
ന്യൂഡൽഹി: കുനൂരിൽ ഹെലികോപ്ടർ അപകടത്തിൽ മരിച്ച സംയുക്ത സേന മേധാവി ജനറൽ ബിപിൻ റാവത്തിന്റെയും ഭാര്യയുടെയും ഉൾപ്പടെയുള്ളവരുടെ മൃതദേഹം ഇന്ന് ഡൽഹിയിലെത്തിക്കും. രാവിലെ എട്ട് മണിയോടെ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ വെല്ലിംഗ്ടണിലെ ആശുപത്രിയിലെത്തി അന്തിമോപചാരം അർപ്പിക്കും.
തുടർന്ന് പതിമൂന്ന് വാഹനങ്ങളിലായി മൃതദേഹങ്ങൾ കോയമ്പത്തൂരിലേക്ക് കൊണ്ടുപോകും. അവിടെ നിന്ന് വിമാനമാർഗം ഡൽഹിയിലെത്തിക്കും. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ക്യാപ്റ്റൻ വരുൺ സിംഗിനെ കോയമ്പത്തൂരിലെ ആശുപത്രിയിലേക്ക് മാറ്റിയതായി റിപ്പോർട്ടുകളുണ്ട്.
അപകടം സംബന്ധിച്ച് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് രാവിലെ 11.15 ന് ലോക്സഭയിൽ പ്രസ്താവന നടത്തും. അന്വേഷണം നടക്കുന്നതിനാൽ അപകട കാരണങ്ങളിലേക്ക് കടക്കില്ല. അന്വേഷണ ഉദ്യോഗസ്ഥർ അപകടം നടന്ന സ്ഥലത്തെത്തിയിട്ടുണ്ട്. വിംഗ് കമാന്റർ ഭരദ്വാജിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്.
ജനറൽ റാവത്തിന്റെ സംസ്കാരം നാളെ
ബിപിൻ റാവത്തിന്റെയും ഭാര്യ മധുലിക റാവത്തിന്റെയും ഭൗതിക ശരീരം നാളെ രാവിലെ പതിനൊന്ന് മുതൽ ഉച്ചയ്ക്ക് രണ്ട് വരെ ജനറൽ റാവത്തിന്റെ കാമരാജ് മാർഗിലെ ഔദ്യോഗിക വസതിയിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് കന്റോൺമെന്റിലെ ബ്രാർ സ്ക്വയർ ക്രീമെറ്റോറിയത്തിൽ സംസ്കരിക്കും. റാവത്തിന്റെ സ്വദേശമായ ഉത്തരാഖണ്ഡിൽ മൂന്ന് ദിവസത്തെ ഔദ്യോഗിക ദു:ഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.
അനുശോചിച്ച് ലോകരാജ്യങ്ങൾ
ജനറല്‍ ബിപിന്‍ റാവത്തിന്റെ നിര്യാണത്തില്‍ അനുശോചിച്ച് ലോകരാജ്യങ്ങള്‍. ദുരന്തത്തിൽ അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങൾ നടുക്കം രേഖപ്പെടുത്തി. ഇന്ത്യന്‍ ജനതയുടെ ദുഖത്തില്‍ പങ്കുചേരുന്നെന്ന് പെന്റഗണ്‍ പ്രസ് സെക്രട്ടറി ജോണ്‍ കിര്‍ബി പറഞ്ഞു.