
പാറ്റ്ന: കൊവിഡ‌് സംബന്ധിച്ച വിവരങ്ങളിൽ വൻ ക്രമക്കേട് നടന്നതായി കണ്ടെത്തൽ. ബീഹാറിലെ അർവാൾ ജില്ലയിലാണ് തട്ടിപ്പ് നടന്നതായി കണ്ടെത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധി, ബോളിവുഡ് താരം പ്രിയങ്ക ചോപ്ര എന്നിവരുടെ പേരുകൾ കൊവിഡ് പരിശോധനാ പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നതായി കണ്ടെത്തി. പേരുകൾക്കൊപ്പം വിവരങ്ങൾ പൂരിപ്പിച്ചിരിക്കുന്നതായും കണ്ടെത്തി.
കഴിഞ്ഞ ഒക്ടോബറിൽ അർവാൾ ജില്ലയിലെ കാർപി പ്രാഥമികാരോഗ്യകേന്ദ്രത്തിൽ നടത്തിയ കൊവിഡ് പരിശോധനാ പട്ടികയിലാണ് പേരുകൾ തെറ്റായി ചേർത്തിരിക്കുന്നതായി കണ്ടെത്തിയത്. മറ്റ് പല പ്രമുഖരുടെ പേരുകളും പട്ടികയിൽ ഉണ്ട്.
സംഭവത്തിൽ ബീഹാർ സർക്കാരിന്റെ കൊവിഡ് മാനേജ്മെന്റിനെ ചോദ്യം ചെയ്ത് പ്രതിഷേധം ഉയർന്നതോടെ ക്രമക്കേടിനെപ്പറ്റി വിശദമായി അന്വേഷിക്കുമെന്നും, എഫ് ഐ ആർ ഫയൽ ചെയ്യുമെന്നും അർവാൾ ജില്ല മജിസ്ട്രേറ്റായ ജെ പ്രിയദർശിനി അറിയിച്ചു. കുറ്റവാളികളെ വെറുതേ വിടില്ലെന്നും, ഇത്തരം സംഭവങ്ങൾ ഇനിയും ആവർത്തിക്കാതിരിക്കാൻ വേണ്ട നടപടിക്രമങ്ങൾ സ്വീകരിക്കുമെന്നും അവർ വ്യക്തമാക്കി. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ കമ്മിറ്റി രൂപീകരിച്ചുവെന്നും മൂന്ന് ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകാൻ നിർദേശം നൽകിയിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.