sdpi

കൊച്ചി: സംസ്ഥാനത്തെ പോപ്പുലർ ഫ്രണ്ട്, എസ്.ഡി.പി.ഐ കേന്ദ്രങ്ങളിൽ റെയ്‌ഡ് നടത്തി എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേ‌റ്റ് അധികൃതർ. ഇടുക്കി, മൂവാ‌റ്റുപുഴ, മലപ്പുറം, കണ്ണൂർ എന്നിവിടങ്ങളിലെ കേന്ദ്രങ്ങളിലാണ് ഇ.ഡി റെയ്ഡ് നടത്തുന്നത്.കണ്ണൂരിൽ റെയ്ഡ് നടക്കുന്ന എസ്.ഡി.പി.ഐ പ്രവർത്തകൻ ഷഫീഖിന്റെ വീടിന് മുന്നിൽ പാർട്ടി പ്രവർത്തകർ വലിയ പ്രതിഷേധം നടത്തി. ഇവിടെ നിരവധി പ്രവർത്തകരാണ് എത്തിച്ചേർന്നിരിക്കുന്നത്. കള‌ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട കേസിലെ പരിശോധനയ്‌ക്കായാണ് ഉദ്യോഗസ്ഥർ എത്തിയതെന്നാണ് വിവരം.

മലപ്പുറത്ത് പരിശോധന നടന്ന എരമംഗലത്തും എസ്.ഡി.പി.ഐ പ്രവർത്തകർ പ്രതിഷേധിച്ചു. പോപ്പുലർ ഫ്രണ്ട് പെരുമ്പടപ്പ് ഡിവിഷൻ പ്രസിഡന്റ് റസാഖ് കു‌റ്റിക്കാടന്റെ വീട്ടിലായിരുന്നു റെയ്‌ഡ്. പലയിടത്തും പ്രവർത്തകരും പൊലീസുമായും ഇ.ഡി ഉദ്യോഗസ്ഥരുമായും തർക്കവും വാക്കേ‌റ്റവുമുണ്ടായി.

റെയ്ഡിന്റെ കാരണം ഇ.ഡി ഔദ്യോഗികമായി പുറത്തുവിട്ടില്ലെങ്കിലും ഡൽഹി കലാപങ്ങൾക്ക് പുറമെ പോപ്പുലർ ഫ്രണ്ട്, എസ്.ഡി.പി.ഐ സംസ്ഥാന നേതാക്കളുടെ വീടുകളിൽ നടത്തിയ റെയ്ഡിന്റെ തുടർച്ചയാണിതെന്നാണ് ചില സൂചനകൾ പുറത്തുവരുന്നത്. രാവിലെ 10.30ന് സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ ആരംഭിച്ച റെയ്‌ഡ് ഇപ്പോഴും തുടരുകയാണ്.