kane-williamson

മുംബയ്: പരിക്കേറ്റ ന്യൂസിലാൻഡ് നായകൻ കെയ്ൻ വില്ല്യംസണിന് ചുരുങ്ങിയത് രണ്ട് മാസത്തേക്കെങ്കിലും ക്രിക്കറ്റിൽ നിന്ന് വിട്ടുനിൽക്കേണ്ടി വന്നേക്കുമെന്ന് പരിശീലകൻ ഗാരി സ്റ്റെഡ്. കൈക്കുഴയ്‌ക്കേറ്റ പരിക്കിനെ തുടർന്ന് ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിൽ നിന്ന് വില്ല്യംസൺ വിട്ടുനിന്നിരുന്നു. വില്ല്യംസണിനെ കൈക്കുഴയ്‌ക്കേറ്റ പരിക്ക് ദീർ‌ഘനാളായി അലട്ടുന്നുണ്ട്. പരിക്ക് വീണ്ടും മ‌ടങ്ങിയെത്തിയതോടെ അടുത്ത മാസം ന്യൂസിലാൻഡിൽ നടക്കുന്ന ബംഗ്ളാദേശ് പരമ്പരയിൽ നിന്ന് വില്ല്യംസൺ വിട്ടുനിന്നേക്കും.

വില്ല്യംസണിന് ഏറ്റ പരിക്ക് ഗുരുതമാണെന്നും ദീർഘകാലത്തേക്ക് ന്യൂസിലാൻഡ് നായകന് കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കേണ്ടി വന്നേക്കുമെന്ന് തനിക്ക് ആദ്യം തന്നെ മനസിലായിരുന്നുവെന്ന് പരിശീലകൻ വ്യക്തമാക്കി. കഴിഞ്ഞ തവണ ഇതേ പരിക്ക് ഉണ്ടായപ്പോൾ ഏകദേശം ഏഴ് മുതൽ എട്ട് ആഴ്ച വരെ വില്ല്യംസണിന് കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കേണ്ടി വന്നുവെന്നും ഇത്തവണയും സമാന രീതിയിലുള്ള സമയം എടുത്തേക്കാമെന്ന് തങ്ങൾ കരുതുന്നതായി പരിശീലകൻ അറിയിച്ചു.

തത്ക്കാലം ഒരു ശസ്ത്രക്രിയ ചെയ്യാൻ പദ്ധതിയില്ലെന്നും വിശ്രമത്തിലൂടെ പരിക്ക് ഭേദമാക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ബംഗ്ളാദേശ് പര്യടനം കഴിഞ്ഞ ശേഷം ന്യൂസിലാൻഡ് ദക്ഷിണാഫ്രിക്കയുമായി പരമ്പരയിൽ പങ്കെടുക്കുന്നുണ്ട്. എന്നാൽ ദക്ഷിണാഫ്രിക്കൻ പര്യടനത്തിനും വില്ല്യംസൺ ടീമിൽ മടങ്ങിയെത്തുമോ എന്ന് ഉറപ്പ് പറയാൻ കോച്ച് തയ്യാറായില്ല. പരിക്കിൽ നിന്ന് മോചിതനാകാൻ ഒരു നിശ്ചിത കാലയളവ് തങ്ങൾ ഇപ്പോൾ വയ്ക്കുന്നില്ലെന്നും ശരിയായ വിശ്രമം ആണ് വില്ല്യംസണിന് നിലവിൽ ആവശ്യമെന്നും പരിശീലകൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.