fg

ന്യൂഡൽഹി: രാജ്യത്തെ ദേശീയ വരുമാനത്തിന്റെ 22 ശതമാനവും രാജ്യത്തെ ഒരു ശതമാനം ആളുകളിലെന്ന് റിപ്പോർട്ട്. ആഗോള അസമത്വ റിപ്പോർട്ടിലാണ് കണ്ടെത്തൽ. ലോകത്ത് തന്നെ ഏറ്റവുമധികം സാമ്പത്തിക അസമത്വം നിലനിൽക്കുന്ന രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യയുള്ളത്. രാജ്യത്തെ സാമ്പത്തിക സ്ഥിതിയിൽ ഏറ്റവും പിന്നിലുള്ള ആളുകൾ സമ്പാദിക്കുന്നതിനേക്കാൾ 20 ശതമാനത്തോളം അധികമാണ് രാജ്യത്തെ സമ്പന്നരുടെ പക്കലുള്ളതെന്നും ആഗോള അസമത്വ റിപ്പോർട്ടിൽ പറയുന്നു.

മൊത്ത ദേശീയവരുമാനത്തിന്റെ അഞ്ചിലൊന്നും ഇന്ത്യയിലെ സമ്പന്നരിൽ ആദ്യ ഒരു ശതമാനത്തിന്റെ പ്രതിശീർഷ വരുമാനമാണെന്നും റിപ്പോർട്ട് വിശദമാക്കുന്നു. ഇടത്തരക്കാരും താരതമ്യേന ദരിദ്രരാണ്. ഇവരുടെ പക്കൽ 29.5 ശതമാനം സമ്പത്ത് മാത്രമാണുള്ളത്.

ആദ്യ പത്ത് ശതമാനത്തിന്റെ പക്കൽ 65 ശതമാനം ആസ്തിയും ആദ്യ ഒരു ശതമാനത്തിന്റെ പക്കൽ 33 ശതമാനം ആസ്തിയുമാണ് ഉള്ളത്. ഇന്ത്യാക്കാരുടെ ശരാശരി സമ്പത്ത് 4300 യൂറോയാണ്. ഇടത്തരക്കാരുടെ ശരാശരി സമ്പത്ത് 26400 യൂറോയാണ്, അല്ലെങ്കിൽ 7,23,930 രൂപ. എന്നാൽ, ആദ്യ പത്ത് ശതമാനത്തിന്റെ ശരാശരി സമ്പത്ത് 231300 യൂറോയാണ് അതായത്, 63,54,070 രൂപ.

ലിംഗ വ്യത്യാസത്തെ അടിസ്ഥാനമാക്കിയുള്ള അസമത്വത്തിലും ഇന്ത്യ മുന്നിലാണ്. ജോലി ചെയ്യുന്ന സ്ത്രീകളുടെ വരുമാനം വെറും 18 ശതമാനമാണ്. ഏഷ്യയിലെ ശരാശരി 21 ശതമാനമായിരിക്കുമ്പോഴാണ് ഇന്ത്യ ശരാശരിക്കും പിന്നിലായിട്ടുള്ളത്. ഇത്തരത്തിലുള്ള അസമത്വം 1980 മുതൽ വർദ്ധിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു.