
കൊച്ചി: മോഡലുകളും സുഹൃത്തും മരിച്ച ദുരൂഹ കാറപകടക്കേസിലെ രണ്ടാം പ്രതി സൈജു എം. തങ്കച്ചൻ ലഹരി ഉപയോഗിക്കുമോയെന്ന് അറിയില്ലെന്ന് നമ്പർ 18 ഹോട്ടൽ ഉടമ റോയ് വയലാട്ട്. ഇന്നലെ കൊച്ചി മെട്രോ പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്തപ്പോഴാണ് അടുത്ത സുഹൃത്തിന്റെ ദുശ്ശീലങ്ങളെക്കുറിച്ച് അറിയില്ലെന്ന് പറഞ്ഞത്.
കേസിൽ മൂന്നാം പ്രതിയായ റോയ് ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ആശുപത്രി വിട്ട ശേഷം രാവിലെ 10നാണ് ഹാജരായത്. ഒരു മണിക്കൂറോളം ചോദ്യം ചെയ്ത റോയിയെ നമ്പർ 18 ഹോട്ടലിൽ എത്തിച്ച് തെളിവെടുത്തു. ഉച്ചയോടെ വിട്ടയച്ചു.
സൈജു നമ്പർ 18 ഹോട്ടലിലെ റൂമിൽ ലഹരി ഉപയോഗിച്ചോയെന്ന് അറിയില്ല. പാർട്ടിയിൽ ലഹരി ഉപയോഗിച്ചിട്ടില്ല. ഹാർഡ് ഡിസ്ക് ഒളിപ്പിച്ചത് എക്സൈസിനെ ഭയന്നാണ്, മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ടല്ലെന്ന മൊഴി ഇയാൾ ആവർത്തിച്ചു.
സൈജുവുമായി റോയിക്ക് അടുത്ത ബന്ധമാണുള്ളത്. നമ്പർ 18ൽ നടന്ന ഭൂരിഭാഗം ഡി.ജെ. പാർട്ടികളുടെയും സംഘാടകൻ ഇയാളായിരുന്നു.
മുടിയും നഖവും പരിശോധനയ്ക്ക്
സൈജുവിന്റെ മുടിയും നഖവും കേസിന് കരുത്താകുമെന്ന പ്രതീക്ഷയിൽ ക്രൈം ബ്രാഞ്ച്. അറസ്റ്റിലായതിനു തൊട്ടുപിന്നാലെയാണ് ലഹരി ഉപയോഗം സ്ഥിരീകരിക്കാൻ ഇയാളുടെ നഖവും മുടിയും ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചത്. ലഹരി മരുന്ന് ഉപയോഗിച്ചാൽ ആറ് മാസം വരെ മുടിയിലും നഖത്തിലും അതിന്റെ അംശമുണ്ടാവും.
കൂടുതൽ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുന്നതിന്റെ ഭാഗമായാണ് ഇൗ നടപടി. ലഹരിപാർട്ടിയിൽ പങ്കെടുത്ത 17 പേരുടെയും മുടിയും നഖവും പരിശോധിക്കാൻ അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്. അറസ്റ്റ് ചെയ്യുന്ന മുറയ്ക്ക് സാമ്പിളുകൾ ശേഖരിക്കും.