ldf

തിരുവനന്തപുരം: പിറവം മുനിസിപ്പാലിറ്റി ഭരണം നിലനിർത്തി എൽ ഡി എഫ്. ഇടപ്പള്ളിച്ചിറ വാർഡിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ 26 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് എൽ ഡി എഫ് സ്ഥാനാർത്ഥിയായ ഡോ അജേഷ് മനോഹർ വിജയിച്ചത്. മുൻസിപ്പാലിറ്റിയിൽ എൽ ഡി എഫിനും യു ഡി എഫിനും തുല്യ അംഗബലമായതിനാൽ വാശിയേറിയ പോരാട്ടമാണ് ഇവിടെ നടന്നത്.

കോഴിക്കോട് കൂടരഞ്ഞി പഞ്ചായത്തിലെ കൂമ്പാറ വാർഡ് 47 വോട്ടിന് എൽ ഡി എഫ് നിലനിർത്തി. ആലപ്പുഴ അരൂർ, പാലക്കാട് ശ്രീകൃഷ്ണപുരം, കോഴിക്കോട് നന്മണ്ട ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിൽ സി പി എമ്മാണ് ലീഡ് ചെയ്യുന്നത്. ഇടമലക്കുടിയിൽ എൽഡിഎഫിന്റെ സിറ്റിംഗ് സീറ്റ് ബിജെപി പിടിച്ചു.

വാശിയേറിയ പോരാട്ടത്തിനൊടുവിൽ ഇരിങ്ങാലക്കുട നഗരസഭാ ഭരണം യു ഡി എഫ് നിലനിർത്തി. 151 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് യു ഡി എഫ് സ്ഥാനാർത്ഥി വിജയിച്ചത്.കോഴിക്കോട് ഉണ്ണികുളം പഞ്ചായത്തിലെ വള്ളിയോട് വാർഡ് 530 വോട്ടിന്റെ ഭൂരിപക്ഷത്തിൽ മുസ്ലിം ലീഗിലെ ഒ.എം ശശീന്ദ്രൻ വിജയിച്ചു.

കൊച്ചി കോർപറേഷനിലെ ഗാന്ധിനഗർ വാർഡ് എൽ ഡി എഫ് നിലനിർത്തി. 687 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സി പി എം സ്ഥാനാർത്ഥി ബിന്ദു ശിവൻ വിജയിച്ചത്. കെ ശിവന്റെ മരണത്തെ തുടർന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടത്തേണ്ടി വന്നത്. കോട്ടയം കാണക്കാരി പഞ്ചായത്തിൽ എൽ ഡി എഫ് ആണ് വിജയിച്ചത്. കളരിപ്പടി വാർഡിൽ 338 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സി പി എമ്മിലെ വി ജി അനിൽകുമാർ വിജയിച്ചത്. കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റായിരുന്നു.

മാഞ്ഞൂർ പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ യു ഡി എഫ് സ്ഥാനാർത്ഥി സുനു ജോർഡ് 252 വോട്ടിന് വിജയിച്ചു. കാഞ്ഞങ്ങാട് നഗരസഭയിലെ ഒഴിഞ്ഞവളപ്പ് വാർഡും യു ഡി എഫ് നിലനിർത്തി. 116 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കോൺഗ്രസ് സ്ഥാനാർത്ഥി കെ.കെ ബാബുവിന്റെ വിജയം. പൂക്കോട്ടൂർ പഞ്ചായത്തിലെ ചീനിക്കൽ ഡിവിഷനിൽ മുസ്ലിം ലീഗിലെ അബ്ദുൾസത്താർ 710 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു.

തിരുവനന്തപുരം കോർപറേഷനിലെ വെട്ടുകാട് വാർഡിൽ 1490 വോട്ടിന്റെ ഭൂരിപക്ഷത്തിൽ സിപിഎം സ്ഥാനാർത്ഥിയായ ക്ലൈനസ് റൊസാരിയ വിജയിച്ചു. വിതുര ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡായ പൊന്നാംചുണ്ട് 45 വോട്ടിന് എൽഡിഎഫ് സ്ഥാനാർത്ഥി എസ്.രവികുമാർ വിജയിച്ചു. പോത്തൻകോട് ബ്ലോക്ക് 495 വോട്ടുകൾക്ക് എൽഡിഎഫ് ലീഡ് ചെയ്യുന്നു. കൊല്ലം തേവലക്കര പഞ്ചായത്തിലെ നടുവിലക്കര വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥിയായ പ്രദീപ് കുമാർ 317 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു.

ഇടുക്കി രാജാക്കാട് പഞ്ചായത്തിലെ കുരിശുംപടി വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥി പ്രിൻസ് തോമസ് 429 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. ഒങ്ങല്ലൂർ പഞ്ചായത്തിലെ എട്ടാം വാർഡിൽ സിപിഎം സ്ഥാനാർത്ഥി കെ അശോകൻ 380 വോട്ടിന് ബിജെപി സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തി. പാലക്കാട് കുഴൽമന്ദം ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനിൽ സി പി എം സ്ഥാനാർത്ഥി സോമദാസൻ 1381 വോട്ടിന് വിജയിച്ചു.