robbery

ആലപ്പുഴ: നഗ്നനായി എത്തി പെൺകുട്ടിയുടെ മാല പൊട്ടിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. തകഴി പഞ്ചായത്ത് എട്ടാം വാർഡിൽ ചെക്കിടിക്കാട് പതിനഞ്ചിൽ സോജൻ (36)​ ആണ് കുറുവസംഘത്തിന്റെ മാതൃകയിൽ മോഷണത്തിനിറങ്ങിയത്.

തിങ്കളാഴ്ച രാത്രി 9.30ഓടെയായിരുന്നു സംഭവം. തലവടി മുരിക്കോലിമുട്ടിന് സമീപത്തെ ഒരു വീട്ടിൽ പെൺകുട്ടിയുടെ മാല പൊട്ടിക്കാൻ ശ്രമിക്കുന്നതിനിടെ വീട്ടുകാർ കണ്ടതിനെ തുടർന്ന് പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു.

പച്ച ജംഗ്‌ഷനിലെ ഓട്ടോഡ്രൈവറാണ് സോജൻ. തലവടി മുരിക്കോലിമുട്ട് പാലത്തിന് സമീപം ഓട്ടോ നിറുത്തിയിട്ട ശേഷം വഴിയിൽ മൊബൈലും പഴ്സും വസ്‌ത്രവും ഉൾപ്പെടെയുള്ളവ പൊതിഞ്ഞുവച്ചിട്ടാണ് മോഷണത്തിനിറങ്ങിയത്. നാട്ടുകാർ ചേർന്ന് അന്വേഷണം നടത്തിയതോടെയാണ് തുണിക്കെട്ട് കിട്ടുന്നത്.

മൊബൈലിൽ നിന്നും ഭാര്യയെ വിളിച്ചപ്പോഴാണ് വീടും സ്ഥലവും തിരിച്ചറിയുന്നത്. തുടർന്ന്,​ തൊണ്ടി സാധനങ്ങളെല്ലാം എടത്വ പൊലീസിൽ ഏൽപ്പിച്ചു. പിറ്റേ ദിവസം നടത്തിയ അന്വേഷണത്തിലാണ് പച്ച ജംഗ്ഷനു സമീപത്ത് വച്ച് സോജനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ആറോളം മോഷണക്കേസുകൾ പ്രതിയുടെ പേരിലുണ്ട്.