 
കാടും പടലവും വെട്ടിനിരത്തി വൃത്തിയാക്കി  ഒരു പുരയിടത്തിൽ വീട്  പണിതുയർത്തുമ്പോൾ, നമ്മളറിയുന്നുണ്ടോ അവിടെ നിലനിന്ന ഒരു ആവാസവ്യവസ്ഥയാണ് തകർക്കപ്പെടുന്നതെന്ന്? മണ്ണിരയും ഉറുമ്പും പാറ്റയും ചിത്രശലഭവും കിളികളും വൃക്ഷലതാദികളും ഒക്കെച്ചേർന്ന് നിലനിന്നിരുന്ന ഒരു ചെറുലോകത്തെ ഇല്ലാതാക്കിയാണ്, പഞ്ചായത്തോ മുനിസിപ്പാലിറ്റിയോ കോർപ്പറേഷനോ അംഗീകരിച്ച ഒരു പ്ലാനുമായി നമ്മൾ ആ മണ്ണിൽ കുറ്റിയടിച്ച് കല്ലിട്ട് അടിത്തറയൊരുക്കി ചുവരുകൾ കെട്ടിപ്പൊക്കി നമ്മുടെ സ്വപ്നങ്ങളുടെ മേൽക്കൂര നിവർത്തുന്നത്! പൊറുക്കാവുന്ന കുറ്റമാണോ അത്? അല്ലേ അല്ല. പക്ഷേ വീട് എന്ന മോഹത്തിന്റെ പിറകേ പായുന്ന മനുഷ്യൻ അത് ഓർക്കാറില്ല. ഓർക്കണമെന്ന് തച്ചുശാസ്ത്രഗ്രന്ഥങ്ങളും ആ രംഗത്തെ പ്രമാണിമാരും ഓർമ്മിപ്പിക്കുന്നു. 'മനുഷ്യാലയ ചന്ദ്രിക" എന്ന പ്രാമാണിക ഗ്രന്ഥത്തിൽ വാസ്തുപുരുഷനെക്കുറിച്ചും വാസ്തുദേവതോപാസനയെക്കുറിച്ചും വിശദമായി പ്രതിപാദിച്ചിട്ടുണ്ട്.
അനിയേട്ടൻ എന്നു ഞങ്ങൾ വിളിക്കുന്ന കാണിപ്പയ്യൂർ പരമേശ്വരൻ നമ്പൂതിരിപ്പാടാണ് രണ്ട് വർഷം മുമ്പ് ഭൂമിപൂജ തൊട്ട് അതേക്കുറിച്ച് പലപ്പോഴായി പറഞ്ഞുതന്നത്. ഭൂമിയിലേക്കുവന്ന് സർവ്വനാശം വിതച്ച ഒരസുരനെ  തളയ്ക്കാൻ, ഉറങ്ങുന്നനേരത്ത് ആ ദേഹത്തിൽ ബ്രഹ്മാദിദേവന്മാരടക്കം അറുപത്തിനാല് ഭൂതഗണങ്ങൾ പ്രവേശിച്ചതായാണ് സങ്കൽപ്പം. അതാണ് വാസ്തുപുരുഷൻ. വാസ്തുപൂജയിലൂടെ ബ്രഹ്മാദിദേവരെ ഉപാസിക്കുകയാണ് ചെയ്യുന്നത്. പൂജിച്ച അറുപത്തിനാല് ചോറുരുളകൾ, ഒടുവിൽ പക്ഷിമൃഗാദികൾക്ക് നൽകി പരിഹാരക്രിയ ചെയ്യുന്നു. അനിയേട്ടൻ നിർദ്ദേശിച്ച പ്രകാരം കിഴക്കേടം കുഞ്ഞിക്കൃഷ്ണൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ മകൻ വിനീത് കിഴക്കേടവും മറ്റു പരികർമ്മികളും ഗൃഹപ്രവേശത്തിന്റെ തലേന്ന് സന്ധ്യക്ക് പയ്യന്നൂരിലെ ഞങ്ങളുടെ പുതിയ വീടിന്റെ അകത്തളത്തിൽ കർമ്മങ്ങളൊരുക്കി. പഞ്ചശിരസ്ഥാപനം നടത്തി. ചെമ്പുതകിടിൽ മദ്ധ്യത്തിൽ വെള്ളിയിൽ തീർത്ത ആമ, മുകളിലും താഴേയും ആനയും സിംഹവും, വശങ്ങളിൽ പന്നിയും പോത്തും -- ഇങ്ങനെയാണ് പഞ്ചശിരസുകൾ. ഇവ പൂജാമുറിയിലെ നിലത്ത് പ്രത്യേക അറയിൽ പ്രതിഷ്ഠിച്ചശേഷം പിറ്റേന്ന് പുലർച്ചെ ഗണപതിഹോമവും ഭഗവതിസേവയും കഴിഞ്ഞ് പാലുകാച്ചി ഞങ്ങൾ ആ പുതുവസതിയിൽ വാസമുറപ്പിച്ചു. ശാസ്ത്രത്തിന്റെ ചെറുകിളികളും വിശ്വാസത്തിന്റെ പൂമ്പാറ്റകളും ചിറകടിച്ച് സ്വാഗതമോതി...! ഞങ്ങൾ സ്വസ്ഥരായി.
 
രണ്ട് പത്തിരുപത്തഞ്ചുകൊല്ലം താമസിച്ച പയ്യന്നൂരിലെ വീട് കയ്യൊഴിഞ്ഞ് ഞങ്ങൾ ലോകത്തിന്റെ പലഭാഗത്തായി ചിതറിക്കഴിയുകയായിരുന്നു. 'വീണ്ടും പയ്യന്നൂർ" എന്ന സ്വപ്നം അച്ഛനും അമ്മയും തന്നെയാണ് മുന്നോട്ടു വച്ചത്. അനിയനും അനിയത്തിയും ഞാനും അതിന് പിന്തുണ നൽകി. അങ്ങനെ പെരുമാൾ ക്ഷേത്രത്തിനു തൊട്ടുമുന്നിൽ പുതിയ വാസസ്ഥലമുയർന്നു. കഴിഞ്ഞ കുറേ വർഷങ്ങളായി നാട്ടിലെത്തിയാൽ ബോംബെ ഹോട്ടലായിരുന്നു എന്റെ വസതി! അതും ഒന്നോ രണ്ടോ ദിവസം മാത്രം. പക്ഷേ, ഇത്തവണ, വൃശ്ചികം എന്നെ പതിനാല് ദിവസം മുഴുവനായും പയ്യന്നൂരുകാരനാക്കി. ആരാധനാ മഹോത്സവത്തിന്റെ വർണ്ണങ്ങളിൽ മുഴുവനായും മുങ്ങിത്താഴ്ന്നു. പഴയ സൗഹൃദങ്ങളുടെ ചൂടും ചൂരുമറിഞ്ഞു. ആരേയും പ്രത്യേകിച്ച് അറിയിച്ചിരുന്നില്ല. എങ്കിലും പലരും അന്വേഷിച്ചുവന്നു. സ്നേഹം പങ്കിട്ടു.
മൂന്ന്
വീടെന്ന സ്വപ്നത്തിന്റെ പിറകേ ഒരുപാട് അലഞ്ഞുനടന്ന ഉണ്ണി എന്ന ചെറുപ്പക്കാരനെ ഞാനിപ്പോൾ ഓർക്കുന്നു. ഗൾഫിൽ പോയി അയാൾ കഷ്ടപ്പെട്ടതത്രയും അമ്മയ്ക്കും സഹോദരിക്കും കയറിത്താമസിക്കാൻ ഒരു വീട് പണിയാനാണ്. എന്നാൽ അയാൾക്ക് വിധി കാത്തുവെച്ചത് കയ്പുനീരാണ്. ക്രൂരനായ ഒരു ബാങ്ക് മാനേജരും അയാൾക്കു വിടുപണി ചെയ്ത ഒരു എൻജിനീയറും സ്ഥലത്തെ പൊലീസ് ഓഫീസറുമൊക്കയായിരുന്നു വില്ലന്മാർ!
ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് മത്സരിച്ച് തോറ്റ കൃഷ്ണകുമാർ എന്ന മികച്ച അഭിനേതാവായിരുന്നു ഉണ്ണിയെ അനശ്വരനാക്കിയത്. ബാങ്ക് മാനേജർ വിൻസന്റ് ഡിക്രൂസായി നരേന്ദ്രപ്രസാദും  എസ്.ഐ.യായി കൊല്ലം തുളസിയും എൻജിനീയർ സലാഹുദ്ദീൻ സാഹിബായി പി.എ.എം. റഷീദും തകർത്തഭിനയിച്ചു. ഉണ്ണിയുടെ ചേച്ചിക്ക് ജലജയും അമ്മയ്ക്ക് കുട്ട്യേടത്തി വിലാസിനിയും ജീവൻ നൽകി. വേറേയുമുണ്ടായിരുന്നു താരങ്ങൾ - നാദിർഷ, ജഗന്നാഥവർമ്മ, കാലടി ഓമന, കെ.കെ. രാജീവ്, മനുവർമ്മ, ജി.കെ. പിള്ള... സുഹൃത്ത് ടി.പി. ഗംഗാധരൻ എഴുതിയ 'മടക്കയാത്ര" എന്ന കഥയിൽ നിന്നാണ് ഞാൻ തിരക്കഥയൊരുക്കി 'ഗൃഹപ്രവേശം" എന്ന സീരിയൽ സംവിധാനം ചെയ്തത്. ഇന്നേക്ക് കൃത്യം 24 വർഷം മുമ്പ്, 1997 ഡിസംബർ 12-ന് അത് ഏഷ്യാനെറ്റിൽ സംപ്രേഷണമാരംഭിച്ചു. 13 ആഴ്ചകളിലായി, ശരാശരി മനുഷ്യന്റെ വീടെന്ന സ്വപ്നത്തിന്റേയും സ്വപ്നഭംഗത്തിന്റേയും കഥ മിനിസ്ക്രീനിൽ പരന്നൊഴുകി...
 
നാല്
വീടുകൾക്ക് ജീവനുണ്ടെന്ന് എന്നോടാദ്യം പറഞ്ഞത്  സുഹൃത്തായ  ആർക്കിടെക്ട് ജി. ശങ്കറാണ്. ശങ്കർ പണിയുന്ന വീടുകൾക്കെല്ലാം  ആത്മാവും  ഹൃദയവുമുണ്ടെന്ന് പിന്നീടെനിക്ക് മനസിലായി. തിരുവനന്തപുരത്ത് പൂജപ്പുരയിൽ ഞാൻ വാങ്ങിയ പത്തു സെന്റ് സ്ഥലത്ത്  മണ്ണുകൊണ്ട്  ജീവനുള്ള  ഒരു വീട് വച്ചു തരാമെന്ന്  ശങ്കർ  പറഞ്ഞെങ്കിലും, ഞാനാ ഭൂമി വിറ്റ് തുലച്ച്നഗരഹൃദയത്തിൽ ഫ്ളാറ്റ് വാങ്ങി! പക്ഷേ, സ്വപ്നം കാണാനൊരു മുറി, ചിന്തിക്കാനൊരു മുറി, ധ്യാനിക്കാനൊരു മുറി എന്നൊക്കെയുള്ള 'ശങ്കർചിന്തകൾ" ഇപ്പോൾ പയ്യന്നൂരിലെ പുതുവസതിയിൽ ഞാൻ ആസ്വദിച്ചനുഭവിച്ചു. എന്റേയും അനിയന്റേയും സുഹൃത്തായ മസ്ക്കറ്റിലെ ബിൽഡിംഗ് ഡിസൈനർ സുരേഷ് ബാബുവിന്റേതാണ് രൂപകൽപ്പന. പതിനാലുദിവസത്തെ പൊറുതി കഴിഞ്ഞ് വീണ്ടും  നഗരബഹളത്തിലേക്ക്  മടങ്ങാൻ നേരം വീടിന്റെ ചുവരുകൾ എന്നോട് ചോദിച്ചു: ''ഇനി എപ്പഴാ വരിക? എന്നാണ് നമ്മൾ വീണ്ടും കാണുക?""
''ഉടനെ, ഉടനെ മടങ്ങി വരാം"" ഞാൻ ചുവരുകളിൽ ചുണ്ട് ചേർത്ത് പതിയെ പറഞ്ഞു.
(സതീഷ്ബാബു പയ്യന്നൂർ: 98470 60343)