
ന്യൂഡൽഹി: സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന്റെയും ഭാര്യ മധുലിക റാവത്തിന്റെയും നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ജനറൽ ബിപിൻ റാവത്തിന്റയും ഭാര്യയുടേയും അകാല നിര്യാണവാർത്ത ഞെട്ടലും വേദനയും ഉളവാക്കുന്നതാണെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് അറിയിച്ചു. രാജ്യത്തിന് ധീരനായ ഒരു മകനെ നഷ്ടമായെന്നും നാല് പതിറ്റാണ്ട്കാലം നീണ്ടു നിന്ന അദ്ദേഹത്തിന്റെ രാഷ്ട്രസേവനം അങ്ങേയറ്റം ധീരതയും വീരത്വവും നിറഞ്ഞതായിരുന്നെന്നും രാഷ്ട്രപതി ട്വിറ്ററിൽ കുറിച്ചു.
അദ്ദേഹത്തിന്റെ ദുഖിതരായ കുടുംബാംഗങ്ങൾക്ക് അനുശോചനം അറിയിക്കുന്നെന്ന് കുറിച്ച രാഷ്ട്രപതി ഹെലികോപ്ടർ അപകടത്തിൽ മരണമടഞ്ഞ മറ്റ് സൈനിക ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങൾക്കും തന്റെ അനുശോചനം അറിയിച്ചു. രാജ്യത്തിനോടുള്ള ഉത്തരവാദിത്തം നിറവേറ്റുന്നതിനിടയിൽ മരണമടഞ്ഞ ധീരസൈനികരെ രാജ്യത്തെ മറ്റ് ജനങ്ങളോടൊപ്പം താനും പ്രണമിക്കുന്നെന്നും രാഷ്ട്രപതി ട്വിറ്ററിൽ കുറിച്ചു.
ഇന്ന് ഉച്ചയ്ക്ക് 12.20ഓടെയായിരുന്നു രാജ്യത്തെ നടുക്കിയ ദുരന്തം നടന്നത്. തമിഴ്നാട്ടിൽ ഒരു സെമിനാറിന് പങ്കെടുക്കാൻ പോകുന്നതിനിടയിലാണ് വ്യോമസേനയുടെ എംഐ 17 ഹെലികോപ്ടർ തകരുന്നത്. വ്യോമസേനയാണ് സൈനിക മേധാവിയുടെ മരണം സ്ഥിരീകരിച്ചത്. ഹെലികോപ്ടറിൽ ഉണ്ടായിരുന്ന പതിനാല് പേരിൽ പതിമൂന്ന് പേരും മരണമടഞ്ഞു. ഗ്രൂപ്പ് ക്യാപ്ടൻ വരുൺ സിംഗ് മാത്രമാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. എന്നാൽ അദ്ദേഹത്തിന്റെയും നില അതീവ ഗുരുതരമാണ്.