modi

ന്യൂഡൽഹി: പാ‌ർലമെന്റിലെ ശീതകാല സമ്മേളനം രണ്ടാഴ്ച പിന്നിടുമ്പോൾ ഹാജറിൽ കുറവ് വന്നതിന്റെ പേരിൽ പാർട്ടി നേതാക്കളെ രൂക്ഷമായി വിമ‌ർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹാജർനില ക്രമപ്പെടുത്തണമെന്നും സ്വയം മാറണമെന്നുമുള്ള കർശന മുന്നറിയിപ്പാണ് മോദി നേതാക്കൾക്ക് നൽകിയിരിക്കുന്നത്. അംബേദ്കർ ഇന്റർനാഷണൽ സെന്ററിൽ നടന്ന ബിജെപി പാർലമെന്ററി പാർട്ടിക്കിടെയായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം. മോദിയ്ക്കുപുറമേ, കേന്ദ്രമന്തിമാരായ പ്രഹ്ളാദ് ജോഷി, ജിതേന്ദ്ര സിംഗ്, അർജുൻ റാം മെഖ്വാൾ തുടങ്ങിയ ഉന്നത നേതാക്കളും യോഗത്തിൽ പങ്കെടുത്തിരുന്നു.

നേതാക്കൾ ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കിൽ വേണ്ട നടപടികൾ സ്വീകരിക്കുമെന്നും മോദി മുന്നറിയിപ്പ് നൽകി. തെറ്റുകൾ ചൂണ്ടിക്കാണിച്ചാൽ കുട്ടികൾ പോലും അത് ആവ‌ർത്തിക്കില്ലെന്നും എന്നാൽ ഇത്തരത്തിൽ മുതിർന്ന നേതാക്കളെ ശകാരിക്കാൻ സാധിക്കില്ലെന്നും മോദി കുറ്റപ്പെടുത്തി. ബി.ജെ.പി എം.പിമാരുടെ ഹാജർ കുറവാണെന്ന് ഇതാദ്യമായല്ല പ്രധാനമന്ത്രി ചൂണ്ടിക്കാട്ടുന്നത്.

അതത് മണ്ഡലങ്ങളിലെ ജില്ലാ പ്രസിഡന്റുമാരായും മണ്ഡലം പ്രസിഡന്റുമാരുമായും ആശയവിനിമയം നടത്തണമെന്ന് ബി ജെ പി അദ്ധ്യക്ഷൻ ജെ പി നദ്ദ യോഗത്തിനിടെ പാർട്ടി നേതാക്കളോട് ആവശ്യപ്പെട്ടു. സ്വന്തം മണ്ഡലമായ വാരണാസിയിലെ ജില്ലാ പ്രസിഡന്റുമാരുമായി ഡിസംബർ പതിനാലിന് പ്രധാനമന്ത്രി സംവദിക്കും. സ്വന്തം മണ്ഡലങ്ങളിൽ കായിക മത്സരങ്ങൾ സംഘടിപ്പിക്കണമെന്ന് മോദി എം പിമാരോട് നിർദേശിച്ചതായി പാർലമെന്ററികാര്യ മന്ത്രി പ്രഹ്ളാദ് ജോഷി വെളിപ്പെടുത്തി.