
നിശബ്ദമാം നോവുകൾ തുന്നിയ
ഇരുൾ പുതപ്പിൽ
മയങ്ങുന്ന നിശയിൽ
പതിയെ കൊട്ടാര വാതിലിൻ
സാക്ഷയിൽ വിരൽ തൊടുന്നു
നിൻ ബോധ ദാഹങ്ങൾ.....
ഉലകിലുടൽ നീറ്റി
പൊരുൾ തേടി നാളുകൾ
തപസ്സിലലിയുമ്പോൾ
ഗൗതമാ നിന്നുടൽപാതി
ശോക കടലിൽപിടയുന്നു.
ഒടുവിൽ ബുദ്ധനായ്
ആനന്ദ ജ്ഞാനിയായ്
ദു:ഖഹേതുവാ-
മാശയെ ബന്ധിച്ച്
കപിലവസ്തുവിൽ
നീയെഴുന്നെള്ളുമ്പോൾ
അഴലിലാശയിൽ
പ്രണയപാശത്തിൻ
കെട്ടിലപ്പോഴുംയശോദര കേഴുന്നു.
ബോധി വൃക്ഷത്തിൻവിത്തു മാത്രമായ്
രാഹുലനപ്പോഴുമച്ഛനെ തേടുന്നു.
നെഞ്ചിൽ പുത്രനെ
ചേർത്തുനിർത്തി
'ആശയെപ്പോഴും ശോക ഹേതുവെന്ന് "
കണ്ണീർ തുടച്ചവൾകവിതയെഴുതുന്നു.