
പൊൻകുന്നം: ആളില്ലാതിരുന്ന വീട്ടിൽ കവർച്ച നടത്തിയ കേസിലെ പ്രതി കട്ടപ്പനയിൽ അറസ്റ്റിലായി. ഇടുക്കി വെള്ളിലാംകണ്ടത്ത് വാടകയ്ക്ക് താമസിക്കുന്ന തിരുവനന്തപുരം നെയ്യാറ്റിൻകര പാറശ്ശാല പൂവരക്കുവിള വീട്ടിൽ സജു (36)ആണ് അറസ്റ്റിലായത്. കട്ടപ്പന പോലീസ് സ്റ്റേഷൻ പരിധിയിലെ മോഷണക്കേസിലാണ് ഇയാളെ പിടികൂടിയത്. ചോദ്യം ചെയ്യലിൽ പൊൻകുന്നത്തെ മോഷണക്കേസും തെളിയുകയായിരുന്നു. പൊൻകുന്നം 20ാം മൈൽ പ്ലാപ്പള്ളിൽ പി.സി.ദിനേശ് ബാബുവിന്റെ വീട്ടിൽ നിന്ന് കഴിഞ്ഞയാഴ്ച 1.35 ലക്ഷം രൂപ, 13 പവൻ സ്വർണം, 35000 രൂപ വിലയുള്ള മൂന്നുവാച്ച് എന്നിവയാണ് കവർന്നത്. അടുത്ത കാലയളവിൽ നടന്ന ഇരുപതോളം ഭവനഭേദന കേസുകളിൽപ്പെട്ട പ്രതിയാണിയാളെന്ന് പൊലീസ് പറഞ്ഞു. കട്ടപ്പനയിൽ 13 കേസും പെരുവന്താനത്ത് രണ്ടുകേസും മുരിക്കാശ്ശേരിയിൽ മൂന്നുകേസും നിലവിലുണ്ട്. 2020 നവംബറിൽ പൊൻകുന്നം കുന്നുംഭാഗത്ത് വഴിയാത്രക്കാരിയുടെ മാല പൊട്ടിച്ച കേസിൽ ഇയാൾ അറസ്റ്റിലായിരുന്നു. ഈ വർഷം ജനുവരിയിലാണ് ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. ഭവനഭേദനത്തിനായി പ്രത്യേകം ആയുധങ്ങൾ നിർമ്മിച്ച് തിരിച്ചറിയാത്ത വിധം മുഖംമൂടിയും കൈയുറകളും ധരിച്ച് ആയുധങ്ങൾ പ്രത്യേകം ബാഗിലാക്കി രാത്രികാലങ്ങളിൽ ബൈക്കിലെത്തിയാണ് പ്രതി കൃത്യങ്ങൾ നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. പ്രധാന റോഡുകളോടുചേർന്ന ഒറ്റപ്പെട്ട വീടുകളാണ് മോഷണത്തിനായി തിരഞ്ഞെടുത്തിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പൊൻകുന്നം പൊലീസ് പ്രതിയെ തെളിവെടുപ്പിനായി കസ്റ്റഡിയിൽ വാങ്ങും.