
ഓരോ സിനിമയും മികവിലേക്കുള്ള ചുവടുവയ്പ്പാണ് കുഞ്ചാക്കോ ബോബന്. നടൻ ചെമ്പൻ വിനോദ് ജോസ് തിരക്കഥയെഴുതിയ പുതിയ ചിത്രമായ 'ഭീമന്റെ വഴി" യും വ്യത്യസ്തമല്ല. കഥാപാത്രങ്ങളെക്കുറിച്ച്, തീരുമാനങ്ങളെക്കുറിച്ച്, പുതിയ വിശേഷങ്ങളെക്കുറിച്ച് കുഞ്ചാക്കോ ബോബൻ സംസാരിക്കുന്നു.
ചെമ്പന്റെ കൈയിലുള്ള കഥകളെല്ലാം മണ്ണിന്റെ മണമുള്ള സാധാരണക്കാരന്റെ കഥകളാണല്ലോ?
ആദ്യം മറ്റൊരു കഥ പറയാനാണ് എന്റെയടുത്ത് വന്നത്. അത് പക്ഷേ വളരെ ഡാർക്ക് ആയിട്ടുള്ള ഒരു കഥയായിരുന്നു. മറ്റൊരു കഥ ആലോചിക്കാം എന്ന് പറഞ്ഞപ്പോഴാണ് ചെമ്പൻ, ഭീമന്റെ ഒരു ലൈൻ പറഞ്ഞത്. അതിലെ കഥാപാത്രങ്ങളുടെ പേരുകൾ തന്നെ എനിക്ക് വളരെ വ്യത്യസ്തമായി തോന്നി. കോസ്തേപ്പ്, ഡാർസ്യുസ്, ഗുലാൻ പോൾ, ബക്കിനിക്കണ്ണി രാജേന്ദ്രൻ അങ്ങനെ കേട്ട് പരിചയമില്ലാത്ത രസകരമായ പേരുകളും കുറച്ച് സംഭവങ്ങളും പറഞ്ഞിട്ട് ചെമ്പൻ പോയി. പിന്നീട് അത് ഡെവലപ്പ് ചെയ്യാൻ പറഞ്ഞതിൽ നിന്നാണ് 'ഭീമന്റെ വഴി" സംഭവിക്കുന്നത്.
പല നടീ നടന്മാരും സ്വന്തമായി പ്രൊജക്ട് ഡിസൈൻ ചെയ്യുന്നതായി കണ്ടിട്ടുണ്ട്. ചാക്കോച്ചൻ ഒരു പ്രൊജക്ട് ഉണ്ടാക്കാൻ ശ്രമിച്ചിട്ടില്ലേ?
ഞാൻ പരിശ്രമിച്ച് നേടിയതാണ് ഇപ്പോൾ കിട്ടുന്ന കഥാപാത്രങ്ങളെല്ലാം. എനിക്ക് ചെയ്യണം എന്നാഗ്രഹമുള്ള കഥകൾ എന്റെ ഭാവനയിൽ വരുന്നതാണ്. അതിനൊരു ലിമിറ്റ് ഉണ്ട്. അതിനപ്പുറമുള്ള ഭാവനയുമായാണ് ആൾക്കാർ എന്റെയടുത്ത് വന്ന് കഥ പറയുന്നത്. അപ്പൊ എനിക്കവരോട് അത് മാറ്റി ഞാൻ പറയുന്നത് പോലെ ചെയ്യൂ എന്ന് പറയണ്ട കാര്യമില്ല. അവർ ഏറ്റവും മികച്ചതുമായാണ് വരുന്നത്. അതിൽ ഞാൻ എക്സൈറ്റഡ് ആണ്.
ചാക്കോച്ചന് സംസാരത്തിൽ മാറ്റം വരുത്തി, ലുക്കിൽ മാറ്റം വരുത്തി സിനിമ ചെയ്യണം എന്ന് തോന്നിയിട്ടുണ്ടോ?
അതിനുള്ള ഉത്തരം പറയാം. ഞാനും എന്റെ അമ്മയും ഒരുമിച്ചാണ് 'നായാട്ട്" എന്ന സിനിമ കണ്ടത്. എന്നെ കാണിച്ച് പത്ത് സെക്കന്റ് കഴിഞ്ഞാണ് അത് ഞാനാണ് എന്ന് അമ്മക്ക് മനസിലായത്. അത് നീയാണോന്ന് അമ്മ എന്നോട് ചോദിച്ചു! അതാണ് ഈ ചോദ്യത്തിനുള്ള ഉത്തരം. അതിലെ വടം വലിയൊക്കെ യഥാർത്ഥ ടീമിന്റെ കൂടെ അവരുടെ മത്സരത്തിനിടയ്ക്കാണ് ഷൂട്ട് ചെയ്തത്. ആദ്യമൊക്കെ കയ്യിൽ തഴമ്പിനായി മേക്കപ്പ് ഇടേണ്ടി വന്നെങ്കിൽ അത് കഴിഞ്ഞപ്പോ ശരിക്കും തഴമ്പായി! ആ പാടൊക്കെ ഇപ്പഴും കയ്യിലുണ്ട്.
മൂന്ന് നായികമാരാണ് ഈ സിനിമയിൽ ഉള്ളത്. സ്ക്രിപ്റ്റ് വായിച്ചപ്പോൾ പ്രിയ എന്താണ് പറഞ്ഞത്. ചാക്കോച്ചന്റെ സിനിമയുടെ തിരക്കഥകൾ വായിക്കാറുണ്ടോ?
സ്ക്രിപ്റ്റ് വായിച്ചിരുന്നില്ല. 'അഞ്ചാം പാതിര" സിനിമ എന്താണെന്ന് പോലും പ്രിയക്ക് അറിയില്ലായിരുന്നു. സിനിമ കണ്ടപ്പോൾ പക്ഷേ ഞെട്ടി പോയി! അങ്ങനെയൊരു ത്രില്ലർ സിനിമ ആയതുകൊണ്ട് കഥ അറിയാതെ ചെയുമ്പോഴാണ് അതിന്റെ ഒരു എക്സ്പീരിയൻസ് മുഴുവനായി കിട്ടുകയുള്ളു. പ്രേക്ഷക എന്ന നിലയിൽ പ്രിയ അത് മിസ്സ് ചെയ്യരുത് എന്നൊരാഗ്രഹം എനിക്കുണ്ടായിരുന്നു. അതുകൊണ്ട് അഞ്ചാം പാതിരയുടെ കഥ ഞാൻ പറഞ്ഞിട്ടില്ലായിരുന്നു.
അരവിന്ദ് സ്വാമിയുടെ കൂടെയുള്ള എക്സ്പീരിയൻസ് എങ്ങനെ ഉണ്ടായിരുന്നു?
കാൽനൂറ്റാണ്ട് ശേഷം അദ്ദേഹം മലയാളത്തിൽ അഭിനയിക്കുന്നു, 25 വർഷമായി സിനിമയിൽ ഉള്ള ഞാൻ ആദ്യമായി തമിഴിൽ അഭിനയിക്കുന്നു അതാണ് ഏറ്റവും വലിയ പ്രത്യേകത. വലിയ ലേണിംഗ് എക്സ്പീരിയൻസ് തന്നെയായിരുന്നു. അദ്ദേഹം ഒരു വലിയ തിരിച്ചുവരവ് നടത്തി വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്യുന്നു. അടുത്തിറങ്ങിയ 'തലൈവി" സിനിമയിൽ എം.ജി.ആറായി ഞെട്ടിച്ചതൊക്കെ നമ്മൾ കണ്ടതാണ്. അദ്ദേഹത്തോടൊപ്പം സ്ക്രീൻ സ്പേസ് ഷെയർ ചെയ്യാൻ പറ്റിയത് വലിയ ഭാഗ്യമാണ്.
കാൽനൂറ്റാണ്ട് കാലത്തെ സിനിമ ജീവിതത്തിൽ ആദ്യമായിട്ടാവും ചാക്കോച്ചന്റെ മുഖത്ത് കോഴി കൂവുന്ന ശബ്ദം വരുന്നത്. മാറ്റത്തിന്റെ അലയൊലി കോഴിയിലൂടെ വന്നതാണോ?
ശരിക്കും ഞങ്ങളുടെ കുടുംബത്തിന്റെയും, ബാനറിന്റെയും സിംബൽ തന്നെ കോഴിയാണ് (ചിരിക്കുന്നു). അതിന്റെയൊരു ചെറിയ ലാഞ്ചന കൊണ്ടു വന്നതാണ്. ഭീമന്റെ വഴിയിൽ ഭീമൻ എന്ന ടൈറ്റിൽ റോൾ ആണ് ചെയ്തിരിക്കുന്നത്. ഭീമൻ ഒരു വിളിപേരാണ്. അയാൾ ആൾക്കാരെ വിളിക്കുന്നതും, അയാളെ ആൾക്കാൾ വിളിക്കുന്നതും ഭീമൻ എന്നാണ്. നമ്മൾ സഖാവെ എന്നൊക്കെ വിളിക്കുന്നത് പോലെ. ഭീമൻ ഒരു ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ ജോലി ചെയ്യുന്നയാളാണ്. ഇയാളുടെ വീട്ടിലേക്ക് വണ്ടി കയറാൻ വഴി ഉണ്ടാക്കേണ്ട സാഹചര്യം വരുമ്പോൾ അതിനുള്ള ശ്രമമാണ് സിനിമ. വഴി വേണ്ടവരും അതിനെ തടയുന്നവരും വഴി ആവശ്യമുണ്ടായിട്ടും അതിന് വേണ്ടി ഒന്നും ചെയ്യാത്തവരും ഒക്കെ കൂടുമ്പോൾ വരുന്ന പ്രശ്നങ്ങൾ ആണ് സിനിമയിൽ പറഞ്ഞിരിക്കുന്നത്. ഭീമൻ നേരായ വഴിയിൽ പോയിട്ട് കാര്യം നടക്കാത്തപ്പോൾ കുറച്ച് വളഞ്ഞ വഴി പോകാൻ തീരുമാനിക്കുന്നു. അതിനിടയിൽ ഇയാൾക്ക് ചില ചുറ്റിക്കളികൾ ഒക്കെയുണ്ട്.
കോഴിത്തരം കാണിക്കാൻ ചാക്കോച്ചന് വലിയ പാടുണ്ടായിരുന്നോ?
കോഴിത്തരം കാണിക്കൻ ചെമ്പനേം അഷ്റഫിനേം ഒക്കെ നോക്കിയാൽ മതി (ചിരിക്കുന്നു) തനിയെ വന്നോളും.അവരെ ചുമ്മാ നോക്കിയാൽ മതി കിട്ടിക്കോളും.
ജീവിതത്തിൽ എപ്പോഴെങ്കിലും വഴിത്തർക്കത്തിൽ ഇടപെടേണ്ടി വന്നിട്ടുണ്ടോ?
അങ്ങനെ വന്നിട്ടില്ല. ഈ സിനിമ ശരിക്കും ഒരു വഴി പ്രശ്നം മാത്രമല്ല, ഭീമന്റെ ജീവിതത്തിലെ ഓരോ വഴിയിലൂടെയും കടന്നുപോകുന്ന സിനിമയാണ്. അയാളുടെ കാഴ്ചപ്പാടുകൾ മാറ്റുന്ന സിനിമയാണ്. ഇതുവരെ ഞാൻ ചെയ്തിട്ടില്ലാത്ത കുറച്ച് പ്രത്യേകതകൾ ഉള്ള കാരക്ടർ ആണ് ഭീമൻ. ഭയങ്കര നല്ലവൻ, ഭയങ്കര മോശമായവൻ അങ്ങനെ അല്ലാതെ സാധാരണക്കാരന്റെ എല്ലാ സ്വഭാവങ്ങളും ഉള്ള ഒരാളാണ്.