
പനാജി : ഈ വർഷത്തെ ജ്ഞാനപീഠ ജേതാവും കൊങ്കണി സാഹിത്യകാരനുമായ ദാമോദർ മൗസോയെ അഭിനന്ദിച്ച് ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള. മാജോർദയിലെ മൗസോയുടെ വസതിയിലെത്തിയാണ് പി.എസ്. ശ്രീധരൻ പിള്ള അഭിനന്ദനം അറിയിച്ചത്. തന്റെ ചില പുസ്കകങ്ങളും ശ്രീധരൻപിള്ള ദാമോദർ മൗസോയ്ക്ക് സമ്മാനിച്ചു.
2008ൽ രവീന്ദ്ര കേലേകാറിന് ശേഷം ജ്ഞാനപീഠം നേടുന്ന രണ്ടാമത്തെ കൊങ്കണി സാഹിത്യകാരനാണ് ദാമോദർ മൗസോ (77). ചെറുകഥാകൃത്ത്, നോവലിസ്റ്റ്, കോളമിസ്റ്റ്, തിരക്കഥാകൃത്ത്, സാമൂഹ്യപ്രവർത്തകൻ തുടങ്ങിയ നിലകളിൽ പ്രശസ്‌തനാണ്. കാർമേലിൻ എന്ന നോവലിന് 1983-ൽ കേന്ദ്രസാഹിത്യ അക്കാഡമി പുരസ്കാരവും സുനാമി സിമോൺ എന്ന നോവലിന് 2011ൽ വിമല വി. പൈ വിശ്വ കൊങ്കണി സാഹിത്യ പുരസ്കാരവും ലഭിച്ചു. 'തെരേ സാസ് മേം ആൻഡ് അദർ സ്റ്റോറീസ് ഫ്രം ഗോവ' എന്ന ചെറുകഥാ സമാഹാരം 2015-ൽ ഫ്രാങ്ക് ഒ'കൊനോർ അന്താരാഷ്ട്ര പുരസ്കാരത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ടു. സാഹിത്യകൃതികളിൽ ഗാഥോം, സാഗ്രന്ന, റുമാഡ് ഫൂൽ, ബുർഗിം മുജെലിം തിം, സപൻ മോഗി എന്നീ ചെറുകഥാ സമാഹാരങ്ങളും സൂദ് എന്ന നോവലും
കുട്ടികൾക്കായി രചിച്ച എക് ആഷിലോ ബബൂലോ, കാനി എക ഖോംസാച്ചി, ചിത്തരംഗി എന്നിവയും ശ്രദ്ധിക്കപ്പെട്ടു.