മരണമടഞ്ഞവരിൽ തൃശൂർ സ്വദേശി പ്രദീപും
മോശം കാലാവസ്ഥ വിനയായി
മരത്തിലിടിച്ചു തകർന്ന വിമാനം തീഗോളമായി
14 പേരിൽ രക്ഷപ്പെട്ടത് ഒരാൾ മാത്രം
അന്വേഷണം പ്രഖ്യാപിച്ച് വ്യോമസേന
കോയമ്പത്തൂർ: രാജ്യത്തെ നടുക്കി, തമിഴ്നാട്ടിലെ കൂനൂരിൽ ഇന്നലെയുണ്ടായ വ്യോമസേനാ ഹെലികോപ്റ്റർ അപകടത്തിൽ ഇന്ത്യയുടെ സംയുക്ത സേനാ മേധാവി, ജനറൽ ബിപിൻ റാവത്തും (63) ഭാര്യ മധുലിക റാവത്തും അന്തരിച്ചു. റാവത്തിന്റെ ഡിഫൻസ് അസിസ്റ്റന്റും വ്യോമസേനാ ഉദ്യോഗസ്ഥരും ഉൾപ്പെടെ കോപ്റ്ററിലുണ്ടായിരുന്ന 14 പേരിൽ 13 പേർക്കും ജീവൻ നഷ്ടമായി. മരണമടഞ്ഞവരിൽ തൃശൂർ സ്വദേശിയായ ജൂനിയർ വാറണ്ട് ഓഫീസർ പുത്തൂർ പൊന്നൂക്കര മൈമ്പിള്ളി ക്ഷേത്രത്തിനു സമീപം അറയ്ക്കൽ വീട്ടിൽ എ. പ്രദീപും (37)ഉൾപ്പെടുന്നു. പിതാവ്: രാധാക്യഷ്ണൻ , മാതാവ്: കുമാരി ഭാര്യ: ശ്രീലക്ഷ്മി, മക്കൾ: ദക്ഷിൺദേവ് , ദേവപ്രയാഗ.
കട്ടേരി ഫാമിനു സമീപം മലനിരകൾക്കു മുകളിൽ മരത്തിലിടിച്ചു തകർന്ന് കത്തിയമർന്ന കോപ്റ്ററിൽ നിന്ന് ഗുരുതരമായ പൊള്ളലുകളോടെ രക്ഷപ്പെട്ടത് ഒരേയൊരാൾ- ക്യാപ്റ്റൻ വരുൺ സിംഗ്. അതീവസുരക്ഷാ സങ്കേതികവിദ്യകളുള്ള എം.ഐ 17 വി 5 കോപ്റ്ററിനുണ്ടായ അപകടത്തിൽ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചു.
ഊട്ടിയിലെ വെല്ലിംഗ്ടൺ ഡിഫൻസ് സർവീസ് സ്റ്റാഫ് കോളേജിലെ സെമിനാറിൽ പങ്കെടുക്കാൻ രാവിലെ ഡൽഹിയിൽ നിന്ന് പ്രത്യേക വിമാനത്തിൽ കോയമ്പത്തൂരിലെ സുലൂർ വ്യോമസേനാ താവളത്തിലെത്തിയ റാവത്തും ഭാര്യയും ഉദ്യോഗസ്ഥ സംഘവും, അവിടെ നിന്ന് വെല്ലിംഗ്ടൺ കന്റോൺമെന്റിലേക്ക് കോപ്റ്ററിൽ പറക്കുന്നതിനിടെ, മോശം കാലാവസ്ഥ കാരണം തിരിച്ചുപറന്നെങ്കിലും ഉയരം കൂടിയ മലനിരകളുള്ള മേഖലയിൽ മരത്തിലിടിച്ച് തീപിടിക്കുകയായിരുന്നു. വെല്ലിംഗ്ടണിൽ ലാൻഡ് ചെയ്യാൻ അഞ്ചു മിനിട്ടേ വേണ്ടിയിരുന്നുള്ളൂ.
കോപ്റ്റർ താഴ്ന്നാണ് പറന്നിരുന്നതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. മരങ്ങൾക്കു മുകളിലേക്ക് കോപ്റ്റർ വീണതിനു പിന്നാലെ വൻ സ്ഫോടനമുണ്ടായി. തകർന്നുവീണ കോപ്റ്റർ നിമിഷങ്ങൾക്കകം തീഗോളമായി മാറിയതായി സംഭവസ്ഥലത്ത് ആദ്യമെത്തിയ സമീപവാസി കൃഷ്ണസ്വാമി പറഞ്ഞു. ഓടിയെത്തിയ പ്രദേശവാസികൾക്ക് തീ കാരണം അടുക്കാനായില്ല. വീടുകളിൽ നിന്ന് ബക്കറ്റുകളിൽ വെള്ളം കൊണ്ടുവന്ന് ഒഴിച്ചായിരുന്നു രക്ഷാശ്രമം. കോപ്റ്ററിന്റെ അവശിഷ്ടങ്ങൾക്കു മീതെ ഒന്നര മണിക്കൂറോളം തീജ്വാലകൾ ഉയർന്നുകാണാമായിരുന്നു. അതിനിടെ, കോപ്റ്ററിനുള്ളിൽ നിന്ന് ചിലർ പുറത്തേക്ക് തെറിച്ചുവീണു. കത്തിക്കരിഞ്ഞ നിലയിലായിരുന്നു തെറിച്ചുവീണ ശരീരങ്ങൾ.
അപകടം സ്ഥിരീകരിച്ച വ്യോമസേന, വൈകിട്ട് ആറുമണിയോടെയാണ് സംയുക്ത സേനാമേധാവി ജനറൽ റാവത്തിന്റെ മരണം പുറത്തുവിട്ടത്. ഇന്ത്യയുടെ ആദ്യത്തെ സംയുക്ത സേനാ മേധാവിയായ - ചീഫ് ഒഫ് ഡിഫൻസ് സ്റ്റാഫ് - ജനറൽ ബിപിൻ റാവത്ത് കേന്ദ്ര സർക്കാർ പുതുതായി രൂപം നൽകിയ സൈനിക കാര്യ വകുപ്പിന്റെ മേധാവിയും ആയിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ക്യാപ്റ്റൻ വരുൺ സിംഗിനെ വെല്ലിംഗ്ടണിലെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ജനറൽ റാവത്തിന്റെ പ്രതിരോധ ഉപദേഷ്ടാവ് ബ്രിഗേഡിയർ എൽ.എസ്. ലിദ്ദർ, സെക്യൂരിറ്റി ഒാഫീസർ ലഫ്. കേണൽ ഹർജിന്ദർ സിംഗ്, നായിക് ഗുർസേവക് സിംഗ്, നായിക് ജിതേന്ദ്ര കുമാർ, ലാൻസ് നായിക് വിവേക് കുമാർ, ലാൻസ് നായിക് ബി. സായ് തേജ, ഹവിൽദാർ സത്പാൽ എന്നിവരാണ് ഡൽഹിയിൽ നിന്നുള്ള സംഘത്തിലുണ്ടായിരുന്നത്. എ. പ്രദീപ് ഉൾപ്പെടെ അഞ്ചു പേർ സുലൂരിൽ നിന്നാണ് കോപ്റ്ററിൽ കയറിയത്.
രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് എന്നിവർ ഉൾപ്പെടെ അഗാധ ദു:ഖം രേഖപ്പെടുത്തി. അപകടത്തിന്റെ വിശദവിവരങ്ങൾ രാജ്നാഥ് സിംഗ് പ്രധാനമന്ത്രിയെ ധരിപ്പിച്ചു. അപകടം സംബന്ധിച്ച് രാജ്നാഥ് സിംഗ് ഇന്ന് പാർലമെന്റിൽ വിശദീകരിക്കും. റാവത്തിന്റെ വീട്ടിലെത്തിയ രാജ്നാഥ് സിംഗ് മക്കളായ കൃതികയെയും തരിണിയെയും ആശ്വസിപ്പിച്ചു.
ജനറൽ റാവത്തിന്റെ സംസ്കാരം നാളെ
ന്യൂഡൽഹി: ബിപിൻ റാവത്തിന്റെയും പത്നി മധുലികറാവത്തിന്റെയും ഭൗതിക ശരീരം ഇന്ന് വൈകിട്ട് സേനാ വിമാനത്തിൽ ഡൽഹിയിലെത്തിക്കും. നാളെ രാവിലെ 11 മുതൽ ഉച്ചയ്ക്ക് 2വരെ ജനറൽ റാവത്തിന്റെ കാമരാജ് മാർഗിലെ ഔദ്യോഗിക വസതിയിൽ പൊതുദർശനത്തിനു വയ്ക്കും. തുടർന്ന് കന്റോൺമെന്റിലെ ബ്രാർ സ്ക്വയർ ക്രീമെറ്റോറിയത്തിൽ സംസ്കരിക്കും.
ദുരന്തത്തിലേക്ക് യാത്ര
ഡൽഹിയിൽ നിന്ന് പ്രത്യേക വിമാനത്തിൽ രാവിലെ 9ന് റാവത്തും സംഘവും സുലൂരിൽ
സുലൂരിൽ എത്തിയത് അഞ്ച് കോപ്റ്റർ ജീവനക്കാർ ഉൾപ്പെടെ ഒൻപത് പേർ
സുലൂരിൽ അഞ്ച് പേർ കൂടി സംഘത്തിന്റെ ഭാഗമായി
11.47 ന് പതിന്നാലംഗ സംഘം വെല്ലിംഗ്ടണിലേക്ക്
ഉച്ചയ്ക്ക് 12.20ന് കോപ്റ്റർ തകർന്നുവീണ് തീഗോളമായി
സുലൂരിൽ നിന്ന് 94 കിലോമീറ്റർ അകലെ നഞ്ചപ്പ ഛത്രം എന്ന് സ്ഥലത്താണ് അപകടം
കോപ്റ്റർ ഇറങ്ങേണ്ട വെല്ലിംഗ്ടണിലേക്ക് അവിടെ നിന്ന് 16 കിലോമീറ്റർ മാത്രം