mullaperiyar

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ജലനിരപ്പ് 142 അടിയായി നിലനിറുത്തണമെന്ന തമിഴ്നാടിന്റെ പിടിവാശിക്ക് മുന്നിൽ തോറ്റു നിൽക്കുന്ന ഒരു ജനതയാണ് പെരിയാർ തീരത്തുള്ളത്. വെള്ളം ഏതുസമയവും വീടിനകത്തേക്ക് കടക്കുമെന്ന പേടിയിലാണ് അവരോരോരുത്തരും. അതിൽ കുഞ്ഞുങ്ങളുണ്ട്, പ്രായം ചെന്നവരുണ്ട്, രോഗികളുണ്ട്, പരസഹായം കൂടാതെ എഴുന്നേൽക്കാൻ കഴിയാത്തവരുണ്ട്. അവരുടെ ജീവനും ജീവിതവും തകർക്കുന്ന നിലപാടിലേക്കാണ് തമിഴ്നാട് സർക്കാർ നീങ്ങുന്നത്.

മുന്നറിയിപ്പില്ലാതെ ഡാം തുറന്നുവിടുന്നത് ജനങ്ങൾക്ക് സുരക്ഷിതമായ ഒരു സ്ഥലത്തേക്ക് മാറുന്നതിനും തടസമാകുന്നുണ്ട്. കഴിഞ്ഞദിവസം രാത്രി ഒമ്പത് ഷട്ടറുകളിലൂടെ സെക്കൻഡിൽ 12654.09 ഘനയടി വെള്ളമാണ് ഒഴുക്കി വിട്ടത്. സാധാരണയിലും കൂടുതൽ വെള്ളമൊഴുക്കി വിട്ടത് പ്രദേശവാസികളുടെ ജീവിതത്തെ സാരമായി ബാധിച്ചു.

mullaperiyar

വണ്ടിപ്പെരിയാർ, ഉപ്പുതറ, ഏലപ്പാറ, പെരിയാർ, മഞ്ചുമല, അയ്യപ്പൻകോവിൽ, കാഞ്ചിയാർ ആനവിലാസം ഭാഗങ്ങളിലെ വീടുകളിലാണ് കൂടുതൽ വെള്ളം കയറിയത്. നൂറിലധികം കുടുംബങ്ങളെ പരിസര പ്രദേശത്ത് നിന്നും മാറ്റി. പലരും കടുത്ത പ്രതിഷേധം അറിയിച്ചു. പ്രളയത്തിന് ശേഷം ഇത്രയും വെള്ളം ഒഴുക്കി വിടുന്നത് ആദ്യമായിട്ടാണ്.

'വെള്ളം വരും എന്ന് പറയുന്നതല്ലാതെ എന്ത് മാത്രം വരുമെന്ന് ആരും കൃത്യമായി പറയാറില്ല. രാത്രി ഏഴ് മണിക്ക് അറിയിപ്പ് തരും, പത്ത് മണിയോടെ വെള്ളമെത്തുമെന്ന്. കഴിഞ്ഞ രണ്ട് മാസമായി ഞങ്ങളിങ്ങനെ പേടിച്ച് ജീവിക്കുകയാണ്. സമാധാനത്തോടെ ഉറങ്ങിയിട്ട് എത്രയോ കാലങ്ങളായി. നല്ല മഴ പെയ്യുന്ന സമയത്ത് തന്നെ ഇങ്ങനെ വെള്ളം തുറന്നു വിടുന്നത് ഞങ്ങളെ കൂടുതൽ ദ്രോഹിക്കുന്നതിന് തുല്യമാണ്. എന്തേലും സംഭവിച്ചിട്ട് നടപടി എടുക്കുന്നതിൽ കാര്യമുണ്ടോ. അർദ്ധരാത്രിയിൽ ഞങ്ങൾ എവിടേക്ക് പോകാനാണ്? " നാട്ടുകാരുടെ ഈ ചോദ്യം ഇവിടത്തെ സർക്കാരിനോടാണ്.

അതേസമയം, കേരളത്തിന്റെ ആശങ്ക കണക്കിലെടുക്കാതെ തമിഴ്നാട് ഷട്ടറുകൾ തുറക്കുന്നതിനെതിരെ മന്ത്രി റോഷി അഗസ്റ്റിൻ പ്രതിഷേധം അറിയിച്ചിട്ടുണ്ട്.

mullaperiyar

കഴിഞ്ഞ ദിവസം രാത്രി സ്ഥലത്തെത്തിയ മന്ത്രിക്കെതിരെ നാട്ടുകാർ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. പൊലീസ്, റവന്യു ഉദ്യോഗസ്ഥർ എന്നിവർക്ക് നേരെയും പ്രതിഷേധം ഉയർന്നു. സ്ഥലത്തെത്തുന്ന ഉദ്യോഗസ്ഥർ കാഴ്‌ചക്കാരെ പോലെ നോക്കി നിൽക്കുയാണെന്നാണ് പലരും പറയുന്നത്. ഇതെല്ലാം ഇവിടത്തെ ജനങ്ങളുടെ നിസഹായവസ്ഥ വ്യക്തമാക്കുന്ന കാര്യങ്ങളാണ്.

പ്രതിഷേധിക്കാനല്ലാതെ മറ്റൊന്നിനും തങ്ങൾക്ക് കഴിയില്ലെന്നും അവർക്കും അറിയാം. എങ്കിലും ഒരു കൂട്ടം മനുഷ്യരുടെ ജീവൻ വച്ച് ഈ കളി വേണമോയെന്നാണ് അവർ ചോദിക്കുന്നത്. ഇത്രയേറെ വെള്ളം തുറന്നുവിടുമെന്ന കാര്യം തമിഴ്നാട് സർക്കാർ വൈകിയാണ് തങ്ങളെ അറിയിച്ചതെന്നാണ് ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുള്ള മറുപടി.

mullaperiyar

ജനങ്ങൾക്ക് വേണ്ട മുൻകരുതലുകളെല്ലാം സ്വീകരിച്ചിട്ടുണ്ടെന്ന് പറയുന്നുണ്ടെങ്കിലും അത്തരത്തിലൊന്നും ഉണ്ടാകുന്നില്ലെന്നാണ് പ്രതിഷേധക്കാർ പറയുന്നത്. അറിയിപ്പ് വന്നതിനെ തുടർന്ന് തീരപ്രദേശങ്ങളിലുള്ളവരെ മാറ്റി പാർപ്പിക്കാൻ അധിക സമയം കിട്ടാത്തതും പ്രതിഷേധത്തിനിടയാക്കി. ഇതിനിടയിൽ ചിലരെല്ലാം സ്വന്തം വീടുകളിൽ നിന്നും മാറാനും വിസമ്മതിച്ചു.

ഒരു മാസത്തിനിടയിൽ മൂന്നാമത്തെ പ്രാവശ്യമാണ് മുല്ലപ്പെരിയാർ ഡാം രാത്രിയിൽ തുറന്നു വിടുന്നത്. വെള്ളവും ചെളിയും അടിഞ്ഞ വീട് വീണ്ടും വീണ്ടും വൃത്തിയാക്കേണ്ടി വരുന്നത് തീർത്തും ദൗർഭാഗ്യകരമായ അവസ്ഥയാണെന്നും അവർ പറയുന്നു.