bipin-rawat

ന്യൂഡൽഹി: തമിഴ്നാട്ടിൽ ഹെലികോപ്ടർ അപകടത്തിൽ അന്തരിച്ച സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്തിന്റെയും ഭാര്യയുടേയും ഭൗതിക ശരീരങ്ങൾ നാളെ ന്യൂഡൽഹിയിൽ എത്തിക്കും. വാർ‌ത്താ ഏജൻസിയായ എ എൻ ഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഹെലികോപ്ടർ അപകടത്തിൽ മരണമടഞ്ഞ മറ്റ് 11 പേരുടെയും മൃതദേഹങ്ങൾ ഇതിനോടൊപ്പം ന്യൂഡൽഹിയിൽ എത്തിക്കും.

അതേസമയം ഇന്ത്യൻ സേനയിൽ ഒട്ടേറെ നവീകരണങ്ങൾക്ക് തുടക്കമിട്ട ദീർഘവീക്ഷണമുള്ള സൈനിക മേധാവിയായിരുന്നു ജനറൽ ബിപിൻ റാവത്തെന്ന് ഇന്ത്യൻ സൈന്യം പത്രകുറിപ്പിൽ വ്യക്തമാക്കി. ആധുനിക ആയുധങ്ങൾ ഇന്ത്യൻ സൈന്യത്തിന് പരിചയപ്പെടുത്തുന്നതിലും സേനയുടെ ആധുനികവത്കരണത്തിലും വലിയ പങ്ക് വഹിച്ച വ്യക്തിത്വമായിരുന്നു ജനറൽ ബിപിൻ റാവത്തെന്നും സൈന്യത്തിന്റെ പത്രകുറിപ്പിൽ വിശദമാക്കി.

ഇന്ന് ഉച്ചയ്ക്ക് 12.20ഓടെയായിരുന്നു രാജ്യത്തെ നടുക്കിയ ദുരന്തം നടന്നത്. തമിഴ്നാട്ടിൽ ഒരു സെമിനാറിന് പങ്കെടുക്കാൻ പോകുന്നതിനിടയിലാണ് വ്യോമസേനയുടെ എംഐ 17 ഹെലികോപ്ടർ തകരുന്നത്. വ്യോമസേനയാണ് സൈനിക മേധാവിയുടെ മരണം സ്ഥിരീകരിച്ചത്. ഹെലികോപ്ടറിൽ ഉണ്ടായിരുന്ന പതിനാല് പേരിൽ പതിമൂന്ന് പേരും മരണമടഞ്ഞു. ഗ്രൂപ്പ് ക്യാപ്ടൻ വരുൺ സിംഗ് മാത്രമാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. എന്നാൽ അദ്ദേഹത്തിന്റെയും നില അതീവ ഗുരുതരമായി തുടരുകയാണ്.

ബിപിൻ റാവത്തിനെ വെല്ലിംഗ്ടണിലെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അദ്ദേഹത്തിന്റെ നില അതീവ ഗുരുതരമായിരുന്നതിനാൽ തന്നെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. പൊലീസും സൈനികരും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്. അപകടത്തെ കുറിച്ച് വ്യോമസേന അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. കുനൂരിൽ നിന്ന് വെല്ലിംഗ്ടൺ കന്റോൺമെന്റിലേക്കുള്ള യാത്രാമദ്ധ്യേ കോയമ്പത്തൂരിനും സുലൂരിനും ഇടയിൽ കാട്ടേരി പാർക്കിൽ ലാൻഡിങ്ങിന് ശ്രമിക്കുമ്പോഴായിരുന്നു അപകടം. മോശം കാലാവസ്ഥയായിരുന്നു അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഉന്നതതല മെഡിക്കൽ സംഘവും സംഭവസ്ഥലത്ത് എത്തി.