
ന്യൂഡൽഹി : സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തും കുടുംബവും സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്നുവീണു എന്ന ഞെട്ടിക്കുന്ന ദുഖകരമായ വിവരത്തിലൂടെയാണ് നാം ഇപ്പോൾ കടന്ന് പോകുന്നത്. ഊട്ടിയ്ക്ക് സമീപം കൂനൂരിലാണ് അപകടമുണ്ടായത്. ഹെലികോപ്ടർ ലാന്റ് ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് അറിയുന്നത്. വ്യോമസേനയുടെ എംഐ17വി5 ഹെലികോപ്ടറാണ് തകർന്ന് വീണത്. കോയമ്പത്തൂരിലെ വെല്ലിംഗ്ടണിലേക്കുള്ള യാത്രാമദ്ധ്യേ സൂലൂർ എയർബേസിൽ നിന്നാണ് ഹെലികോപ്ടർ പറന്നുയർന്നത്. കൂനൂർ മലനിരകളിൽ ഹെലികോപ്ടർ തകർന്നു വീഴുമ്പോൾ 14 പേരായിരുന്നു ഉണ്ടായിരുന്നതെന്നാണ് വിവരം. സാരമായ പരിക്കുകളോടെ രക്ഷപ്പെടുത്തിയ മൂന്നുപേരെയും നീലഗിരി ജില്ലയിലെ വെല്ലിംഗ്ടൺ കന്റോൺമെന്റിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
എന്താണ് എംഐ17വി5 ഹെലികോപ്ടർ ?
ഇന്ത്യൻ വ്യോമസേന ഉപയോഗിക്കുന്ന ആധുനിക ഗതാഗത ഹെലികോപ്ടർ എംഐ17വി5. ജീവനക്കാരെയും ചരക്കിനെയും ഉപകരണങ്ങളെയും കൊണ്ടുപോകുന്നതിനാണ് ഈ ചോപ്പർ രൂപകൽപ്പന ചെയ്തിരിക്കുന്നത്. തന്ത്രപരമായ വ്യോമാക്രമണ സേനയെയും രഹസ്യാന്വേഷണ സംഘങ്ങളെയും രാജ്യത്തിന്റെ വിവിധ ഇടങ്ങളിലേക്ക് എത്തിക്കുന്നതിനും വ്യോമസേന എംഐ17വി5 ഹെലികോപ്ടർ ഉപയോഗിക്കുന്നുണ്ട്.
രാവും പകലും ഏത് ഭൂമിശാസ്ത്രപരവും കാലാവസ്ഥാ സാഹചര്യങ്ങളിലും പ്രവർത്തിക്കാൻ കഴിയുന്നതിനാൽ ഇന്ത്യയിൽ വി ഐ പികൾ ഉൾപ്പടെ ഈ ഹെലികോപ്ടർ ഉപയോഗിക്കുന്നുണ്ട്. പ്രധാനമന്ത്രിയുൾപ്പെടെയുള്ള എല്ലാ വിശിഷ്ട വ്യക്തികൾക്കും ഉപയോഗിക്കുന്ന വിശ്വസ്ത ചോപ്പറായി ഇതിനെ പരിഗണിക്കുകയും ചെയ്തിരുന്നു. ഇതിന് പുറമേ രാജ്യത്തുടനീളമുള്ള രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും, സൈനികരെ വിന്യസിക്കാനും ഇന്ത്യൻ വ്യോമസേന ഈ ഹെലികോപ്ടർ ഉപയോഗിക്കുന്നു. സുലൂർ എയർബേസിലാണ് പ്രധാനമായും ഈ ഹെലികോപ്ടറുകൾ പ്രവർത്തിപ്പിക്കുന്നത്.
റഷ്യൻ നിർമ്മിത എംഐ17വി5 ഹെലികോപ്ടറുകൾക്ക് മണിക്കൂറിൽ 250 കിലോമീറ്റർ വേഗതയിൽ 13,000 കിലോഗ്രാം ഭാരം വഹിച്ച് പറക്കാനാവും. ഹെലികോപ്ടറിന്റെ ഈ പ്രകടനവും, കരുത്തിലും വിശ്വസിച്ചാണ് ഇന്ത്യ എൺപതോളം എംഐ17 ഹെലികോപ്ടറുകൾ കുറച്ച് വർഷങ്ങൾക്ക് മുമ്പ് റഷ്യയിൽ നിന്നും വാങ്ങിയത്. 2018ലാണ് ഹെലികോപ്ടറിന്റെ അവസാന ബാച്ച് ഇന്ത്യയിൽ എത്തിച്ചത്. പുൽവാമ ഭീകരാക്രമണത്തെത്തുടർന്ന് 2019 ഫെബ്രുവരിയിൽ പാക്കിസ്ഥാനിലെ ബാലാകോട്ടിൽ ഇന്ത്യ വ്യോമാക്രമണം നടത്തിയതിന് തൊട്ടടുത്ത ദിവസം ജമ്മു കശ്മീരിൽ ഉണ്ടായ അപകടത്തിൽ തകർന്ന് വീണതും എംഐ17 ഹെലികോപ്ടറായിരുന്നു. പാക് വിമാനമെന്ന് തെറ്റിദ്ധരിച്ച് ഇന്ത്യൻ ഭാഗത്ത് നിന്നുമുള്ള ആക്രമണത്തിലാണ് അന്ന് എംഐ17വി5 തകർന്നത്. ഇതൊഴിച്ചാൽ എംഐ17വി5 വലിയ അപകടങ്ങളൊന്നും ഉണ്ടായിട്ടില്ല.
ഹിമാലയമടക്കമുള്ള മേഖലയിൽ ചരക്ക് നീക്കങ്ങൾക്ക് അടുത്തിടെ അമേരിക്കയിൽ നിന്നും ബോയിംഗ് നിർമ്മിച്ച ചിനൂക്ക് ഹെലികോപ്ടറുകളാണ് വ്യോമസേന ഇപ്പോൾ ഉപയോഗിക്കുന്നത്. ഉയരങ്ങളിലേക്ക് കനത്ത പേലോഡുകൾ എത്തിക്കാൻ ഇതിനുള്ള കഴിവാണ് കാരണം. ഇതിന് പുറമേ സി17 ഗ്ലോബ്മാസ്റ്റർ, ഐഎൽ76, ആൻ32 എന്നീ വിമാനങ്ങളും ഐഎഎഫിന്റെ ട്രാൻസ്പോർട്ട് ഫ്ളീറ്റിൽ ഉണ്ട്. എന്നിരുന്നാലും ഇവ സ്ഥിര ചിറകുള്ള വിമാനങ്ങളാണ്.