
ബോളിവുഡ് താരങ്ങളായ രാജ്കുമാർ റാവുവിന്റെയും പത്രലേഖയുടെയും വിവാഹച്ചടങ്ങിൽ പ്രേക്ഷകർ ഏറെപ്പേരും കൗതുകത്തോടെ കണ്ടൊരു കാഴ്ചയുണ്ട്. പരസ്പരം വരണമാല്യം ചാർത്തിയ ശേഷം രാജ്കുമാർ പത്രലേഖയുടെ നെറുകയിൽ സിന്ദൂരം ചാർത്തുന്നുണ്ട്. തുടർന്നാണ് തന്റെ നെറുകയിലും സിന്ദൂരമണിയിക്കാൻ പത്രലേഖയോട് നടൻ ആവശ്യപ്പെട്ടത്. സംഭവം സോഷ്യൽ മീഡിയയിൽ ഏറെ ഹിറ്റായി.
രാജ്കുമാറിന് നിറയെ അഭിനന്ദനങ്ങളും കിട്ടി. ഇപ്പോഴിതാ, കൊൽക്കത്തയിൽ നിന്നും സമാനമായ ഒരു വിവാഹാഘോഷത്തിന്റെ വീഡിയോ വൈറലായിരിക്കുകയാണ്.
വധു ശാലിനി സെന്നാണ് ഇവിടെ വരനായ അങ്കൺ മജുംദാറിന്റെ നെറുകയിൽ സിന്ദൂരം അണിയിക്കുന്നത്. ഡിസംബർ 2 നാണ് ശാലിനിയും അങ്കനും വിവാഹിതരായത്. ശാലിനിയുടെ സഹോദരി കൃതികയാണ് വീഡിയോ ഫേസ്ബുക്കിൽ പങ്കിട്ടത്.
വരന്റെ നെറുകയിൽ സിന്ദൂരം അണിയിക്കൽ മാത്രമായിരുന്നില്ല, വിവാഹച്ചടങ്ങുകൾക്ക് കാർമികത്വം വഹിച്ചതെല്ലാം സ്ത്രീകളാണെന്ന പ്രത്യേകതയും ആ വിവാഹത്തിനുണ്ടായിരുന്നു.
എന്തായാലും സോഷ്യൽ മീഡിയിൽ ഈ രണ്ടു വിവാഹങ്ങളും ശ്രദ്ധിക്കപ്പെട്ടു. സ്ത്രീ പുരുഷ പങ്കാളിത്തവും തുല്യതയും വ്യക്തമാക്കുന്ന ആചാരങ്ങളാണ് ഇവയെന്ന് കമന്റുകളിൽ നിറയുന്നു.