
നാരായണ ഗുരുകുലത്തിന്റെ അദ്ധ്യക്ഷൻ ഗുരു മുനിനാരായണ പ്രസാദ് ശതാഭിഷേകത്തിന്റെ പൂർണിമയിലാണ്. ആത്മീയതയും അനുകമ്പയും ഒരുമിക്കുന്ന ഗുരു പകർന്ന വെളിച്ചത്തിലൂടെ...
ഇരുപതാം നൂറ്റാണ്ടിന്റെ അവസാനദശകത്തിലെ അവസാനപാദം. സ്ഥലം ആകാശവാണി തിരുവനന്തപുരം നിലയം. തിരുവിതാംകൂർ അടക്കി വാണിരുന്ന സി. പി. രാമസ്വാമി അയ്യർ തുടങ്ങിയ ദിവാന്മാരുടെ വാസസ്ഥാനമായിരുന്ന 'ഭക്തിവിലാസം" എന്ന പ്രൗഢമന്ദിരത്തിലെ മുറികളിലൊന്ന്. സമയം രാവിലെ പതിനൊന്നു മണി. അന്നു രാത്രി പ്രക്ഷേപണം ചെയ്യേണ്ട ചിത്രീകരണത്തിന്റെ രചനയിലെ അവസാനമിനുക്കുപണികൾ നടത്തിക്കൊണ്ടിരുന്ന ഞാൻ ഒരു നേരിയ ശബ്ദം കേട്ട് തല ഉയർത്തിനോക്കി. മുന്നിൽ മന്ദഹാസം തൂകി നിൽക്കുന്ന ഒരാൾ. മുണ്ഡനം ചെയ്ത ശിരസ്സ്, പഞ്ചമിച്ചന്ദ്രനെപ്പോലെ പ്രകാശം പരത്തുന്ന ശ്മശ്രുവിഹീനമായ സുന്ദരമുഖം, കാവി ജുബ്ബയും മുണ്ടും, തോളിൽ തുണിസഞ്ചി, കയ്യിൽ കുറച്ചു കടലാസുകൾ. ഗുരു മുനി നാരായണ പ്രസാദ്! 'സുഭാഷിതം" അവതരിപ്പിക്കാൻ എത്തിയിരിക്കുകയാണ്! അങ്ങനെയാണ് ഞാൻ മുനി ഗുരുവിനെ ജീവിതത്തിൽ ആദ്യമായി കണ്ടുമുട്ടുന്നത്. ദീപ്തമായ ഗുരുശിഷ്യബന്ധത്തിന്റെ നാന്ദി കുറിക്കുന്ന മുഹൂർത്തമാണതെന്ന് അപ്പോഴെനിക്കു ഗ്രഹിക്കാൻ കഴിഞ്ഞില്ല. ഗുരു അത് അന്നേ തിരിച്ചറിഞ്ഞിരിക്കാം; അല്ല തിരിച്ചറിഞ്ഞിരുന്നു!
എന്റെ മേശയ്ക്കു മുന്നിൽ സന്ദർശകർക്കുവേണ്ടി തയ്യാറാക്കിയിരുന്ന കസേരകളിലൊന്നിൽ ഗുരു ഇരുന്നു. ചിത്രീകരണമെഴുതിയ കടലാസുകൾ മാറ്റിവച്ച് 'മുനി നാരായണ പ്രസാദ്" എന്ന സുഭാഷിതക്കാരൻ കൊണ്ടുവന്നിരിക്കുന്ന കടലാസുകൾ ഞാൻ കൈയ്യിലെടുത്തു. ഏതു പ്രഭാഷണവും ശബ്ദലേഖനം ചെയ്യുന്നതിനുമുമ്പ് അതിന്റെ 'സ്ക്രിപ്റ്റ്" ഉത്തരവാദപ്പെട്ട ഉദ്യേഗസ്ഥൻ പരിശോധിക്കണം എന്നതാണ് ആകാശവാണിയിലെ നിയമം. എന്റെ മുന്നിലിരിക്കുന്ന ആൾ കൊണ്ടുവന്നിരിക്കുന്ന കടലാസുകളിൽ ഉള്ളത് ആകെ മൂന്നു സുഭാഷിതങ്ങൾ. ഓരോന്നായി ഞാൻ വായിച്ചു തുടങ്ങി. കാരുണ്യ മാണ് ഒന്നാമത്തെ സുഭാഷിതത്തിന്റെ വിഷയം. 'സ്വാഭാവികം"; ഞാൻ കരുതി. നാരായണഗുരുവിന്റെ ശിഷ്യനല്ലേ! കാരുണ്യം, അനുകമ്പ, സ്നേഹം ഇതൊക്കെത്തന്നെയാകും ഇദ്ദേഹം കൈവയ്ക്കുന്ന വിഷയങ്ങൾ. പതിറ്റാണ്ടുകളായി പറഞ്ഞു പറഞ്ഞു വക്കു തേഞ്ഞ വാചകങ്ങൾ പ്രതീക്ഷിച്ചുകൊണ്ട് വായിച്ചു തുടങ്ങിയ ഞാൻ വൈദ്യുതപ്രസരണമേറ്റതുപോലെ മലർന്നുപോയി. ലളിതസുന്ദരമായ പദങ്ങളിൽ, കൊച്ചു കൊച്ചു വാചകങ്ങളിൽ, അച്ഛസ്ഫടികസങ്കാശമായി അർത്ഥം സ്ഫുരിക്കുംവിധം എഴുതപ്പെട്ടിരിക്കുന്ന ലേഖനം. ഒരു പുതിയ ലോകം എന്റെ ഉള്ളിൽ ഇതൾ വിടരുകയായി. നാരായണ ഗുരുവിന്റെ 'അനുകമ്പാദശകം" എന്ന കൃതിയാണ് ആ പ്രഭാഷണത്തിന് അടിസ്ഥാനം. 'ഒരുപീഡയെറുമ്പിനും വരുത്തരുതെന്നുള്ളനുകമ്പ"യെക്കുറിച്ച് പറയുന്ന ആ കവിത പണ്ടു വായിച്ചിട്ടുണ്ട്. ജീവിതത്തിൽ തീർച്ചയായും പുലർത്തേണ്ട ഒരു സ്വഭാവവിശേഷമാണ് അനുകമ്പ എന്നേ അന്നു ഞാൻ മനസിലാക്കിയിരുന്നുള്ളൂ. പക്ഷേ അനുകമ്പ കാരുണ്യമായും, കാരുണ്യം സഹജീവിസ്നേഹമായും, സ്നേഹം വിശ്വപ്രേമമായും മാറുന്ന ഇന്ദ്രജാലമാണ് ഞാൻ കണ്ടുകൊണ്ടിരിക്കുന്നത്! ആ നിമിഷംവരെ കറുപ്പിലും വെളുപ്പിലും മാത്രമായി കണ്ടുപോന്ന ഒരു ദ്വിമാനചിത്രം ഞൊടിയിടയിൽ ത്രിമാന, ചതുർമാന തലങ്ങളാർന്ന ബഹുവർണശില്പഗോപുരമായി പരിണമിക്കുന്നത് ഞാൻ കൺമുന്നിൽ കാണുന്നു! മുന്നിലിരുന്നു പുഞ്ചിരി പൊഴിക്കുന്ന കാഷായവേഷധാരി എന്റെ ഹൃദയത്തിൽ കുഴിച്ചിട്ട അനുകമ്പയുടെ വിത്ത് വളർന്നു പടർന്നു തിടംവച്ചു പന്തലിച്ച് വിശ്വപ്രേമഫലാഗമത്തിൽ ശാഖകൾ താഴ്ത്തി നിൽക്കുന്ന കാഴ്ചയെ മഹാമഹേന്ദ്രജാലം എന്നേ വിശേഷിപ്പിക്കാനായുള്ളൂ.

ഒന്നാമത്തെ ലേഖനം വായിച്ചു തീർന്നപ്പോൾ തന്നെ ആ സുഭഗനായ സന്ന്യാസിയെക്കുറിച്ചുള്ള മതിപ്പ് എന്റെ ഉള്ളിൽ നിറഞ്ഞു കവിഞ്ഞിരുന്നു. അടുത്ത രണ്ടു രചനകൾക്കൂടി വായിച്ചു തീർന്നതോടെ ഞാൻ അദ്ദേഹത്തിന്റെ ആരാധകനായി മാറി. അദ്ദേഹം ഒരക്ഷരം എന്നോടു മിണ്ടിയിരുന്നില്ല; വായനയിൽ ആണ്ടുപോയ എന്നെ സാകൂതം നോക്കിയിരിക്കുകമാത്രം! കടലാസിൽ നിന്നു കണ്ണെടുത്ത ഞാൻ മുന്നിൽ കണ്ടത് കാരുണ്യം വഴിഞ്ഞൊഴുകുന്ന കണ്ണുകൾ തുറന്ന് എന്നെ നോക്കി അനുഗ്രഹം ചൊരിഞ്ഞുകൊണ്ട് ആസനസ്ഥനായിരിക്കുന്ന സാക്ഷാൽ ശ്രീനാരായണഗുരുവിനെയാണ്! ഒരു നിമിഷം! തരിച്ചിരുന്നപോയ ഞാൻ ആ കാൽക്കൽ സാഷ്ടാംഗം നമസ്കരിച്ചു. റേഡിയോ സ്റ്റേഷനിലെ ഒരുദ്യോഗസ്ഥൻ പ്രഭാഷണങ്ങൾ ശബ്ദലേഖനം ചെയ്യാനെത്തിയിരിക്കുന്ന വ്യക്തിയെ ഓഫീസിൽ വച്ച് ജോലിസമയത്ത് നിലത്തുവീണു നമസ്കരിക്കുന്നത് പ്രോട്ടോകോളിനു നിരക്കുമോ എന്ന ചിന്ത എന്നെ അലട്ടിയതേയില്ല. നമസ്കരിച്ചെഴുന്നേറ്റു നോക്കുമ്പോൾ വിശേഷിച്ചൊന്നും സംഭവിക്കാത്ത മട്ടിൽ ചിരിച്ചുകൊണ്ടു നിൽക്കുന്ന ഗുരു മുനി നാരായണ പ്രസാദ്! സ്റ്റുഡിയോയിലേക്കു ചെന്ന് സുഭാഷിതം റെക്കോഡു ചെയ്യുക മാത്രമല്ല ഗുരുവിനെ യാത്രയാക്കുകയുംകൂടി ചെയ്തിട്ടാണ് അന്ന് ഞാൻ ഇരിപ്പിടത്തിൽ തിരികെയെത്തിയത്. ആ സന്ന്യാസിയുടെ സംഭാഷണശൈലിയും വേദാന്തത്തിലുള്ള അവഗാഹവും നാരായണഗുരുവിന്റെ കൃതികളിലെ അതീവ ഗരിമയാർന്ന ഭാഗങ്ങളെപ്പോലും അതിലളിതമായി വ്യാഖ്യാനിക്കുന്നതിലുള്ള പടുതയും, ശബ്ദത്തിൽ തെളിഞ്ഞു നിൽക്കുന്ന ആത്മാർത്ഥതയും സത്യസന്ധതയും ആത്മാനുസന്ധാനതീക്ഷ്ണതയും എന്റെ ഉള്ളിന്റെയുള്ളിൽ എവിടെയോ സൃഷ്ടിച്ച പ്രകമ്പനം ദിവസങ്ങളോളം ജൈവമായി നിലനിന്നു. അപ്പോഴേക്കും അദ്ദേഹത്തെ ഞാൻ മനസാ ഗുരുവായി സ്വീകരിച്ചുകഴിഞ്ഞിരുന്നു.
അതിനുശേഷമാണ് ഞാൻ നാരായണഗുരുകുലത്തെക്കുറിച്ച് കൂടുതൽ അറിയാൻ ശ്രമിക്കുന്നത്. നടരാജഗുരു, ഗുരു നിത്യ ചൈതന്യ യതി, ഫേൺഹിൽ, ഊട്ടി, വർക്കല എന്നിങ്ങനെ കുറേ പേരുകൾ ഓർമ്മയിലെവിടെയോ തങ്ങി നില്പുണ്ട്; യതിയുടെ പ്രഭാഷണ ഭാഗങ്ങൾ എപ്പോഴോ റേഡിയോയിൽ കേട്ടിട്ടുണ്ട്; അദ്ദേഹത്തിന്റെ വിദേശപര്യടനത്തെ അവലംബമാക്കി ചില പ്രസിദ്ധീകരണങ്ങളിൽ അച്ചടിച്ചുവന്ന ലേഖനങ്ങൾ വായിച്ചിട്ടുണ്ട് എന്നൊക്കെയല്ലാതെ നാരായണഗുരുകുലം എന്ന പ്രസ്ഥാനത്തെക്കുറിച്ചോ, ഗുരുകുലത്തിലെ അംഗങ്ങളെക്കുറിച്ചോ, അവിടുത്തെ പ്രവർത്തനസവിശേഷതകളെക്കുറിച്ചോ കാര്യമായി ഒന്നും എനിക്കറിയില്ല. നിത്യ ചൈതന്യ യതിയെപ്പോലെ മുനി ഗുരുവും ഊട്ടിയിലായിരിക്കും സ്ഥിരവാസം; അതുകൊണ്ട് അദ്ദേഹത്തെ കാണുകയും സംസാരിക്കുകയും ചെയ്യുന്നത് ക്ഷിപ്രസാദ്ധ്യമല്ല തന്നെ എന്നു മനസിലുറപ്പിച്ചു. ആകാശവാണിയിലാകട്ടെ പ്രോഗ്രാം എക്സിക്യൂട്ടീവിന്റെ ചുമതലകൾ ഇടയ്ക്കിടയ്ക്കു മാറിക്കൊണ്ടിരിക്കും. അങ്ങനെ സുഭാഷിതത്തിൽ നിന്നു സ്പോർട്സിലും, അവിടെ നിന്നു തൊഴിലാളി മണ്ഡലത്തിലും, പിന്നെ സംസ്കൃതത്തിലും എന്തിനേറെ പറയുന്നൂ, 'തമിഴ് ചൊൽമാലൈ"യിലും ഞാൻ 'നദ്യാമൊഴുകുന്ന" പൊങ്ങുതടിപോലെ ഒഴുകി നടന്നു.
2002-ലെ ഓണക്കാലം. കൈരളി ടി. വി. ചാനലിലെ ഉദ്യോഗസ്ഥനായ പ്രമോദ് പയ്യന്നൂർ എന്നെ ഫോണിൽ വിളിക്കുന്നു:

''ചതയദിനത്തിൽ നമുക്ക് ഒരു വിശേഷാൽ പരിപാടി ചെയ്യണം. സാർ എപ്പോഴും പറയാറില്ലേ, ഗുരു മുനി നാരായണ പ്രസാദിനെക്കുറിച്ച്? നമുക്ക് ആ സ്വാമിയുമായി ഒരു അഭിമുഖസംഭാഷണം ആയാലോ?""
എനിക്കു സന്തോഷം! പറയുന്നത് ഞാൻ സ്വന്തം അനുജനെപ്പോലെ സ്നേഹിക്കുന്ന പ്രമോദ്. കാമറയ്ക്കു മുന്നിലിരിക്കാൻ പോകുന്നത് ഞാൻ മാനസഗുരുവായി സ്വീകരിച്ചിരിക്കുന്ന ഗുരു മുനി നാരായണ പ്രസാദ്. ''ആനന്ദലബ്ധിക്കിനി എന്തുവേണം?""
''സാർതന്നെ ഗുരുവിനോടു സംസാരിച്ച് തീയതി നിശ്ചയിക്കുമല്ലോ?""
ഞാൻ ആകാശവാണിയിലെ രജിസ്റ്ററിൽ നിന്ന് വർക്കല ഗുരുകുലത്തിന്റെ ഫോൺ നംബർ തപ്പിയെടുത്തു. ഗുരു അവിടെ ഉണ്ടാകുമോ, അതോ ഊട്ടിയിലായിരിക്കുമോ എന്നതിനെക്കുറിച്ച് യാതൊരു നിശ്ചയവുമില്ല.
''ഹലോ!""
ഫോണിന്റെ അങ്ങേത്തലയ്ക്കൽ നിന്നൊഴുകിയെത്തിയത് സാക്ഷാൽ മുനി ഗുരുവിന്റെ ശബ്ദം! എനിക്ക് ആനന്ദം അടക്കാനായില്ല. ''ഏകലവ്യനല്ലേ ഞാൻ?'' ഗുരുവിന് എന്നെ അറിയില്ലല്ലോ! ഞാൻ ഔപചാരികമായി സ്വയം പരിചയപ്പെടുത്തി. പക്ഷേ എന്നെ ഞെട്ടിച്ചുകൊണ്ട് ഔപചാരികതയുടെ തടയണകളില്ലാതെ, ഉന്നതസ്ഥാനീയന്റെ ഗർവ്വഘോഷങ്ങളില്ലാതെ, സ്നേഹവും കരുണയും വഴിഞ്ഞൊഴുകുന്ന സാന്ത്വനസ്പർശമായി. ചിരപരിചയത്തിന്റെ ജീവൽസ്പന്ദമായി ഗുരുവിന്റെ മധുരസ്വനം!
''എന്താ രാധാകൃഷ്ണാ, എന്തു വേണം?""
ഞാൻ കോരിത്തരിച്ചുപോയി. ഘോരതപസിനൊടുവിൽ ഉപാസനാമൂർത്തി പ്രത്യക്ഷപ്പെട്ടു ചോദിക്കുന്നതുപോലെ ''എന്തു വേണം?""
''എനിക്കു വേണ്ടത് ഗുരുവിനെയാണ്, ഗുരുവിനെത്തന്നെ!""
ചാനലിന്റെ ആവശ്യം ഞാൻ വിശദീകരിച്ചു. അദ്ദേഹം അതു മുഴുവൻ സസ്നേഹം കേട്ടിരുന്നു. എന്നിട്ടു പറഞ്ഞു
''എനിക്കു താല്പര്യമില്ല.""

ഞാൻ വീണ്ടും ഞെട്ടി. എന്റെ ജീവിതത്തിൽ ആദ്യമായാണിങ്ങനെ! ആകാശവാണിയോ ടെലിവഷൻ ചാനലുകളോ വിളിച്ചാൽ ഓടിയെത്താത്ത പ്രഭാഷകരില്ല എന്നായിരുന്നു അതുവരെയുള്ള എന്റെഅനുഭവം. ഞാൻ അവസാനത്തെ അടവുകൂടി പയറ്റി നോക്കി.
''ഗുരു യാത്ര ചെയ്യേണ്ടതില്ല. ഞങ്ങൾ കാമറയുമായി അങ്ങോട്ടു വന്നുകൊള്ളാം. ഷൂട്ടിംഗ് ഗുരുകുലത്തിൽ അല്ലെങ്കിൽ അങ്ങു പറയുന്ന എവിടെവച്ചും!""
ഗുരു വീണ്ടും ചിരിച്ചു.
''വേണ്ട, എവിടെവച്ചായാലും വേണ്ട; എനിക്കതിനുവേണ്ടി സമയം കളയാനില്ല.""
പിന്നെ സ്നേഹം തുളുമ്പുന്ന എന്തോ ചില കുശലാന്വേഷണങ്ങൾ. ഗുരു ഫോൺ വച്ചു. ഞാൻ അത്ഭുതസ്തബ്ധനായിരുന്നുപോയി. സന്ന്യാസിശ്രേഷ്ഠന്മാർ എന്നു നടിക്കുന്നവർ തങ്ങൾ നടത്തുന്ന 'ജ്ഞാനയജ്ഞ" ങ്ങളുടെ സി ഡിയുമായി സംപ്രേക്ഷണസമയം യാചിച്ച് ടി. വി. ചാനലുകളുടെ പിന്നാലെ നെട്ടോട്ട മോടുന്ന കാലം! ഇവിടെയിതാ ഇങ്ങനെയൊരാൾ! അന്നു ഞാൻ നിശ്ചയിച്ചു; ഈ ഗുരുവിനെ വിട്ടു കളഞ്ഞുകൂടാ! 'പ്രണവമുണർന്നു പിറപ്പൊഴിഞ്ഞുവാഴും മുനിജനസേവയിൽ മൂർത്തി നിർത്തിടേണം" എന്നു നാരായണഗുരു എഴുതിവച്ചിരിക്കുന്നത് പ്രാവർത്തികമാക്കാൻ ഏറ്റവും പറ്റിയ സ്വരൂപം ഇതുതന്നെ!
നാരായണഗുരുവിന്റെ കൃതികൾക്ക് മുനി ഗുരു എഴുതിയ ലളിതവ്യാഖ്യാനങ്ങൾ വില കൊടുത്തു വാങ്ങിയും സുഹൃത്തുക്കളുടെ കൈയ്യിൽ നിന്ന് കടം വാങ്ങിയും ഞാൻ വായിച്ചു തുടങ്ങി. നാരായണ ഗുരു മലയാളത്തിലും സംസ്കൃതത്തിലും തമിഴിലും എഴുതിയ കൃതികൾ; പല പല ഉപനിഷത്തുകൾ, ശാസ്ത്രഗ്രന്ഥങ്ങൾ . . . . അങ്ങനെ തികച്ചും വൈവിദ്ധ്യമാർന്ന വായനാലോകം. അത്ഭുതലോകത്തിലെത്തിയ ആലീസിനെപ്പോലെയായി ഞാൻ. ഓരോ ശ്ലോകത്തിനും ഓരോ ഈരടിക്കും ഓരോ വരിക്കും ഓരോ വാക്കിനും എത്രയെത്ര അർത്ഥതലങ്ങളാണ് മുനി ഗുരു കണ്ടെത്തിയിരിക്കുന്നത്! വേദാന്തത്തിന്റെയും ശാസ്ത്രത്തിന്റെയും ഏതേതെല്ലാം കാണാപ്പുറങ്ങളിലേക്കാണ് ഇദ്ദേഹം എന്നെ കൈപിടിച്ചു നടത്തുന്നത്? ലളിതവ്യാഖ്യാനപരമ്പരയിലെ ഏറ്റവും ലളിതമായ ഗ്രന്ഥങ്ങളിൽ നിന്നാണ് ഞാൻ പര്യടനമാരംഭിച്ചത്. ഓരോ ഗ്രന്ഥവും വായിച്ചവസാനിപ്പിക്കുമ്പോൾ എന്റെയുള്ളിൽ ഒരു സഹസ്രദളപദ്മത്തിന്റെ ഓരോരോ ഇതൾ വിടർന്നു വരുന്നത് ഞാൻ തൊട്ടറിഞ്ഞു. എനിക്കു ഗുരു മുനി നാരായണ പ്രസാദ് സ്വാമിയെ നേരിട്ടു കണ്ടേ മതിയാകൂ, ഇക്കാര്യങ്ങൾ ആ മുഖത്തുനിന്നും നേരിട്ടു കേട്ടേ മതിയാകൂ എന്ന നിലയായി. എന്താണ് വഴി?
എന്റെ ഏറ്റവുമടുത്ത സുഹൃത്തും സഹോദരസ്ഥാനീയനുമായ അജിയോട് ഞാൻ ഇക്കാര്യം ചർച്ച ചെയ്തു. ദൂരദർശൻ തിരുവനന്തപുരം കേന്ദ്രത്തിലെ ഉദ്യോഗസ്ഥനാണ് അജികുമാർ. എം. എസ്. അജി പറഞ്ഞു:
''ചേട്ടാ നമ്മെപ്പോലെതന്നെ മുനി നാരായണ പ്രസാദ് സ്വാമിയെ കാണാനാഗ്രഹിക്കുന്ന ഒരുപാടുപേരുണ്ട് ഈ തിരുവനന്തപുരം നഗരത്തിൽ.""
എനിക്ക് ഉത്സാഹം വർദ്ധിച്ചു.
''എങ്കിൽ അജീ, ഗുരുവിനെ ഈ നഗരത്തിലേക്കു കൂട്ടിക്കൊണ്ടു വന്നാലോ?""
''അതുകൊള്ളാം. പക്ഷേ, എങ്ങനെ?""
''മുനി ഗുരുവിന്റെ ഒരു പ്രഭാഷണ പരമ്പര തന്നെ നമുക്ക് ഇവിടെ തിരുവനന്തപുരം നഗരത്തിൽ സംഘടിപ്പിക്കാം; മാസത്തിലൊരു ദിവസം!""
പതിവുപോലെ ഗുരുവിനെ ഫോണിൽ കിട്ടി.
''എനിക്ക് ഒന്നു നേരിട്ടു കണ്ടാൽ കൊള്ളാമായിരുന്നു. ഒരു സുപ്രധാന സംഗതി സംസാരിക്കാനാണ്; എന്നു വന്നോട്ടെ അങ്ങോട്ട്?"" എന്നു ഞാൻ.
അദ്ദേഹം പറയുന്ന തീയതി കേൾക്കാനായി കാതു കൂർപ്പിച്ചിരുന്ന ഞാൻ കേട്ടത് തികച്ചും അവിശ്വസനീയമായ വാക്കുകൾ.
''ഞാൻ അങ്ങോട്ടു വരാം. രണ്ടു ദിവസം കഴിഞ്ഞ് ഞായറാഴ്ച രാവിലെ പത്തു മണിക്ക് തിരുവനന്തപുരത്തെ ഉള്ളൂർ എൽ. പി. സ്കൂളിൽ ഞാൻ വരുന്നുണ്ട്. അന്ന് രാധാകൃഷ്ണൻ അവിടെ വന്നോളൂ.""
സന്തോഷംകൊണ്ട് എന്റെ കണ്ണു നിറഞ്ഞുപോയി. ഞായറാഴ്ചയായി. ഒമ്പതര മണിക്കുതന്നെ ഞങ്ങൾ സ്കൂളിനു മുന്നിലെത്തി കാത്തുനിന്നു.
''അജീ, ഒന്നു ശ്രദ്ധിച്ചോണേ, വിദേശ രാഷ്ട്രങ്ങളിൽപ്പോലും ആരാധകരുള്ള, ശിഷ്യന്മാരുള്ള ഒരു വലിയ മഠാധിപതിയാണ് ഗുരു മുനി നാരായണ പ്രസാദ്. അപ്പോൾ യാത്ര എയർ കണ്ടീഷൻ ചെയ്ത ലക്ഷ്വറി കാറിലായിരിക്കും.""ഞാൻ പറഞ്ഞു. റോഡു കാണാനുള്ള സൗകര്യത്തിനുവേണ്ടി ഞങ്ങൾ സ്കൂളിന് എതിർവശത്തുള്ള നടപ്പാതയിലേക്കു മാറി നിന്നു. കാറുകൾ ധാരാളം വരുന്നുണ്ട്. ആഡംബരവാഹനങ്ങൾ പലതും ഒഴുകി നീങ്ങുന്നുണ്ട്; പക്ഷേ ഒന്നും ആ കൊച്ചു വിദ്യാലയത്തിനു മുന്നിൽ നിറുത്തുന്നില്ല. സമയം പത്തടിക്കാൻ പത്തു മിനിറ്റ്. പെട്ടെന്ന് എന്റെ ഉച്ചത്തിലുള്ള ശബ്ദം കേട്ട് അജി ഞെട്ടിത്തിരിഞ്ഞുനോക്കി.
''അതാ നമ്മുടെ ഗുരു!...""
തെല്ലകലെ ബസ്സ് സ്റ്റോപ്പിൽ നിന്ന് മെല്ലെ നടന്നു വരുന്ന മുനി ഗുരു! വേഷം പഴയതുതന്നെ. വെയിലു കൊള്ളാതിരിക്കാൻ പിടിച്ചിരിക്കുന്ന ഒരു വലിയ കാലൻകുട മാത്രമാണ് അധികമായി കൈയ്യിൽ! സാവധാനം; ചവിട്ടി നടക്കുന്ന ഭൂമിയെപ്പോലും നോവിക്കാതെ, ആർക്കും ഒരു തരത്തിലും ഒരു ബുദ്ധിമുട്ടുമു ണ്ടാക്കാതെ പ്രസന്നവദനനായി നടന്നു വരുന്ന ഗുരു മുനി നാരായണ പ്രസാദ്!

കണ്ണുമടച്ച് ഒരൊറ്റയോട്ടത്തിൽ ഞാൻ റോഡിനക്കരെയെത്തി. അപ്പോഴേയ്ക്കും ഗുരു സ്കൂൾ കെട്ടിടത്തിനകത്തു പ്രവേശിച്ചു കഴിഞ്ഞു.
''ങാ, രാധാകൃഷ്ണനോ, നേരത്തേ എത്തിയോ?""എന്ന ചോദ്യത്തിനു മറുപടി ഒരു ദണ്ഡനമസ്കാരമായിരുന്നു. നമസ്കരിച്ചെഴുന്നേല്ക്കുമ്പോഴും ഒരു മനോഹരമായ പുഞ്ചിരി മാത്രം. കഥകളിൽ വായിച്ചിട്ടുള്ളതുപോലെ, മറ്റു ചില സന്ന്യാസിമാരെ കണ്ടപ്പോഴുണ്ടായതുപോലെ; സംസ്കൃതഭാഷയിലുള്ള അനുഗ്രഹവചസ്സുകളോ, ഭസ്മ-പുഷ്പ-ഫലരൂപങ്ങളിലുള്ള പ്രസാദവിതരണമോ ഒന്നുമില്ല. ഞങ്ങൾ ഞങ്ങളുടെ ആഗ്രഹം പറഞ്ഞു കേൾപ്പിച്ചു.
''നാരായണഗുരുവിന്റെ ദർശനം സമൂഹത്തിന്റെ എല്ലാതലങ്ങളിലും എത്തിക്കുവാൻ വേണ്ടി ജാതി മതഭേദങ്ങളില്ലാത്ത ഒരു വേദി. അതിനായി ഗുരുവിന്റെ ഒരു പ്രതിമാസപ്രഭാഷണ പരമ്പര തിരുവനന്തപുരത്തു ഞങ്ങൾ സംഘടിപ്പിക്കാം; ഗുരു നേരിട്ടു വന്നുചേർന്ന് പ്രഭാഷണം നിർവ്വഹിച്ച് അനുഗ്രഹിക്കണം.""
അപ്പറഞ്ഞതു മുഴുവൻ ഗുരു നിശ്ശബ്ദം കേട്ടു നിന്നു. ആ മുഖത്തെ പുഞ്ചിരി ഒന്നുകൂടി വിടർന്നു.
''ആകട്ടെ, അതൊരു നല്ല കാര്യമല്ലേ? . . . വിശേഷിച്ചും ഇപ്പറഞ്ഞതിലെ ഒരംശം എനിക്കു വളരെ ഇഷ്ടപ്പെട്ടു. ജാതിമതവ്യത്യാസങ്ങളില്ലാതെ എന്ന അംശം. എങ്കിൽ എന്താണ് വേണ്ടതെന്നു വച്ചാൽ ചെയ്തോളൂ. എവിടെ കൂടാനാണ് നിങ്ങളുദ്ദേശിക്കുന്നത്""
''ട്രിവാൻഡ്രം ഹോട്ടലായാൽ കൊള്ളാമായിരുന്നു എന്നാണാഗ്രഹം സ്വാമീ. മെയിൻ റോഡിലായതുകൊണ്ട് എല്ലാവർക്കും വന്നുചേരാൻ സൗകര്യമായിരിക്കും.""
''ആയിക്കോട്ടെ.""
ഗുരു ഞങ്ങൾക്കു യാത്രാനുമതി നൽകി.
അങ്ങനെ എല്ലാ മാസവും മൂന്നാമത്തെ ഞായറാഴ്ച ഉച്ചയ്ക്കു മൂന്നു മണി മുതൽ അഞ്ചുമണി വരെ നീളുന്ന ഗുരുവിന്റെ പ്രഭാഷണം തിരുവനന്തപുരത്താരംഭിച്ചു. 'ഗുരുദർശനം" എന്ന് ആ പരിപാടിക്കു പേരും നിശ്ചയിച്ചു. റിട്ടയേഡ് ചീഫ് എൻജിനീയർ സുകുമാരൻ, പ്രൊഫസർ ഡോ. കെ. ഓമന തുടങ്ങിയവരുടെ സഹായത്തോടെ ജിജ്ഞാസുക്കളായ ധാരാളം പേർ ആ സത്സംഗത്തിൽ സ്ഥിരമായി സംബന്ധിച്ചിരുന്നു.
ഒന്നാം ദിവസം!
'ദൈവദശക"മാണ് ഗുരു പ്രഭാഷണത്തിനായി തിരഞ്ഞെടുത്ത വിഷയം. ആവേശം തുടിക്കുന്ന ഒരു പ്രസംഗം കേൾക്കാൻ തയ്യാറായി ആൾക്കൂട്ടത്തിനിടയിലിരിക്കുകയാണ് ഞാൻ. ദൈവദശകം തന്നെ പ്രാർത്ഥനയായി ചൊല്ലിക്കൊണ്ട് ഗുരു മെല്ലെ ആരംഭിക്കുകയായി. വളരെ മൃദുവായ ശബ്ദവിന്യാസം. സാധാരണക്കാരനു മനസ്സിലാക്കാനാകാത്ത ഡിണ്ഡിമ പദങ്ങളില്ല, ആവേശത്തിരത്തള്ളലില്ല, നിർദ്ദിഷ്ടവിഷയം വിട്ട് ശാഖാചംക്രമണമില്ല! മുന്നിലിരിക്കുന്ന ശ്രദ്ധാലുവായ ജിജ്ഞാസുവിന് എന്താണോ ഉള്ളിൽ തറയ്ക്കേണ്ടത്, അതുമാത്രം! കാച്ചിക്കുറുക്കിയെടുത്ത വചോസാരം, ജ്ഞാനപ്പൂന്തേൻ കുഴമ്പ്! 'അറിവി"ന്റെ മാർഗ്ഗത്തിലേക്കുള്ള ശരിയായ വാതായനം എനിക്കു തുറന്നു കിട്ടിയതന്നാണ്!
മാസങ്ങൾ പലതും കടന്നുപോയി. നാരായണഗുരുവിന്റെ കൃതികൾ പലതും മുനി ഗുരു അവിടെ പഠിപ്പിച്ചു. രണ്ടായിരത്തി നാലാമാണ്ടായപ്പോഴേക്കും 'ആത്മോപദേശശതകം" പഠിപ്പിക്കാനാരംഭിച്ചു. അന്നൊരുനാൾ ഉച്ച തിരിഞ്ഞ് മുനി ഗുരു എത്തിയപ്പോൾ രണ്ടു മൂന്നുപേർ കൂടി ഒപ്പമുണ്ട്. അതിലൊരാളെ കണ്ട മാത്രയിൽത്തന്നെ എന്റെ ഉള്ളിലെവിടെയോ ഒരു സ്ഫോടം സംഭവിച്ചു. ഒരു യുവസന്ന്യാസി. നീണ്ടു മെലിഞ്ഞ്, കേശ-മീശാവിഹീനനായി കാഷായവസ്ത്രം ധരിച്ച്, നിഷ്കളങ്കമായ വിടർന്ന ചിരി മുഖത്തു ചൂടി ഒരാൾ. അദ്ദേഹം ഗുരുവിനോടൊപ്പം നടന്ന് വേദിക്കടുത്ത് ഇരിപ്പായി. അവിടെക്കൂടിയരിക്കുന്നതിൽ ഭൂരിഭാഗം പേർക്കും അദ്ദേഹത്തെ അറിയാമെന്ന് മുറിയിൽ മുഴങ്ങി നിന്ന മർമ്മങ്ങളിൽ നിന്നെനിക്കു മനസ്സിലായി. പക്ഷേ എനിക്കറിയില്ലല്ലോ! പ്രഭാഷണമാരംഭിക്കുന്നതിനു മുമ്പ് മുനി ഗുരു പുതിയയാളെ പരിചയപ്പെടുത്തി-ഇത് സ്വാമി ത്യാഗീശ്വരൻ! ആ മുഖത്തെ ചിരി ഒന്നുകൂടി വിടർന്നു. അങ്ങനെയാണ് ഞാൻ ത്യാഗി സ്വാമിയെ കാണുന്നതും പരിചയപ്പെടുന്നതും! ഗുരു മുനി നാരായണ പ്രസാദ് സ്വാമി എനിക്കു നൽകിയ. ഒരു വലിയ വരദാനമായിരുന്നു ത്യാഗി സ്വാമിയുമായുള്ള പരിചയം. ജിജ്ഞാസു, ഉപാസകൻ, സാധകൻ എന്നീ നിലകളിലൊക്കെയുള്ള എന്റെ അന്വേഷണപാതയിൽ ആ അനുഗ്രഹം തണൽ വീശി നിന്നത്, ഓരോരോ സന്ദർഭങ്ങളിൽ വഴിവിളക്കായി നിന്നു വെട്ടം ചൊരിഞ്ഞത് ഇത്രയെന്നു പറയാനാവില്ല.
അന്നു മുതലിങ്ങോട്ട് മുനി ഗുരു എന്നെ കൈ പിടിച്ചു നടത്തിയ വഴികൾ എണ്ണിത്തീർക്കാവതല്ല.
മുനി നാരായണ പ്രസാദ് എന്ന ഗുരുനാഥനിൽ നിന്ന് എനിക്കു പകർന്നു കിട്ടിക്കൊണ്ടിരിക്കുന്ന അത്യുദാരമായ, അനുപമമായ, അന്യൂനമായ, തൈലധാരാവച്ഛിന്നമായ അനുഗ്രഹപ്പൂന്തേനൊഴുക്ക് എന്റെ അവസാനശ്വാസം വരെയും ഛിന്നസംശയനായി നിന്നറിഞ്ഞ്, അനുഭവിച്ച്; അങ്ങനെ ത്രിപുടി മുടിഞ്ഞ്, ദൃശ്യജാലവും സ്വനവിശേഷങ്ങളുമെല്ലാം അടങ്ങിയൊടുങ്ങി, ഒരു പതിനായിരമാദിതേയരൊരുമിച്ചുദിക്കും പ്രകാശപൂരത്തിൽ മുഴുകി, അതു തന്നെയായിത്തീർന്ന് മഹാമൗന നിലയിൽ, മൃദുമൃദുവായമരാനുള്ള മഹാഭാഗ്യം എനിക്കുണ്ടാകണേ എന്നാണ് എന്റെ പ്രാർത്ഥന.
(മുനി നാരായണപ്രസാദ് ശതാഭിഷേക സ്മരണികയിൽ നിന്ന്)