
ഇന്ത്യയിൽ ഇലക്ട്രിക് വാഹന വിപ്ലവം ടോപ് ഗിയറിലാക്കുന്ന പ്രഖ്യാപനവുമായി ഹ്യുണ്ടായ്. 2028 ഓടെ ആറ് പുതിയ ഇലക്ട്രിക് വാഹനങ്ങൾ പുറത്തിറക്കാനുള്ള പദ്ധതികളാണ് കമ്പനി വിഭാവനം ചെയ്തിരിക്കുന്നത്. ഇതിനായി 4,000 കോടി രൂപ ഇന്ത്യയിൽ നിക്ഷേപിക്കും. രാജ്യത്ത് ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ വികസിപ്പിക്കുന്നതിനും കൂടിയാണ് ഈ തുക വിനിയോഗിക്കുക.
ഇലക്ട്രിക് വാഹനനിർമ്മാണത്തിൽ പ്രാദേശിക ഉൽപ്പാദന സംയോജനത്തിൽ ശക്തമായ ശ്രദ്ധ കേന്ദ്രീകരിച്ച് ബാറ്ററി ഇലക്ട്രിക് വെഹിക്കിളുകൾ (ബിഇവി) സ്വീകരിക്കുന്നതിന് പരിഷ്‌കരിച്ച പ്ലാറ്റ്‌ഫോമുകൾക്കൊപ്പം ആഗോള തലത്തിൽ പ്രശംസ നേടിയ ഇജിഎംപി മോഡുലാർ പ്ലാറ്റ്‌ഫോമും ഹ്യുണ്ടായ് ഇന്ത്യയിലേക്ക് അവതരിപ്പിക്കും. ദക്ഷിണ കൊറിയൻ കാർ നിർമ്മാതാക്കൾ ഇന്ത്യയുടെ ഇലക്ട്രിക് കാർ വിപണിൽ ആധിപത്യം സ്ഥാപിക്കുവാനാണ് ഇത്തരമൊരു നീക്കം നടത്തുന്നത്.
2019ൽ ഇന്ത്യയുടെ ആദ്യ ഇലക്ട്രിക് എസ്യുവി കോന ഇലക്ട്രിക് അവതരിപ്പിച്ചതോടെ ഇന്ത്യയിലെ ഇലക്ട്രിക് മൊബിലിറ്റി വിപ്ലവത്തിന്റെ മുൻനിരയിലാണ് തങ്ങളെന്ന് ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ ലിമിറ്റഡ് എംഡിയും സിഇഒയുമായ എസ്എസ് കിം പറഞ്ഞു.