വെട്ടിയെടുത്ത് പതിനേഴുകാരൻ. മഹാരാഷ്‌ട്രയിലെ ഔറംഗബാദിലാണ് ഞെട്ടിക്കുന്ന സംഭവം. കീർത്തി എന്ന പത്തൊമ്പതുകാരിയാണ് അതിദാരുണമായ ദുരഭിമാനക്കൊലയ്ക്കിരയായത്.

അമ്മയാണ് തലയറുക്കാനായി കീർത്തിയെ പിടിച്ചു വച്ചത്. കൊലയ്ക്ക് ശേഷം ചോരയിറ്റുന്ന തലയുമായി ഇരുവരും മൊബൈൽ ഫോണിൽ സെൽഫിയെടുത്തെന്നാണ് വിവരം. ശേഷം പൊലീസ് സ്റ്റേഷനിലെത്തി സഹോദരൻ കീഴടങ്ങി. പിന്നാലെ പൊലീസ് അമ്മയേയും അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ജൂണിലാണ് കീർത്തി ഇരുപതുകാരനൊപ്പം ഒളിച്ചോടി വിവാഹിതയായത്. ഞായറാഴ്ച അമ്മയും മകനും കീർത്തിയുടെ വീട്ടിൽ സൗഹൃദം നടിച്ചെത്തി. ചായയിടാൻ അടുക്കളയിലേക്ക് പോയ കീർത്തിയെ അമ്മ പിടിച്ചു വയ‌്ക്കുകയും, സഹോദരൻ അരിവാൾ ഉപയോഗിച്ച് തലയറുത്തു മാറ്റുകയുമായിരുന്നു. കീർത്തിയുടെ ഭർത്താവ് സുഖമില്ലാതെ അടുത്തമുറിയിൽ കിടക്കുകയായിരുന്നു. ശബ്ദം കേട്ട് മുറിക്ക് പുറത്തിറങ്ങിയ യുവാവിനെ കൊലപ്പെടുത്താനും കീർത്തിയുടെ സഹോദരൻ ശ്രമിച്ചെങ്കിലും ഭാഗ്യവശാൽ രക്ഷപെട്ടു.

ശേഷം വീടിന് പുറത്തെത്തിയ സഹോദരൻ കീർത്തിയുടെ തലയില്ലാത്ത ഉടൽ വായുവിൽ ചുഴറ്റി അയൽക്കാരെ കാണിക്കുകയും തലയറ്റ മൃതദേഹത്തോടൊപ്പം സെൽഫിയെടുക്കുകയും ചെയ്തു. ശേഷം പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.

കീർത്തി സ്വന്തം ഇഷ്‌ടപ്രകാരം വിവാഹം കഴിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രതികൾ കുറ്റസമ്മതം നടത്തി. മകളെ കൊല്ലാൻ അമ്മയാണ് യുവാവിനെ പ്രേരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.