
ഊട്ടി: ഹെലികോപ്ടർ അപകടത്തിൽ സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന് ഗുരുതരമായി പരിക്കേറ്റു എന്നാണ് ഔദ്യോഗികമായി ലഭിക്കുന്ന വിവരം. ഇന്ന് ഉച്ചയോടെ ഊട്ടിയ്ക്ക് സമീപം കൂനൂരിലായിരുന്നു അപകടം നടന്നത്. വ്യോമസേനയുടെ എംഐ 17 ഹെലികോപ്ടറാണ് തകർന്നത്. പതിനാല് പേരായിരുന്നു ഹെലികോപ്ടറിലുണ്ടായിരുന്നത്. പതിനൊന്ന് പേർ മരിച്ചതായാണ് ഒടുവിൽ ലഭിക്കുന്ന വിവരം.
ബിപിൻ റാവത്തിനെ വെല്ലിംഗ്ടണിലെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയാണ്. കുനൂരിൽ നിന്ന് വെല്ലിംഗ്ടൺ കന്റോൺമെന്റിലേക്കുള്ള യാത്രാമദ്ധ്യേ കോയമ്പത്തൂരിനും സുലൂരിനും ഇടയിൽ കാട്ടേരി പാർക്കിൽ ലാൻഡിങ്ങിന് ശ്രമിക്കുമ്പോഴായിരുന്നു അപകടം. മോശം കാലാവസ്ഥയായിരുന്നു അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക വിലയിരുത്തൽ. എന്നാൽ അപകടത്തിൽ അട്ടിമറി സാദ്ധ്യതകളും ഉയരുന്നുണ്ട്. അതീവ സുരക്ഷ സംവിധാനങ്ങളുള്ള ഹെലികോപ്ടറിലാണ് ബിപിൻ റാവത്ത് സഞ്ചരിച്ചത്. അപകടത്തെ കുറിച്ച് വ്യോമസേന അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
ഇതാദ്യമായിട്ടല്ല ബിപിൻ റാവത്തിന് ഹെലികോപ്ടർ യാത്രയ്ക്കിടെ അപകടം സംഭവിക്കുന്നത്. ആറ് വർഷം മുൻപും ഹെലികോപ്ടർ തകർന്ന് അദ്ദേഹം മരണത്തെ മുഖാമുഖം കണ്ടിരുന്നു. 2015 ഫെബ്രുവരി മൂന്നിന് നാഗാലാൻഡിലെ ദിമാപൂരിൽ വച്ചാണ് ചീറ്റ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടത്. അന്ന് അദ്ദേഹം ലെഫ്റ്റനന്റ് ജനറലായിരുന്നു.