madhulika-rawat

ന്യൂഡൽഹി: രാജ്യത്തിന് ഏറെ വേദന നൽകിയ ദിനമാണിന്ന്. സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തും ഭാര്യയും അദ്ദേഹത്തിന്റെ 11 സഹപ്രവർത്തകരും നഷ്‌ടപ്പെട്ട ദിനം. സിഡിഎസും സംഘവും സഞ്ചരിച്ച ഹെലികോപ്‌ടർ തകർന്ന വിവരം ഏറെ ഞെട്ടലോടെയാണ് രാജ്യം കേട്ടത്. പാക് ഭീകരർ നടത്തിയ ഉറി ആക്രമണത്തിന് ഇന്ത്യ നൽകിയ മിന്നൽ മറുപടിയുടെ (സർജിക്കൽ സ്ട്രൈക്ക്) സൂത്രധാരനായിരുന്നു ജനറൽ ബിപിൻ റാവത്ത്. ഭർത്താവ് അത്യുന്നത പദവിയിൽ ആയിരിക്കുമ്പോഴും സാമൂഹിക പ്രവർത്തനങ്ങളിൽ ഊന്നിയ ജീവിതമായിരുന്നു മധുലിക റാവത്തിന്റെത്.

മദ്ധ്യപ്രദേശിലെ സോഹഗ്‌പൂരിലെ രാജകുടുംബാംഗമാണ് മധുലിക. ആർമി വൈഫ്സ് വെൽഫെയർ അസോസിയേഷന്റെ പ്രസിഡന്റായിരുന്നു അവർ. സൈനികരുടെ ഭാര്യമാരുടെയും കുട്ടികളുടെയും ആശ്രിതരുടെയും ക്ഷേമത്തിനായായിരുന്നു മധുലികയുടെ പ്രവർത്തനം. ഇന്ത്യയിലെ ഏറ്റവും വലിയ എൻജിഒകളിൽ ഒന്നാണ് ഇത്.

സൈനികരുടെ ഭാര്യമാരെ ശാക്തീകരിക്കുന്നതിലും തയ്യൽ, ബാഗ് നിർമാണം തുടങ്ങിയ സ്വയം തൊഴിലുകൾക്കായി അവരെ പ്രോത്സാഹിപ്പിക്കുന്നതിലും തുടങ്ങി എല്ലാ ക്ഷേമകാര്യങ്ങളിലും മധുലിമ പ്രത്യേക ശ്രദ്ധ പുലർത്തിയിരുന്നു.ഡൽഹി സർവകലാശാലയിൽനിന്ന് മനഃശാസ്ത്രത്തിൽ ബിരുദം നേടിയ മധുലിക, ക്യാൻസർ ബാധിതരുടെ ക്ഷേമത്തിനായും പ്രവർത്തിച്ചിരുന്നു.

ഇന്ന് ഉച്ചയ്ക്ക് 12.20ഓടെയായിരുന്നു രാജ്യത്തെ നടുക്കിയ ദുരന്തം നടന്നത്. തമിഴ്നാട്ടിൽ ഒരു സെമിനാറിന് പങ്കെടുക്കാൻ പോകുന്നതിനിടയിലാണ് വ്യോമസേനയുടെ എംഐ 17 ഹെലികോപ്ടർ തകരുന്നത്. വ്യോമസേനയാണ് സൈനിക മേധാവിയുടെ മരണം സ്ഥിരീകരിച്ചത്. ഹെലികോപ്ടറിൽ ഉണ്ടായിരുന്ന പതിനാല് പേരിൽ പതിമൂന്ന് പേരും മരണമടഞ്ഞു. ഗ്രൂപ്പ് ക്യാപ്ടൻ വരുൺ സിംഗ് മാത്രമാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. എന്നാൽ അദ്ദേഹത്തിന്റെയും നില അതീവ ഗുരുതരമായി തുടരുകയാണ്.

ബിപിൻ റാവത്തിനെ വെല്ലിംഗ്ടണിലെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അദ്ദേഹത്തിന്റെ നില അതീവ ഗുരുതരമായിരുന്നതിനാൽ തന്നെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. പൊലീസും സൈനികരും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്. അപകടത്തെ കുറിച്ച് വ്യോമസേന അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. കുനൂരിൽ നിന്ന് വെല്ലിംഗ്ടൺ കന്റോൺമെന്റിലേക്കുള്ള യാത്രാമദ്ധ്യേ കോയമ്പത്തൂരിനും സുലൂരിനും ഇടയിൽ കാട്ടേരി പാർക്കിൽ ലാൻഡിങ്ങിന് ശ്രമിക്കുമ്പോഴായിരുന്നു അപകടം. മോശം കാലാവസ്ഥയായിരുന്നു അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഉന്നതതല മെഡിക്കൽ സംഘവും സംഭവസ്ഥലത്ത് എത്തി.