
മല്ലപ്പള്ളി (പത്തനംതിട്ട): ബാബറി മസ്ജിദ് തകർത്തതിന്റെ വാർഷിക ദിനമായ ഇന്നലെ സ്കൂൾ വിദ്യാർത്ഥികളെ വഴിയിൽ തടഞ്ഞുനിറുത്തി 'ഐ ആം ബാബറി' എന്നെഴുതിയ ബാഡ്ജ് ധരിപ്പിച്ചത് വിവാദമായി.
ചുങ്കപ്പാറ കോട്ടാങ്ങൽ സെന്റ് ജോർജ് ഹൈസ്കൂളിലെ എൽ.പി. വിഭാഗം കുട്ടികളുടെ വസ്ത്രത്തിലാണ് തിങ്കളാഴ്ച രാവിലെ ചിലർ ബാഡ്ജുകൾ കുത്തിയത്. ചുങ്കപ്പാറ സ്വദേശിയായ ഒരാൾ ഫേസ് ബുക്കിൽ ഇതിന്റെ ചിത്രങ്ങളും പോസ്റ്റു ചെയ്തു. സംഭവത്തിൽ മുനീബ് , ഇബ്നു നസീർ, കണ്ടാലറിയുന്ന രണ്ടു പേർ എന്നിവർക്കെതിരെ പെരുമ്പെട്ടി പൊലീസ് കേസെടുത്തു.
മതസ്പർദ്ധ വളർത്താനും, മതസൗഹാർദം തകർക്കാനും ശ്രമിച്ചതിനാണ് കേസ്.കുട്ടികൾ ബാഡ്ജുമായി സ്കൂളിലെത്തിയപ്പോഴാണ് വിവരമറിയുന്നതെന്ന് ഹെഡ്മാസ്റ്റർ ജോസ് മാത്യു പറഞ്ഞു. രക്ഷിതാക്കളും ബി.ജെ.പി റാന്നി മണ്ഡലം വൈസ് പ്രസിഡന്റ് സുരേഷ് കെ.പിള്ളയും പരാതി നൽകിയിട്ടുണ്ട്.
കുട്ടികളെ ബാബറി ബാഡ്ജ് ധരിപ്പിച്ച സംഭവത്തിൽ പൊലീസ് കർശന നടപടി സ്വീകരിക്കാത്തത് പ്രതിഷേധാർഹമാണെന്നും, കേരളത്തെ ഭീകരവാദികളുടെ താവളമാക്കാൻ സർക്കാർ കൂട്ടുനിൽക്കുകയാണെന്നും ബി.ജെ.പിസംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പറഞ്ഞു
ദേശീയ ബാലാവകാശ കമ്മിഷൻ ഇടപെട്ടു
പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ വിദ്യാർത്ഥികളുടെ വസ്ത്രത്തിൽ ബാബറി ബാഡ്ജ് ധരിപ്പിച്ചെന്ന ആരോപണം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ദേശീയ ബാലാവകാശ കമ്മിഷൻ പത്തനംതിട്ട പൊലീസ് ചീഫ് ആർ. നിശാന്തിനിക്ക് നിർദ്ദേശം നൽകി. ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് നൽകിയ പരാതിയെ തുടർന്നാണ് കമ്മിഷൻ ചെയർപേഴ്‌സൺ പ്രിയങ്ക് കനൂംഗോയുടെ നടപടി.