
ന്യൂഡൽഹി: റോയൽ എൻഫീൽഡ് തങ്ങളുടെ 120ാമത് വാർഷികം പ്രമാണിച്ച് പുറത്തിറക്കിയ ആനിവേഴ്സറി എഡിഷൻ ബൈക്കുകൾ വിറ്റഴിഞ്ഞത് വെറും 120 സെക്കൻഡുകൾ കൊണ്ട്. ഇന്നലെ രാത്രിയാണ് വാഹനങ്ങളുടെ ഓൺലൈൻ വില്പന എൻഫീൽഡ് ആരംഭിച്ചത്. എന്നാൽ വില്പന ആരംഭിച്ച് രണ്ട് മിനിട്ടുകൾക്കുള്ളിൽ എല്ലാ വാഹനങ്ങളും വിറ്റഴിഞ്ഞതായി എൻഫീൽഡ് അവകാശപ്പെട്ടു. 120 ബൈക്കുകളായിരുന്നു വില്പനയ്ക്ക് വച്ചത്. സെക്കൻഡിൽ ഒരു ബൈക്ക് എന്ന കണക്കിലായിരുന്നു ബുള്ളറ്റിന്റെ വില്പന.
റോയൽ എൻഫീൽഡ് ഇന്റർസെപ്റ്റർ 650ന്റെ 60 ബൈക്കുകളും റോയൽ എൻഫീൽഡ് കോണ്ടിനെന്റൽ ജി ടിയുടെ 60 ബൈക്കുകളുമാണ് എൻഫീൽഡ് സ്പെഷ്യൽ എഡീഷനായി പുറത്തിറക്കിയത്. ആദ്യം എത്തുന്നവർക്ക് ആദ്യ ബൈക്ക് എന്ന രീതിയിലായിരുന്നു വില്പന. ഇന്നലെ രാത്രി 7 മണിക്കായിരുന്നു ഓൺലൈൻ വഴിവില്പന ആരംഭിച്ചത്. വില്പന തുടങ്ങി മിനിട്ടുകൾക്കകം ബൈക്കുകളെല്ലാം വിറ്റുപോകുകയും ചെയ്തു.
ഓരോ ബൈക്കിനോടൊപ്പവും എൻഫീൽഡിന്റെ തന്നെ സ്പെഷ്യൽ ബ്ളാക്ക് ഔട്ട് എഡിഷൻ അക്സസറി കിറ്റും അഞ്ച് വർഷം വരെ എക്സ്റ്റന്റഡ് വാറണ്ടിയും ലഭിക്കുന്നുണ്ട്. മൂന്ന് വർഷത്തേക്കാണ് സാധാരണ എൻഫീൽഡ് വാഹനങ്ങൾക്ക് വാറണ്ടി വരിക.