bvgh

വാഷിംഗ്ടൺ : നാസയുടെ ഭാവി പദ്ധതികൾക്കായുള്ള പുതിയ ബഹിരാകാശ സഞ്ചാരികളുടെ പട്ടികയിൽ ഇടം പിടിച്ച് ഇന്ത്യൻ വംശജനും. 12,000 അപേക്ഷകരിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പത്തു പേരിൽ പാതി മലയാളിയായ അനിൽ മേനോൻ ഇടം നേടിയത് മലയാളികൾക്കും അഭിമാന നിമിഷമായി. മലയാളിയായ ശങ്കരൻ മേനോന്റേയും ഉക്രെയ്ൻ കാരിയായ ലിസ സാമോലെങ്കോയടേയും മകനാണ് 45 കാരനായ അനിൽ മേനോൻ.എമർജൻസി മെഡിസിൻ വിഭാഗം ഡോക്ടർ കൂടിയായ ഇദ്ദേഹം ,​ നേരത്തെ സ്‌പേസ് എക്സിന്റെ ഡെമോ 2 മിഷന്റെ ഭാഗമായി ഫ്ലൈറ്റ് സർജനായും പ്രവർത്തിച്ചിട്ടുണ്ട്. അടുത്ത വർഷം ജനുവരി മുതൽ,​ ദൗത്യത്തിന്റെ ഭാഗമായി ഇദ്ദേഹത്തിന് രണ്ട് വർഷത്തെ പരിശീലനമുണ്ടാകും.

നിരവധി അന്താരാഷ്ട്ര ബഹിരാകാശ വിക്ഷേപണ ദൗത്യങ്ങളിൽ നാസയ്ക്ക് വേണ്ടി പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം അമേരിക്കൻ വ്യോമസേനയിൽ ലെഫ്റ്റനന്റ് കേണലായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 201 ലെ ഹെയ്തി ഭൂകമ്പം, 2015 ലെ നേപ്പാൾ ഭൂകമ്പം, 2011 ലെ റെനോ എയർഷോ അപകടം എന്നിവിടങ്ങളിൽ രക്ഷാപ്രവർത്തന സംഘത്തിന്റെ ഭാഗമായി പ്രവർത്തിച്ചിട്ടുണ്ട്. 1995 ൽ മിനെസോട്ടയിലെ സമ്മിറ്റ് സ്‌കൂളിൽ നിന്നും സെന്റ് പോൾ അക്കാദമിയിൽ നിന്നും വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം ഹാർവാർഡ് സർവകലാശാലയിൽ നിന്ന് ന്യൂറോളജിയിൽ ബിരുദം നേടി. സ്റ്റാൻഫോർഡ് സർവകലാശാലയിൽ നിന്ന് മെക്കാനിക്കൽ എൻജിനീയറിങിൽ ബിരുദാനന്തര ബിരുദവും 2006 ൽ സ്റ്റാൻഫോർഡ് മെഡിക്കൽ സ്‌കൂളിൽ നിന്ന് ഡോക്ടർ ഒഫ് മെഡിസിനിലും യോഗ്യത നേടി. പോളിയോ വാക്സിനേഷനെക്കുറിച്ചുള്ള ഗവേഷണങ്ങളുടെ ഭാഗമായി അദ്ദേഹം ഇന്ത്യയിൽ ഒരു വർഷം ചെലവഴിച്ചിട്ടുണ്ട്. സ്‌പേസ് എക്സിൽ ഉദ്യോഗസ്ഥയായ അന്ന മേനോൻ ആണ് ഭാര്യ. രണ്ട് മക്കളുണ്ട്.