dravid-pujara

മുംബയ്: ദക്ഷിണാഫ്രിക്കൻ പര്യടനത്തിന് മുമ്പ് ഇന്ത്യൻ ടീമിൽ പല മാറ്റങ്ങളുമുണ്ടാകുമെന്ന് പരിശീലകൻ രാഹുൽ ദ്രാവിഡ്. യുവതാരങ്ങളെല്ലാം മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതിൽ അതീവ സന്തോഷം ഉണ്ടെന്നും ഒരു പരിശീലകനെന്ന നിലയിൽ ടീം സെലക്ഷൻ വലിയൊരു തലവേദനയായിരിക്കുകയാണെന്ന് ദ്രാവിഡ് പറഞ്ഞു. എന്നാൽ വളരെ സന്തോഷം നൽകുന്ന ഒരു പ്രതിസന്ധിയാണ് ഇപ്പോൾ ടീമിൽ നിലനിൽക്കുന്നതെന്നും ആർക്കും ടീമിൽ ഉറച്ച സ്ഥാനം ഇല്ലാത്തതിനാൽ തന്നെ എല്ലാവരും തങ്ങളുടെ മികച്ച പ്രകടനം പുറത്തെടുക്കാൻ നിർബന്ധിതരാകുകയാണെന്ന് ദ്രാവിഡ് സൂചിപ്പിച്ചു. യുവതാരങ്ങളുടെ പ്രകടനത്തെ ഇനിയും കണ്ടില്ലെന്ന് നടിക്കാൻ സാധിക്കില്ലെന്ന് പറ‌ഞ്ഞ ദ്രാവിഡ് ചില മുതിർന്ന ഇന്ത്യൻ താരങ്ങൾക്ക് വ്യക്തമായ സൂചനകളും നൽകുന്നുണ്ട്.

മുംബയ് ടെസ്റ്റിലെ വമ്പൻ വിജയത്തിനു ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ദ്രാവിഡ്. ന്യൂസിലാൻഡ് പരമ്പരയിൽ ഒരു പകരക്കാരന്റെ വേഷത്തിൽ എത്തിയ മായങ്ക് അഗർവാളാണ് മുംബയിൽ നടന്ന രണ്ടാം ടെസ്റ്റിൽ ഇന്ത്യൻ ബാറ്റിംഗിനെ താങ്ങി നിർത്തിയത്. ആദ്യ ഇന്നിംഗ്സിൽ 150 ും രണ്ടാം ഇന്നിംഗ്സിൽ 62ും റൺസ് നേടിയ മായങ്ക് അഗർവാളിനെ ദക്ഷിണാഫ്രിക്കൻ പരമ്പരയ്ക്കുള്ള ടീമിലേക്ക് പരിഗണിക്കാതിരിക്കാൻ കഴിയില്ല. മാത്രമല്ല ദക്ഷിണാഫ്രിക്കൻ പരമ്പരയ്ക്കുള്ള മുന്നൊരുക്കമെന്ന നിലയിൽ ഇന്ത്യ എ ടീമിനോടൊപ്പം ദക്ഷിണാഫ്രിക്കയിൽ പര്യടനം നടത്തുന്ന ഹനുമാ വിഹാരിയേയും പരിഗണിക്കേണ്ടതായി വരും. ഇതിനെല്ലാം പുറമേയാണ് വിശ്രമത്തിന് ശേഷം ടീമിലേക്ക് മടങ്ങി വരുന്ന കെ എൽ രാഹുലും രോഹിത് ശർമ്മയും.

ഈയൊരു അവസ്ഥയിൽ ഭീഷണി നിലനിൽക്കുന്നത് മോശം ഫോമിൽ തുടരുന്ന അജിങ്ക്യ രഹാനെയ്ക്കും ചേതേശ്വർ പൂുാരയ്ക്കുമാണ്. ഇരുവരും കുറച്ചു നാളുകളായി റൺസ് കണ്ടെത്താൻ വിഷമിക്കുന്നുണ്ട്. എന്നാൽ ദക്ഷിണാഫ്രിക്കൻ പിച്ചുകളിൽ രഹാനെയേയും പൂജാരയേയും പോലെ 'ടെക്നിക്കലി പെർഫക്ട്' ആയ ബാറ്റർമാരെ മാറ്റിനിർത്തുന്നത് തിരിച്ചടിയാകില്ലേയെന്ന സംശയവും ടീം മാനേജമെന്റിന് ഉണ്ട്.