finance-minister-

കോഴിക്കോട്: പെട്രോളും ഡീസലും ജി.എസ്.ടിയുടെ പരിധിയിൽ ഉൾപ്പെടുത്താനാവില്ലെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു. കേരള സ്റ്റേറ്റ് സ്മാൾ ഇൻഡസ്ട്രീസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഒരുക്കിയ മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പെട്രോൾ,ഡീസൽ എന്നിവയിൽ നിന്നാണ് സംസ്ഥാനത്തിന് കാര്യമായ നികുതി വരുമാനം കിട്ടുന്നത്. നിലവിൽ വലിയ കടബാദ്ധ്യതയാണ് സംസ്ഥാനത്തിനുള്ളതെന്നും അദ്ദേഹം പറഞ്ഞു. ദിവസവും വില വർദ്ധിക്കുന്ന പാചക വാതകം ജി.എസ്.ടിയുടെ പരിധിയിലാണ്. സംസ്ഥാന സർക്കാരിനും വ്യവസായികൾക്കും ബുദ്ധിമുട്ടാണ് ജി.എസ്.ടി കാരണമുണ്ടാകുന്നത്.

ഭൂമിയുടെ കുറവ് കൊണ്ട് ആർക്കും വ്യവസായം തുടങ്ങാനാവാത്ത അവസ്ഥ ഉണ്ടാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കോഴിക്കോട്ട് സ്‌പോർട്സ് വില്ലേജ് സ്ഥാപിക്കും. കല്ലായി മരവ്യവസായത്തെ സംരക്ഷിക്കാനും നടപടിയുണ്ടാവും. മലബാർ ചേംബർ ഓഫ് കൊമേഴ്സ്, കലിക്കറ്റ് ചേംബർ ഓഫ് കൊമേഴ്സ്, കലിക്കറ്റ് മാനേജ്‌മെന്റ് അസോസിയേഷൻ, ഫൂമ, വ്യാപാരി വ്യവസായി സമിതി, വ്യാപാരി വ്യവസായി ഏകോപന സമിതി, ഐ.ഐ.എ, സി.ഐ.ഐ,ഗ്രേറ്റർ മലബാർ ഇനീഷീയേറ്റീവ്, കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഫൂട്ട് വെയർ ഇന്റസ്ട്രീസ്, കലിക്കറ്റ് മാനേജ്‌മെന്റ് അസോസിയേഷൻ എന്നീ സംഘടനകൾ പങ്കാളികളായി.

എം.ഖാലിദ് അദ്ധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എമാരായ എ. പ്രദീപ്കുമാർ, വി.കെ.സി. മമ്മദ് കോയ, മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി.അഹമ്മദ്, കെ.വി. ഹാസിഫ് അഹമ്മദ്, സൂര്യ അബ്ദുൾഗഫൂർ,പി.പി. മുസമ്മൽ, സുബൈർ കൊളക്കാടൻ എന്നിവർ സംസാരിച്ചു. എം.അബ്ദുറഹ്മാൻ സ്വാഗതവും വി.പി.ഹരിദാസ് നന്ദിയും പറഞ്ഞു.