
ന്യൂഡൽഹി : ഇന്ത്യൻ സംസ്ഥാനങ്ങളുടെ ആരോഗ്യ പട്ടിക പരിശോധിച്ചാൽ പലപ്പോഴും അവസാന നമ്പരുകളിലാവും ബീഹാർ എന്ന സംസ്ഥാനത്തിന്റെ സ്ഥാനം. എന്നാൽ ഇന്ത്യൻ രാഷ്ട്രീയത്തിലേയും, സിനിമാ രംഗത്തേയും മുൻനിരയിലുള്ളവർ കൊവിഡ് പരിശോധന നടത്താനും, വാക്സിൻ സ്വീകരിക്കാനും ബീഹാറിൽ എത്തി എന്ന് പറഞ്ഞാൽ വിശ്വസിക്കാനാവുമോ ? വിശ്വസിക്കാത്തവർ ഈ പട്ടിക പരിശോധിച്ചാൽ മതിയാവും. പട്ടികയിൽ പറയുന്നത് പ്രകാരം
നരേന്ദ്ര മോദി, അമിത് ഷാ, സോണിയ ഗാന്ധി, പ്രിയങ്ക ചോപ്ര,അക്ഷയ് കുമാർ തുടങ്ങിയവരെല്ലാം ബീഹാറിലെത്തി കൊവിഡ് പരിശോധന നടത്തുകയും വാക്സിൻ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. സംസ്ഥാന ആരോഗ്യ വകുപ്പിൽ നിന്നും ലഭിക്കുന്ന വിവരങ്ങളിലാണ് ഈ അബദ്ധങ്ങളുള്ളത്. കൊവിഡ് പരിശോധന നടത്തിയ വിവിധയാളുകളാണ് നേതാക്കളുടെ പേരിൽ പരിശോധന നടത്തിയിരിക്കുന്നത്.

സംഭവം വിവാദമായതോടെ പരിശോധന കടുപ്പിക്കാനാണ് സർക്കാർ നൽകിയിരിക്കുന്ന നിർദ്ദേശം. 'ഏകദേശം 20 ദിവസം മുമ്പ് സിവിൽ സർജൻ രേഖകൾ പരിശോധിക്കുമ്പോഴാണ് ഈ ലജ്ജാകരമായ കാര്യം ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടത്. ബന്ധപ്പെട്ട രണ്ട് ഡാറ്റാ ഓപ്പറേറ്റർമാരെ പിരിച്ചുവിടുകയും അവർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തു,' ജില്ലാ മജിസ്‌ട്രേറ്റ് ജെ പ്രിയദർശിനി പറഞ്ഞു. അടുത്തിടെ ബീഹാറി കോളേജ് അഡ്മിഷനിലും താരങ്ങളായ സണ്ണി ലിയോണിന്റെയും ഇമ്രാൻ ഹാഷ്മിയുടെയും പേരുകൾ ഉൾപ്പെട്ടത് വാർത്തയായിരുന്നു.